ഹാഥ്‌റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പ്രാര്‍ഥനാച്ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പരിപാടിക്ക് അനുമതി നല്‍കിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സിക്കന്ദ്ര റാവോ ജില്ലാ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം), സര്‍ക്കിള്‍ ഓഫിസര്‍, സബ് ഇന്‍സ്‌പെക്ടര്‍, തഹസില്‍ദാര്‍, കചോര, പോറ മേഖലകളുടെ സുരക്ഷാച്ചുമതലയുള്ള രണ്ട് പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

ഹാഥ്റസ് കൂട്ടമരണത്തിന് കാരണമായ ആള്‍ദൈവം ഭോലെ ബാബയുടെ പരിപാടി നിരുത്തരവാദിത്തപരമായിട്ടാണ് കൈകാര്യം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീഴ്ചവരുത്തിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട ഇതുവരെ ഒന്‍പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എസ്ഡിഎം പ്രാര്‍ഥനാച്ചടങ്ങ് നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയോ മേലധികാരികളെ വിവരമറിയിക്കുകയോ ചെയ്തില്ലലെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സംഘാടകരും പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥരും പൊലീസും ഒരുപോലെ വീഴ്ച വരുത്തി. പരിപാടിയെ ഗൗരവത്തോടെയല്ല ഇവര്‍ കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

എന്നാല്‍ 300 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബ എന്ന സുരാജ് പാലിന്റെ പേരില്ല. സുരാജ് പാലിന്റെ നേതൃത്വത്തിലുള്ള പ്രാര്‍ഥനാച്ചടങ്ങിനിടെയായിരുന്നു ദുരന്തമുണ്ടായത്.അനുവദിച്ചതിലും അധികം ആളുകളെത്തിയതാണ് ദുരന്തത്തിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ടു ലക്ഷത്തിലേറെപ്പേര്‍ പ്രാര്‍ഥനയ്‌ക്കെത്തി. 80,000 പേരെ പങ്കെടുപ്പിക്കാന്‍ മാത്രമാണ് ഭരണകൂടം അനുമതി നല്‍കിയിരുന്നത്.

പരിപാടി സംഘടിപ്പിച്ച മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സംഗമം സംഘാടക സമിതിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരിപാടി നടത്തുന്ന സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളെ പങ്കെടുപ്പിച്ച സംഘാടക സമിതി പ്രാര്‍ഥന നടക്കുന്നയിടം അധികൃതര്‍ സന്ദര്‍ശിക്കുന്നത് തടഞ്ഞു.

ഹാഥ്‌റസ് കലക്ടര്‍, പൊലീസ് സൂപ്രണ്ട് എന്നിവരുള്‍പ്പെടെ 132 പേരുടെ മൊഴിയാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ഭോലെ ബാബയുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇയാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളെക്കുറിച്ചും പറയുന്നുണ്ട്.

പരിപാടിയെക്കുറിച്ചോ പരിപാടി നടക്കുന്ന സ്ഥലത്തെക്കുറിച്ചോ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിച്ച പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍, തഹസില്‍ദാര്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ആറ് പേരെയാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.

സംഘാടകരും പ്രാദേശിക ഉദ്യോഗസ്ഥരും പോലീസും നിരുത്തരവാദിത്തപരമായാണ് പ്രവര്‍ത്തിച്ചത്. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു. പരിപാടിയെ അത്ര ഗൗരവമായിട്ടല്ല ഇവര്‍ സമീപിച്ചതെന്നു പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ പോലീസ് നിര്‍ദേശങ്ങളില്ലാതെ നിരുത്തരവാദിത്തപരമായി ജനങ്ങളെ എത്തിച്ച സംഘാടകര്‍ക്കാണ് പ്രധാന പങ്കെന്നും പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.