തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ തള്ളി മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. ഡിസിസി അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാനായി താൻ പട്ടിക നൽകിയിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രാഥമിക ചർച്ചകളിൽ ചില പേരുകൾ പറഞ്ഞിരുന്നു. ആ ചർച്ചകൾ അപൂർണമായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. താനുമായുള്ള ചർച്ചയ്ക്കു തെളിവായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയത് തെറ്റായ നടപടിയായാണ് കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

താനുമായി ചർച്ച നടത്തിയില്ലെന്നു പറഞ്ഞിട്ടില്ല. ചർച്ചകൾ അപൂർണമായിരുന്നു എന്നാണ് പറഞ്ഞത്. പ്രാഥമിക ചർച്ചയിൽ ചില പേരുകൾ ഉയർന്നുവന്നു. ഈ പേരുകൾ സുധാകരൻ കുറിച്ചെടുക്കുകയും ചെയ്തു. അല്ലാതെ താൻ പട്ടിക നൽകിയിട്ടില്ല. ചർച്ച നടത്തി എന്നു സ്ഥാപിക്കാൻ ഡയറി ഉയർത്തിക്കാണിച്ചത് ശരിയോ എന്നത് ഓരോരുത്തരുടെയും സമീപനത്തെ ആശ്രയിച്ചിരിക്കുമെന്ന്, ചോദ്യത്തിനു മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു. ചിലർക്ക് അതു ശരിയായിരിക്കും. തന്നെ സംബന്ധിച്ചിടത്തോളും ്അതു തെറ്റായ നടപടിയാണ്.

പിന്നീടു കാണാം എന്നു പറഞ്ഞാണ് ചർച്ച പിരിഞ്ഞത്. അതിനു ശേഷം ചർച്ചയൊന്നുമുണ്ടായില്ല. താനും രമേശ് ചെന്നിത്തലയും നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ മൂന്നോ നാലോ പുനഃസംഘടന നടന്നിട്ടുണ്ട്. ഇതുപോലൊരു സാഹചര്യം അന്നൊന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ച് ഹൈക്കമാൻഡ് പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പരസ്യമായി പ്രതികരിച്ച് ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരുന്നു. അധ്യക്ഷന്മാരെ തീരുമാനിച്ച കാര്യത്തിൽ ഫലപ്രദമായ ചർച്ചകൾ നടന്നിട്ടില്ലെന്നും, നടന്നിരുന്നെങ്കിൽ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്നുമാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.

എന്നാൽ ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് തവണ ചർച്ചകൾ നടത്തിയെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. ഉമ്മൻ ചാണ്ടിയുമായി രണ്ട് വട്ടം ചർച്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉമ്മൻ ചാണ്ടി നിർദേശിച്ച പേരുകളെഴുതിയ ഡയറിയും വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സമാനമായ പ്രതികരണമാണ് നടത്തിയത്. ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനു പിന്നാലെ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തിയ പരസ്യ പ്രതിഷേധം സംസ്ഥാന കോൺഗ്രസിനെ സ്‌ഫോടനാത്മക സ്ഥിതിവിശേഷത്തിലെത്തിച്ചിരിക്കുകയാണ്.

ഹൈക്കമാൻഡ് പ്രഖ്യാപിച്ച പട്ടിക തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടി നടത്തിയ പരസ്യ പ്രതികരണം നേതൃത്വത്വത്തിനെതിരായ വെല്ലുവിളിയായി. എന്നാൽ, പ്രതിഷേധങ്ങളെ അവഗണിച്ച് കെപിസിസി പുനഃസംഘടനാ ചർച്ചകളിലേക്ക് കടക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് മുതൽ അതിനുള്ള ചർച്ചകൾ ആരംഭിച്ചേക്കും. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയിലും ഇനി മാറ്റമില്ല.പുതുപ്പള്ളിയിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രകോപിതനായി നടത്തിയ പ്രതികരണം സമീപകാല കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതിയ മുഖമായി.

ഫലപ്രദമായ ചർച്ച നടന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ഉമ്മൻ ചാണ്ടി , അനാവശ്യമായി തന്റെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചതിൽ അസ്വസ്ഥതയും പ്രകടിപ്പിച്ചു. അഭിപ്രായപ്രകടനം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടിയെന്നാൽ തനിക്കെതിരെയും നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അതിനെ ശരി വച്ച് കെ സി ജോസഫും രംഗത്തുവന്നു .എന്നാൽ, നേതൃത്വത്തെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിതോടെ , 'എ' ഗ്രൂപ്പിലെ ഭിന്നതയും പ്രകടമായി .സുധാകരൻ സതീശൻ അച്ചുതണ്ടിനെതിരെ ഒരുമിച്ച് നീങ്ങാനാണ് എ ഐ ഗ്രൂപ്പ് മാനേജർമാരുടെ ഒരുക്കം. അതേസമയം ഗ്രൂപ്പുകളിൽ നിന്നുതന്നെ ഗ്രൂപ്പില്ലാ നേതാക്കളെയുണ്ടാക്കി ഡി.സി.സി അദ്ധ്യക്ഷ പട്ടിക പുറത്തിറക്കിയ സംസ്ഥാനനേതൃത്വം, ഈ തന്ത്രമുപയോഗിച്ച് മറുനീക്കത്തെ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ്.

അതേസമയം പോരു മുറുകവേ കേരളത്തിലെ കോൺഗ്രസിൽ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാണ്ട് രംഗത്തുണ്ട്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് കെ പി സി സിക്ക് നിർദ്ദേശം നൽകി. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെ പി അനിൽ കുമാറിന്റേയും ശിവദാസൻ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിശദ റിപ്പോർട്ട് നൽകാൻ താരിഖ് അൻവറിന് നിർദ്ദേശം നൽകി.