കോഴിക്കോട്: കെഎസ്ഇബി തിരുവമ്പാടി സെക്ഷന്‍ ഓഫിസ് ആക്രമിച്ച വ്യക്തിയുടെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചത് ഇന്നു തന്നെ പുനഃസ്ഥാപിക്കുമെന്നു കെഎസ്ഇബി. ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് കെഎസ്ഇബി വൈദ്യുതി കണക്ഷന്‍ ഇന്ന് തന്നെ നല്‍കാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ ജനരോഷം കടുത്തിരുന്നു.

ജീവനക്കാരെയോ ഓഫിസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പു ലഭിച്ചാല്‍ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ മന്ത്രി കൃഷ്ണന്‍കുട്ടി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആക്രമണം നടത്തില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന നിര്‍ദേശം വന്നിരുന്നു. ഈ നിര്‍ദേശം അവര്‍ തള്ളുകയാണ് ഉണ്ടായത്. വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് താമരശേരി തഹസില്‍ദാരെ തിരുവമ്പാടിയിലേക്ക് അയക്കുകയാണ് ഉണ്ടായത്.

എന്നാല്‍ തഹസില്‍ദാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കാന്‍ കുടുംബം തയാറായിരുന്നില്ല. ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ സത്യവാങ്മൂലത്തല്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഒപ്പുവെക്കാന്‍ ആ കുടുംബം തയ്യാറാകാതിരുന്നത്. കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയുള്ള പ്രസ്താവനയില്‍, ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന്‍ ഇന്നുതന്നെ നല്‍കാന്‍ തയാറാണെന്നു ചെയര്‍മാന്‍ വ്യക്തമാക്കി.

ആക്രമിച്ചയാളുടെ പിതാവിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതര്‍ക്കവും ഭീഷണിയും പതിവാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും ഇവരില്‍നിന്നു കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവമ്പാടി കെഎസ്ഇബി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ റാന്തല്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്നാരോപിച്ചു അജ്മലിന്റെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയുണ്ടായി. ഇന്നലെ രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ അജ്മലിന്റെ മാതാപിതാക്കള്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടയില്‍ കുഴഞ്ഞുവീണ വീണ പിതാവ് റസാക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കള്‍ വീടിന്റെ മുന്നിലിരുന്ന് പ്രതിഷേധിച്ചു. വൈദ്യുതി പുനസ്ഥാപിക്കും വരെ വീട്ടിലേക്ക് കയറില്ലെന്ന് മാതാവ് മറിയം പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്നാരോപിച്ചു അജ്മലിന്റെ മാതാവ് തിരുവമ്പാടി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ ഉയരുന്നത് വ്യാജ ആരോപനമാണെന്നും തന്നെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നും അജ്മല്‍ പറഞ്ഞു. എന്നാല്‍ അജ്മല്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും തങ്ങളെ ആക്രമിച്ചതിനാലാന്ന് നടപടി എടുത്തതിന്നാണ് ഉദ്യോഗസ്ഥരുടെ വാദം.