മുടപുരം : ചിറയിൻകീഴ് മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി പൊലീസ്.
നാലുമുറികളിലായാണ് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടത്തെതിയത്. നാലു പേരുടേയും ആത്മഹത്യാക്കുറിപ്പുകൾ മുറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മറ്റ് വിവരങ്ങളടങ്ങിയ ഒരു കവർ സൂക്ഷിച്ചിട്ടുണ്ടെന്നും ബന്ധുക്കളുടെ സാനിദ്ധ്യത്തിൽ മാത്രമേ തുറക്കാൻ പടുള്ളുവെന്നും കുറിപ്പിൽ എഴുതിയിരുന്നതായി പൊലീസ് അറിയിച്ചു. വിദേശത്തായിരുന്ന സുബി രണ്ട് വർഷം മുൻപാണ് നാട്ടിലെത്തിയത്. അതിന് ശേഷം കഴക്കൂട്ടത്ത് ലോഡ്ജ് കെട്ടിടം വാടകയ്ക്കെടുത്ത് നടത്തിവരുകയായിരുന്നു. മഹാമാരിയെ തുടർന്നുള്ള ബിസിനസ് മാന്ദ്യമാകാം സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. രണ്ടു മാസമായി ചിറയിൻകീഴിനടുത്ത് കുറക്കടയിൽ പച്ചക്കറിക്കട നടത്തുകയായിരുന്നു സുബി.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമറിയുന്നത്. സന്ധ്യയായിട്ടും സുബിയുടെ വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീ തുറന്നുകിടന്ന ജനാലയ്ക്കുള്ളിലൂടെ നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന അഖിലിനെ കണ്ടത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് മറ്റുള്ളവരേയും മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ചിറയിൻകീഴ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഓരോരുത്തരും ഓരോ മുറികളിലെ റൂഫിലെ ഹൂക്കുകളിലാണ് തൂങ്ങി നിന്നത്. സുബിയെ ഹാളിനു സമീപം കണ്ടെത്തുകയായിരുന്നു. ശിവകൃഷ്ണപുരം വട്ടവിള വിളയിൽ വീട്ടിൽ സുബി (51), ഭാര്യ ദീപ(41), മകൾ ഹരിപ്രിയ(13), മകൻ അഖിൽ സുബി(17) എന്നിവരെയാണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

അഖിൽ സുബി കൂന്തള്ളൂർ പി.എൻ.എം.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിയും. ഹരിപ്രിയ പാലവിള ഗവൺമെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ് മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.