കൊച്ചി: കോവിഡിലെ കള്ളക്കേസിൽ ഗോശാല ഉടമയെ കുടുക്കിയ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആയുർവേദ മഹിമയിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടി കോവിഡിനെ പ്രതിരോധിക്കാമെന്ന പോസ്റ്റിനെതിരെ പൊലീസ് എടുത്ത കേസാണ് വിമർശന വിധേയമായത്. വേറെ പണിയില്ലാഞ്ഞിട്ടാണോ ഇത്തരം കേസുകൾ പൊലീസ് എടുക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസിലെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

വീട്ടിൽ വളർത്തുന്ന പച്ചമരുന്ന് ഉപയോഗിച്ച് പ്രതിരോധം വർധിപ്പിച്ച് കോവിഡിനെ നേരിടുന്ന തമിഴ്‌നാട്ടിലെ രീതി പ്രസിദ്ധമാണ്. ആയൂർവേദ രീതിയിലുള്ള കോവിഡ് പ്രതിരോധം ആയുഷ് മന്ത്രാലയവും അംഗീകരിച്ചിട്ടുണ്ട്. ഈ വിവരം ഫെയ്‌സ് ബുക്കിൽ കുറിച്ചതിനായിരുന്നു കൊല്ലം സ്വദേശിക്കെതിരെ കുന്നിക്കോട് പൊലീസ് കേസെടുത്തത്. പട്ടാഴിക്കാരൻ ശ്യാംകുറാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പട്ടാഴിയിലെ അമ്പാടി ഗോശാല ഉടമയ്‌ക്കെതിരെ പൊലീസ് ആക്ട് 118, 120 വകുപ്പു പ്രകാരമാണ് കേസെടുത്തത്.

യാതൊരു കുറ്റവും താൻ ചെയ്തിട്ടില്ലെന്നും ബോധവൽക്കരണമാണ് താൽപ്പര്യമെന്നും കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്യാംകുമാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട ഹൈക്കോടതി പൊലീസ് കേസിൽ അത്ഭുതം പ്രകടിപ്പിച്ചു. ഒരുകുറ്റവും ചെയ്യാത്ത അളിനെയാണ് പൊലീസ് കേസിൽ പെടുത്തത്. മറ്റ് ഒരു പണിയും പൊലീസിനില്ലേ-ഇതായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അഭിഭാഷകനായ ആർ പത്മകുമാറാണ് കേസിൽ ശ്യാംകുമാറിനായി ഹാജരായത്. എഫ് ഐ ആർ റദ്ദാക്കിയ വിധിയിൽ ഹർജിക്കാരൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ട്.

പൊലീസ് സ്റ്റേഷനുകളിൽ പണിയില്ലാ അവസ്ഥയാണോ. എന്നാൽ ക്രൈം നമ്പർ പരിശോധിച്ചാൽ മാർച്ചിൽ തന്നെ കേസ് 400 കടന്നെന്ന് മനസ്സിലാകും. ഇതിൽ നിന്ന് തന്നെ അവരുടെ പരിഗണനയ്ക്ക് ആവശ്യത്തിൽ അധികം കേസെടുണ്ടെന്ന് വ്യക്തമാണ്. രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടത്തി അവസാന റിപ്പോർട്ട് നൽകുന്നുണ്ടോ എന്ന് ആർക്കും അറിയില്ല. ഇത്തരം കള്ള കേസുകൾ എടുക്കുന്നതിൽ നിന്ന് ആരോഗ്യപരമായ ഇടപെടലുകളിലൂടെ മേലുദ്യോഗസ്ഥർ നിരുത്സാഹപ്പെടുത്തണം. സമൂഹത്തിന് ഗുണകരമായ രീതിയിൽ പൊലീസിലെ ഊർജ്ജം വിനിയോഗിക്കേണ്ടതുണ്ട്-വിധി ന്യായത്തിൽ ജസ്റ്റീസ് ആർ ഹരിപാൽ ചൂണ്ടിക്കാട്ടുന്നു. ശ്യാംകുമാറിന്റെ പോസ്റ്റ് മുഴുവനായി വായിച്ചാൽ കേസെടുക്കാനുള്ള ഒന്നും അതിലില്ലെന്ന് വ്യക്തമാകും-ഇതാണ് കോടതിയുടെ നിരീക്ഷണം.

ഗൾഫിൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ദീർഘകാലം ജോലി ചെയ്ത ശേഷം ജൈവകൃഷിയിലേക്കും പിന്നാലെ നാടൻപശുവിലേക്കും തിരിഞ്ഞ ശ്യാംകുമാറാണ് കൊല്ലം പട്ടാഴിയിലെ അമ്പാടി ഗോശാല സംരഭകകൻ. ജൈവകൃഷിയോടുള്ള താൽപര്യവും അതിനായി വാങ്ങിയ നാലു നാടൻ പശുക്കളുമാണ് ശ്യാംകുമാറിനെ നാൽപതിലേറെ ദേശി പശുവുൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന സംരംഭകനാക്കിയത്. ജൈവകൃഷിക്കായി വാങ്ങിയ രണ്ടേക്കറിൽ ശ്യാംകുമാർ ആദ്യം പരീക്ഷിച്ചത് ഞാലിപ്പൂവൻ വാഴക്കൃഷി. നാടൻപശുവിന്റെ ചാണകവും മൂത്രവും ചേർത്തു തയാറാക്കുന്ന ജീവാമൃതം മാത്രം വളം. മികച്ച വിളവും വിലയും നേടി വാഴക്കൃഷി വിജയം കണ്ടപ്പോൾ ലാഭക്കൃഷിയുടെ സൂത്രവാക്യം പിടികിട്ടി. മിനിമം ചെലവിൽ മികച്ച ലാഭം. ഇക്കാര്യത്തിൽ നാടൻപശു നല്ലൊരു സാധ്യതയാണെന്നു മനസ്സിലായെന്നു ശ്യാംകുമാർ.

നാടൻപശു ഫാമിൽനിന്ന് സാധാരണഗതിയിൽ നാം പ്രതീക്ഷിക്കുന്ന മുഖ്യ ഉൽപന്നങ്ങൾ പാലും നെയ്യും പഞ്ചഗവ്യവും ജീവാമൃതവുംപോലുള്ള പരിചിത ഇനങ്ങളാണ്. എന്നാൽ ഇവയിൽനിന്ന് ഏറെ ദൂരം മുന്നിലാണ് അമ്പാടി ഫാം. ചാണകവറളി കത്തിച്ച ചാരം ശുദ്ധി ചെയ്‌തെടുത്ത് അതിൽ മോണരോഗങ്ങൾക്കു ഫലപ്രദമായ ചുണ്ടക്കായയും മേമ്പൊടിയായി ഇന്ദുപ്പും ഗ്രാമ്പൂവും ചേർത്തു തയാറാക്കുന്ന പൽപ്പൊടി, പാത്രങ്ങളിലെ മെഴുക്കു നീക്കുന്ന ഡിഷ് വാഷ്, തറ വൃത്തിയാക്കാൻ ലോഷൻ അങ്ങനെ പലതും.

ആരോഗ്യത്തിനും പരിസ്ഥിതിക്കും അനുകൂലമായ പ്രകൃതിദത്തഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറുന്ന സാഹചര്യം പട്ടാഴിയിലെ ഗോശാലയെ വളർത്തി. ഇതിനിടെയാണ് ആയുർവേദത്തിലൂടെ പ്രതിരോധ മാർഗങ്ങളെ കുറിച്ച് ശ്യാം പോസ്റ്റിട്ടത്. ഇതാണ് കേസായി മാറിയത്. കോവിഡിൽ വ്യാജ വിവരങ്ങൾ നൽകിയെന്നായിരുന്നു ആരോപണം.

വ്യാജ കേസിന് ആസ്പദമായ ശ്യാം കുമാറിന്റെ പോസ്റ്റ് ചുവടെ

കൊറോണയെ ഒരു പരിധി വരെ ഫലപ്രദമായി നേരിടാൻ തമിഴ്‌നാടിന് കഴിഞ്ഞു. കൂടുതൽ പഠിക്കുമ്പോൾ അറിയാൻ ഖഴിഞ്ഞത് അവിടെ സർക്കാർ ആശുപത്രികളിൽ പോലും നിവേമ്പ്(കിരിയാത്ത്)കഷായം വിളമ്പുന്നതും പ്രതിരോധത്തിൽ കാണിക്കുന്ന ഉത്സാഹവും മാതൃകാപരമാണ്. വളരെ ലളിതമായി നമുക്ക് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാൻ നമ്മുടെ തൊടിയിലെ താഴ് കൊടുത്തിരിക്കുന്ന 9 കൂട്ടം സാധനങ്ങൾ തുല്യ അളവിലെടുത്ത് ചൂർണ്ണമാക്കി അതിൽ നിന്നും 10 ഗ്രാം എടുത്ത് 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് നാലിലൊന്നായി വറ്റിച്ചെടുത്ത് ദിവസവും 2-3 നേരം കുടിക്കുന്നത് ഒരുത്തമ പ്രതിരോധമത്രേ...(കഴിക്കുന്നത് അളവ് പ്രായം, ആരോഗ്യ നില അനുസരിച്ച് മാറും)

ആവശ്യമായ സാധനങ്ങൾ
കിരിയാത്ത്
ഇരുവേലി
രാമച്ചം
ചുക്ക്
കുരുമുളക്
മുത്തങ്ങ
ചന്ദനം(വെള്ള)
പടവലം
പർപ്പടക പുല്ല്
നോട്ട്: പനിയോ ജലദോഷമോ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണാൻ മടി കാണിക്കരുത്

കൊറോണയെ പ്രതിരോധിക്കാം നാടൻ രീതിയിൽ...