നാദാപുരം: ഭർത്താവുമായി പിണങ്ങി മകളുമായി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വളയം സ്വദേശിനിയായ യുവതിയാണ് പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് മുമ്പ് വിഷം കഴിച്ചത്. ചൊവ്വാഴ്‌ച്ച രാവിലെയാണ് യുവതിയും മകളും ഭർതൃ വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിൽ തിരികെ എത്താതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

യുവതിയെ കാണാതായ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയുടെ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ കോഴിക്കോട് ടൗണിൽ കണ്ടെത്തിയതോടെ ടൗൺ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ യുവതി മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ബുധനാഴ്‌ച്ച വൈകുന്നേരം യുവതി മകൾക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തി.

സ്ഥലത്തെത്തിയ യുവതിയുടെ മാതാവിനോട് അമ്മ വിഷം കഴിച്ചതായി മകൾ വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ യുവതിയെ പൊലീസ് സ്റ്റേഷന് സമീപത്തെ ഗവ. ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചെടികൾക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണ് യുവതി കഴിച്ചതത്രേ. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. വളയം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.