കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിലെ അന്വേഷണം മുന്നോട്ടു പോകുൻ സിബിഐയ്ക്ക് സാധിക്കുന്നല്ല. ഇക്കാര്യം ചൂണ്ടികാട്ടി സിബിഐ കോടതിയെ സമീപിച്ചു. കേസ് അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും വിധി വരാത്തത് പ്രശ്‌നങ്ങൾക്ക് കാരണം ആകുന്നതായി അദ്ദേഹം പറഞ്ഞു. അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ അന്വേഷണവുമായി മുന്നോട്ടു പോകാൻ സാധിക്കൂ എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിധി പറയുംവരെ തുടർനടപടികൾ സ്വീകരിക്കരുതെന്ന് കോടതി വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിബിഐ അഭിഭാഷകൻ പറയുന്നു.

കേസിലെ പ്രധാന പ്രതി പീതാംബരൻ അടക്കമുള്ള ഏഴുപേർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 20 നാണ് പെരിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. മുമ്പ് കേസ് അന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ച് സംഘത്തിനു നേരെ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. കൊലപാതകത്തിന്റെ ഗൂഢാലോചന അന്വേഷിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസ് രജിസ്റ്റർ ചെയ്ത സിബിഐ അന്വേഷണത്തിന് തയ്യാറായി. ഇതിനിടെ കേസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ ഒക്ടോബർ 29ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. നവംബർ 16ന് കേസിന്റെ വാദം പൂർത്തിയായെങ്കിലും വിധിപറയാൻ മാറ്റിവെച്ചു. ഒമ്പത് മാസം പിന്നിട്ടിട്ടും കേസിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി കൊണ്ടാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ പ്രതികളായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാകില്ല എന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. ഇത് പരിഗണിച്ചാണ് കോടതി നിലവിലെ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ടത്. കേസിൽ കൃത്യമായ അന്വേഷണം നടത്തണം. നിലവിൽ ആദ്യ പ്രതിയു ടെ വാക്കുകൾ വിശ്വസിച്ച് കൊണ്ടാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത്. സിപിഎം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തിയതാവാൻ സാധ്യതയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞതും കുറ്റപത്രവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു നിലവിൽ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ഇരട്ടക്കൊലപാതകത്തിൽ സിപിഎം നേതാക്കളുടെ പങ്കിന് തെളിവില്ലെന്നും അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയിലെ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരനും സുഹൃത്ത് സജി സി. ജോർജുമാണ് കേസിലെ മുഖ്യപ്രതികൾ. പീതാംബരന് കൊല്ലപ്പെട്ടവരോടുള്ള വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.