വാരാണസി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി സാധ്യമാക്കുന്നതിനായി പ്രവർത്തിച്ച നിർമ്മാണ തൊഴിലാളികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷണത്തിന് പിന്നാലെ അവരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്താണ് പ്രധാനമന്ത്രി മടങ്ങിയത്.

രാവിലെ വാരാണസിയിൽ എത്തിയ പ്രധാനമന്ത്രിയെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. കാല ഭൈരവ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി ദർശനം നടത്തി. ഇതിനുപിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിർക്കിയ ഘാട്ടിൽ എത്തിയ മോദി, ഡബിൾഡക്കർ ബോട്ടിൽ ലളിത ഘാട്ടിലേക്കു പോയി. ഇതിനുശേഷം ഗംഗയിൽ പുണ്യസ്നാനം ചെയ്തു. പുണ്യജലവുമായാണ് മോദി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയത്. യാത്രാമധ്യേ വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.

ഇന്ന് കാശി വിശ്വനാഥന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 'കാശി ധാം ഇടനാഴി പരിസരം ഒരു മഹത്തായ 'ഭവനം' മാത്രമല്ല, ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. പുരാതന കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നൽകുന്നുവെന്ന് ഇവിടെ നിങ്ങൾ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഗംഗാനദിയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുകയാണ് കാശി ധാം ഇടനാഴിയുടെ മുഖ്യ ഉദ്ദേശ്യം. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാർച്ചിൽ ശിലയിട്ട പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ഇതിനായി ശ്രീ കാശി വിശ്വനാഥ് സ്പെഷൽ ഡവലപ്മെന്റ് ബോർഡ് രൂപവൽക്കരിച്ചു. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്.