മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ പിറ്റേദിവസം തന്നെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്ത് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നിൽ ദുരൂഹത. എസ്.സി സംവരണ വാർഡിൽ വിജിത്തിനെ മത്സരിപ്പിച്ചത് ലീഗിൽ മെമ്പർഷിപ്പ് എടുപ്പിച്ചാണെന്ന് എൽ.ഡി.എഫ്. സ്ഥാനാർത്ഥി നിർണ്ണയയോഗത്തിൽ ലീഗുകാർ പരസ്പരം അടി കൂടുകയും ചെയ്തു.

തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാശ്രമത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എൽ. ഡി. എഫ് രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വാദവുമായി യു.ഡി.എഫും. ഇന്നാണ് വിജിത്ത് ആത്മഹത്യാശ്രമം നടത്തിയത്. നിലവിൽ കോഴിക്കോട് ചികിത്സയിലാണ്. വിജിത്തിന്റെ ആത്മഹത്യാ ശ്രമത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

നേരത്തെ കോൺഗ്രസുകാരനായ വിജിത്തിനെ താൽക്കാലികമായി ലീഗിൽ മെമ്പർഷിപ്പ് എടുപ്പിക്കുകയാണ് ചെയ്തത്. എസ് സി സംവരണ വാർഡായ പതിനൊന്നാം വാർഡിൽ വിജിത്തിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ടാവുകയും സ്ഥാനാർത്ഥി നിർണ്ണയയോഗത്തിൽ ലീഗുകാർ പരസ്പരം അടി കൂടുകയും ചെയ്തതാണ്.

തുടർന്ന് ഈ വാർഡിൽ തന്നെ മത്സരിച്ചു ജയിച്ച വിജിത്തിനെ പ്രസിഡന്റാക്കിയപ്പോൾ ലീഗിലെ ഇരു പക്ഷവും കോൺഗ്രസും വിജിത്തിനെ സമർദ്ദത്തിലാക്കി എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ വിജിത്തിന്റെ ആത്മഹത്യാ ശ്രമം സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

അതേ സമയം ടി വിജിത്തിന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് എൽ ഡി എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യു ഡി എഫ് തേഞ്ഞിപലം പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. തേഞ്ഞിപ്പലം പതിനൊന്നാം വാർഡിൽ എസ് സി ജനറൽ സംവരണ സീറ്റിൽ ഉയർന്ന ഭൂരിപക്ഷത്തിനാണ് ടി വിജിത്ത് വിജയിച്ചത്. മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ച അദ്ദേഹത്തെ വാർഡിൽ മൽസരിപ്പിക്കുന്നതിന് യാതൊരു വിധ എതിർപ്പുകളും ഉണ്ടായിട്ടില്ല. നാട്ടിൽ നല്ല ജനസമ്മതിയും അംഗീകാരവുമുള്ള അദ്ദേഹത്തിന് അതുകൊണ്ട് തന്നെയാണ് വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിക്കാനായത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് മുസ്ലിം ലീഗും കോൺഗ്രസും ഐക്യകണ്ഠേനെയാണ് അദ്ദേഹത്തെ തിരുമാനിച്ചത്.എന്നാൽ ഇടതുപക്ഷം തേഞ്ഞിപ്പലത്ത് ഈ തെരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിട്ടതുകൊണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ച സ്ഥാനാർത്ഥികളെല്ലാം അവരുടെ കുത്തക വാർഡുകളിൽ പരാജയപ്പെടുകയുമാണുണ്ടായത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് എസ് സി വിഭാഗത്തിൽ നിന്നും മൽസരിപ്പിക്കുവാൻ ആളില്ലാതായതിൽ നിന്നും ഉണ്ടായ അവരുടെ രാഷ്ടീയപരമായ പരാജയം മറച്ചുവെക്കുന്നതിനുള്ള എൽ ഡി എഫിന്റെ ഹീനമായ രാഷ്ട്രീയ കുതന്ത്രത്തിൽ നിന്നുമാണ് ഇത്തരം ആരോ പണങ്ങൾ ഉന്നയിക്കുന്നതെന്നും ഐക്യമുന്നണി നേതാക്കൾ അറിയിച്ചു.