തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരായ നിയമന കോഴക്കേസിൽ വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോർജ്ജിവന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് പണം നൽകിയെന്ന മൊഴി കള്ളമെന്ന് ഹരിദാസൻ കുറ്റസമ്മതം നടത്തി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ മൊഴി. ബാസിത്തിന്റെ നിർദ്ദേശപ്രകാരമാണ് അഖിൽ മാത്യുവിന്റെ പേരു പറഞ്ഞതെന്നാണ് ഹരിദാസൻ മൊഴി നൽകിയിരിക്കുന്നത്. അഖിൽ മാത്യുവിനെന്നല്ല, സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് ആർക്കും താൻ പണം നൽകിയിട്ടില്ലെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.

നിയമനക്കോഴവിവാദത്തിൽ ഏറ്റവും വലിയ വിവാദമായി ഉയർന്നു വന്ന പേരായിരുന്നു ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന്റേത്. ഒരു ലക്ഷം രൂപ അഖിൽ മാത്യുവിന് കൈമാറിയെന്നാണ് നേരത്തേ പരാതിയായും മൊഴിയായും ഹരിദാസൻ പറഞ്ഞിരുന്നത്. ബാസിത്, റഹീസ്, ലെനിൻ രാജ് എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് നിയമനത്തട്ടിപ്പ് എന്ന് നേരത്തേ പിടിയിലായ അഖിൽ സജീവ് പറഞ്ഞിരുന്നു.

ഇത് ശരിവയ്ക്കുന്നതാണ് ഹരിദാസന്റെ മൊഴിയും. സെക്രട്ടറിയേറ്റ് അനക്സ് 2ന്റെ പരിസരത്ത് വെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യത്തെ മൊഴി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസൻ നൽകുന്നതെന്ന് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും ഹരിദാസനെ കേസിൽ പ്രതി ചേർത്തേക്കുമെന്നും പൊലീസ് പറഞ്ഞു.

പണം നൽകിയ രീതി, വ്യക്തി, സമയം, സ്ഥലം എന്നീക്കാര്യങ്ങളെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ വളരെ വിശദമായി തന്നെ വിശദീകരിച്ചിട്ടുള്ള ആളാണ് ഹരിദാസ്. നിയമനക്കോഴ ആരോപണത്തിന് പിന്നാലെ ഹരിദാസൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മലപ്പുറത്തെ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്ന സമയത്തും ഇയാളുടെ മൊഴിയും പ്രവർത്തികളും സംശയത്തിന്റെ നിഴലിലാണ്. ചിത്രങ്ങൾ കാണിച്ച് അഖിൽ മാത്യുവിനെ തിരിച്ചറിഞ്ഞ ഹരിദാസൻ, പിന്നീട് കാഴ്ചക്ക് പ്രശ്‌നമുണ്ട് അത് അഖിൽ മാത്യുവാണോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു.

കേസിലെ മൂന്നാം പ്രതി റഹീസിന്റെ വാട്സ്ആപ്പ് ചാറ്റുകൾ ഇന്ന് രാവിലെ പുറത്തു വന്നിരുന്നു. ഇതിൽ അഖിലിനെ നമുക്കെടുക്കണം എന്ന സന്ദേശവും അഖിൽ മാത്യുവിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലുമുണ്ട്. അഖിൽ മാത്യുവിനെ കൃത്യമായി ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങൾ എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ എന്തിനാണിവർ ഇത്തരമൊരു കഥയുണ്ടാക്കിയത് എന്നതിൽ ഇനിയും വ്യക്തത വരുത്താനുണ്ട്.

ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അഖിൽ മാത്യുവിനോട് പ്രതികൾക്കുള്ള വൈരാഗ്യത്തിന്റെ കാരണത്തിനും ഉത്തരം കിട്ടണം. അതേസമയം ആരോഗ്യമന്ത്രിയുടെ പിഎയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ വലിയൊരു ഗൂഢാലോചന ഉണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത് വിശദമായ ചോദ്യം ചെയ്യൽ നാളെയും തുടരും. രഹസ്യ മൊഴിയെടുത്ത് ഇയാളെ പ്രധാന സാക്ഷിയാക്കാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം.