അഹമ്മദാബാദ്: അയോധ്യയിലെ പോലെ ഗുജറാത്തിലും നരേന്ദ്ര മോദിയെയും മറ്റു ബിജെപി നേതാക്കളെയും തങ്ങള്‍ ഒരുമിച്ച് തോല്‍പ്പിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അഹമ്മദാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അയോധ്യയില്‍ ബിജെപി തോല്‍ക്കാനുള്ള കാരണങ്ങളും രാഹുല്‍ നിരത്തി. 'അയോധ്യയിലെ ജനങ്ങള്‍ക്ക് വിമാനത്താവളം നിര്‍മ്മിച്ചപ്പോള്‍ ഭൂമി നഷ്ടപ്പെട്ടു. പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് തങ്ങളെ ആരും ക്ഷണിക്കാത്തിതില്‍ അവര്‍ അസന്തുഷ്ടരായിരുന്നു. അയോധ്യ കേന്ദ്രമാക്കി എല്‍ കെ അദ്വാനി തുടങ്ങി വച്ച രാമജന്മഭൂമി പ്രസ്ഥാനത്തെ അയോധ്യയില്‍ ഇന്ത്യ സഖ്യം പരാജയപ്പെടുത്തി.'

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയോധ്യയില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും ഉപദേഷ്ടാക്കള്‍ വിലക്കി. അവിടെ മത്സരിച്ചാല്‍ മോദി തോല്‍ക്കുമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

' രാമക്ഷേത്ര നിര്‍മ്മാണത്തിന് അയോധ്യവാസികളില്‍ നിന്ന് ധാരാളം ഭൂമി ഏറ്റെടുത്തിരുന്നു. മോദി സര്‍ക്കാര്‍ വേണ്ട രീതിയില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. രണ്ടാമതായി കര്‍ഷകരുടെ ഭൂമിയില്‍ വിമാനത്താവളം പണിതിട്ടും വേണ്ട രീതിയില്‍ നഷ്ടപരിഹാരം നല്‍കിയില്ല. മൂന്നാമതായി പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ അയോധ്യനിവാസികളെ ആരും ക്ഷണിച്ചില്ല. ഇക്കാരണം കൊണ്ടാണ് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ഇന്ത്യ സഖ്യം വിജയിച്ചത്. അയോധ്യയിലെ ചടങ്ങില്‍ അദാനിയെയും അംബാനിയെയും കണ്ടു. എന്നാല്‍ ഒരു പാവപ്പെട്ടവനെ പോലും കാണാന്‍ കഴിഞ്ഞില്ല', രാഹുല്‍ പറഞ്ഞു.

'നമ്മുടെ ഓഫീസ് അവര്‍ തകര്‍ത്തത് പോലെ ഗുജറാത്തിലെ സര്‍ക്കാരിനെ നമ്മല്‍ തകര്‍ക്കാന്‍ പോകുകയാണ്. പക്ഷേ ഗുജറാത്തിലെ കോണ്‍ഗ്രസില്‍ പോരായ്മകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ ശരിയായ രീതിയില്‍ കോണ്‍ഗ്ര്‌സ് മത്സരിച്ചില്ല. 2017 ല്‍ നമ്മള്‍ മൂന്നുമാസത്തോളം കഠിനാദ്ധ്വാനം ചെയ്തതിന് നല്ല ഫലം കിട്ടി. ഇനി നമ്മുടെ മുന്നില്‍ 3 വര്‍ഷമുണ്ട്. 30 വര്‍ഷത്തിന് ശേഷം നമ്മള്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്', രാഹുല്‍ പറഞ്ഞു.