തിരുവനന്തപുരം: തലസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ: സെക്രട്ടറിയേറ്റിന് സമീപമുള്ള സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ അടക്കം 6 വനിതാ പൊലീസുകാരെ ഫോണിൽ വിളിച്ച് ലൈംഗികച്ചുവയോടെ അശ്ലീല സംഭാഷണം നടത്തിയ കേസിൽ ഏക പ്രതി പേരൂർക്കട സ്വദേശി ജോസിനെ തലസ്ഥാന മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടു. വിചാരണ കോടതിയായ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് വിധി പ്രസ്താവിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പ്രതിയെ വെറുതേവിട്ടത്.

കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ പറഞ്ഞു. കേസന്വേഷണത്തിൽ വീഴ്ച വരുത്തി നേരാംവണ്ണം അന്വേഷിക്കാതെയും തെളിവുകൾ ശേഖരിക്കാതെയും കുറ്റപത്രം സമർപ്പിച്ചതിന് വിധിന്യായത്തിൽ കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്നതും പ്രതിയെ കുറ്റപ്പെടുത്തുന്നതുമായ തെളിവുകൾ ഹാജരാക്കിയില്ല.

പ്രോസിക്യൂഷൻ കേസ് തന്നെ ദുർബലമാകുമ്പോൾ സംശയത്തിതിന്റെ ആനുകൂല്യത്തിന് പ്രതിക്കർഹതയുണ്ടെന്നും ശക്തമായ സംശയമുണ്ടെങ്കിൽ കൂടി തെളിവില്ലാതെ ക്രിമിനൽ കേസിൽ ഒരാളെ ശിക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയാണ് പ്രതിയെ വെറുതെ വിട്ടത്. പലപ്പോഴായി മുന്നൂറിലേറെ തവണ വിളിച്ച് ലൈംഗികച്ചുവയുള്ള അശ്ലീല സംഭാഷണം നടത്തി വനിതാ പൊലീസുകാർക്ക് മനോവേദനയും മാനഹാനിയും അറപ്പും വെറുപ്പും ഉളവാക്കി എന്നതാണ് കേസ്.

അതേ സമയം കേസിന്റെ അന്തിമവാദ വേളയിൽ പൊലീസ് കോടതിയിൽ തൊണ്ടിയായി ഹാജരാക്കിയ ഫോൺ തന്റേതല്ലെന്ന് അന്തിമ വാദ വേളയിൽ തലസ്ഥാന മജിസ്‌ട്രേട്ട് കോടതിയിൽ പ്രതി ജോസ് വാദിച്ചിരുന്നു. ഫോൺ തന്റേതാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും പൊലീസ് ഹാജരാക്കിയിട്ടില്ല. സീഷ്വർ ( ഫോൺ പിടിച്ചെടുത്ത് ) മഹസർ തയ്യാറാക്കിയ സാക്ഷിയെ കോടതിയിൽ പ്രോസിക്യൂഷൻ വിസ്തരിച്ചിട്ടില്ല.

വനിതാ എസ് ഐ അടക്കം 6 വനിത പൊലീസുകാർ പരാതിക്കാരായിട്ടും താൻ പറഞ്ഞതായി ആരോപിക്കുന്ന ലൈംഗികച്ചുവയുള്ള അശ്ലീല വാക്കുകൾ കുറ്റപത്രത്തിലോ പൊലീസുകാർ കോടതിയിൽ നൽകിയ മൊഴിയിലോ ഇല്ല. ( ഇക്കാര്യം പ്രോസിക്യൂഷനും കോടതിയിൽ സമ്മതിച്ചു ). പരാതിക്കാരിയായ എസ് ഐ തന്നെ കേസന്വേഷിച്ചതിലുള്ള സാംഗത്യത്തെയും പ്രതി കോടതിയിൽ ചോദ്യം ചെയ്തു. സി ഡി ആർ (കാൾ ഡീറ്റെയ്ൽസ് റെക്കോർഡ് എടുത്ത സൈബർ സെൽ ഉദ്യോഗസ്ഥനെ സാക്ഷിയായി വിസ്തരിച്ചിട്ടില്ല.

തൽസമയം ഫോൺ ആരിൽ നിന്നാണ് പിടിച്ചെടുത്തതെന്ന് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ പ്രതിയോട് ചോദിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പ്രതി ബോധിപ്പിച്ചു. താൻ മുമ്പ് ഇത്തരം കേസിൽ പ്രതിയായതിനാൽ തന്നെ ഈ കേസിലും കളവായി പൊലീസ് ഉൾപ്പെടുത്തിയതാണെന്നും താൻ നിരപരാധിയാണെന്നും ബോധിപ്പിച്ചു.

1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 ഡി (1) ( ശശ) , 2010 ലെ കേരള പൊലീസ് ആക്റ്റിലെ 120 ( ഒ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതിക്ക് മേൽ ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്തത്. അതേ സമയം എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 2019 ൽ നടന്ന ഇതേ സ്വഭാവമുള്ള സമാന കേസിൽ ഈ മാസം ഓഗസ്റ്റ് 1 ന് ജോസിന് 4 വർഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണമെന്നുംനും വിധിന്യായത്തിൽ കൽപ്പിച്ചു. 2019 ജൂലൈ മാസമാണ് എറണാകുളം കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കൊച്ചി സിറ്റിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ കേസിലാണ് പ്രതിക്ക് എറണാകുളം കോടതി ശിക്ഷ വിധിച്ചത്. എറണാകുളം ടൗൺ നോർത്ത് വനിത പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചാണ് പ്രതി വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയത്.

2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് ലൈഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവദിവസം തുടർച്ചയായി 300ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ കേസ്സ് രജിസ്റ്റർ ചെയ്ത നോർത്ത് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു.

എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്‌പെക്ടർ ആയിരുന്ന അനസ് വിബിയുടെ നേതൃത്വത്തിൽ പ്രതിയുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി എറണാകുളം കോടതിൽ സമർപ്പിച്ചത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പ്രതി കുറ്റക്കാരനാണ് എന്ന് എറണാകുളം കോടതി കണ്ടെത്തിയത്.