കോട്ടയം: ഉണ്ണിമുകുന്ദൻ നായകനാകുന്ന മാളികപ്പുറം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ പൂജ കർമ്മം എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിച്ചു. ഒരു മാളികപ്പുറത്തിന്റെ മനസിലൂടെ പ്രത്യക്ഷപ്പെടുന്ന വില്ലാളിവീരനായ അയ്യപ്പനെ കുറിച്ചുള്ള കഥപറയുന്നതാണ് മാളികപ്പുറം എന്ന സിനിമ. തന്റെ ജീവിതത്തിലെ ഒരു നിയോഗമാണ് ഈ സിനിമയെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. തന്റെ ജീവിതത്തിൽ അയ്യപ്പസ്വാമി വരുത്തിയ മാറ്റങ്ങളെ കുറിച്ച്് ഈ സിനിമ അനൗൺസ് ചെയ്യുമ്പോൾ ഉണ്ണി മുകുന്ദൻ പ്രതിപാതിച്ചിരുന്നു. പ്രധാനമായും ശബരിമല, എരുമേലി മേഖലകളിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് പൂജ നടന്നത്. നിരവധിചലച്ചിത്ര താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ബാലതാരം ദേവനന്ദയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ആലുവ സ്വദേശിനിയായ ദേവനന്ദ ഇതിനോടകം നിരവധിചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ മാളികപ്പുറമായി ദേവനന്ദ വേഷമിടുന്നു. നവാഗത സംവിധായകനായ വിഷ്ണു ശശി ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിലാഷ് പിള്ള രചന നിർവഹിച്ചിരിക്കുന്നു. ഇന്ദ്രൻസ്, മനോജ് കെ. ജയൻ, രമേശ് പിഷാരടി തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്.

ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേർന്നാണ് നിർമ്മാണം. ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടി, കൃഷ്ണപ്രസാദ്, നിർമ്മാതാക്കളായ പ്രിയ വേണു, നീറ്റ പിന്റോ, ആർ. എസ്. എസ്. കേരള പ്രാന്തപ്രചാരക് എസ്. സുദർശനൻ, രാഹുൽ ഈശ്വർ, എരുമേലി നൈനാർ മസ്ജിദ് സെക്രട്ടറി സി. എ. എം. കരീം, സന്ദീപ് വാര്യർ, സി. ജി. രാജഗോപാൽ, നിർമ്മാതാവ് എൻ. എം. ബാദുഷ, തുടങ്ങിയവർ പങ്കെടുത്തു.