കണ്ണൂർ: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എഐ ക്യാമറ ഇടപാടിൽ നടന്നത് വൻകൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് പിണറായിയെന്ന് സുധാകരൻ പരിഹസിച്ചു. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കമ്പനിയിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കാളിത്തമുണ്ടെന്നതിന് രേഖയുണ്ടെന്നും സുധാകരൻ ആരോപിച്ചു.

അരിവാരാൻ അരിക്കൊമ്പൻ, ചക്ക വാരാൻ ചക്കക്കൊമ്പൻ, കേരളം വാരാൻ പിണറായി എന്നാണ് അവസ്ഥ. മന്ത്രിമാർ ഇരുട്ടിലാണ്. അവർ അറിയാതെ ഇക്കാര്യം ഓപ്പറേറ്റ് ചെയ്യാൻ ആർക്കാണ് കഴിയുക? മോദിക്ക് അദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കലെന്നും സുധാകരൻ ആരോപിച്ചു. അഴിമതി അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു. നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം നടത്തണം. അന്വേഷണത്തിന് വിദഗ്ദ്ധർ അടങ്ങിയ സമിതി വേണം. അർദ്ധ ജുഡീഷ്യൽ സ്വഭാവം ഉള്ള സമിതി അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപണവുമായി രംഗത്തുവന്നിരുന്നു. എഐ ക്യാമറാ പദ്ധതിയിൽ ആദ്യാവസാനം സർക്കാരും കെൽട്രോണും എസ്ആർഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. കൊള്ള നടന്നത് മുഖ്യമന്ത്രിയുടെ കാർമികത്വത്തിലാണ്. മറുപടി പറയാൻ മുഖ്യമന്ത്രിക്ക് നൽകുന്ന അവസാനത്തെ അവസരമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോടിക്കണക്കിന് രൂപ കൊള്ളയടിക്കാനുള്ള എസ്റ്റിമേറ്റ് രൂപീകരണമാണ് നടന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കിയതിൽ അഴിമതി നടന്നു. കെൽട്രോൺ അറിയാതെ എസ്ആർഐടി ഹൈദരാബാദ് കമ്പനിയുമായി സർവീസ് എഗ്രിമെന്റ് വച്ചു. പത്ത് ദിവസം കഴിഞ്ഞാണ് കെൽട്രോൺ ഇത് അറിയുന്നത്. കെൽട്രോൺ അറിഞ്ഞുകൊണ്ട് ടെൻഡർ ഡോക്യുമെന്റിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ലംഘിക്കുകയാണ്. കെൽട്രോൺ എല്ലാ ഒത്താശയും ചെയ്തുകൊടുത്തുവെന്നും വി ഡി സതീശൻ ആരോപിച്ചു. ആരോപണ വിധേയൻ മുഖ്യമന്ത്രിയാണ്.

ആരോപണം നിഷേധിക്കാൻ പോലും മുഖ്യമന്ത്രിക്ക് ധൈര്യമില്ല. പ്രതിപക്ഷം രേഖകൾ പുറത്തുവിട്ടതിന് ശേഷമാണ് കെൽട്രോൺ രേഖകൾ പുറത്തുവിട്ടത്. പദ്ധതിയുടെ ആദ്യാവസാനം വലിയ തട്ടിപ്പാണ് നടന്നത്. അഴിമതിക്കെതിരെ സമരം നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയുമായി ആലോചിച്ച് തന്നെയാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും എല്ലാവരും കൂടി ആലോചിച്ചെടുത്ത തീരുമാനമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.