കണ്ണുർ: ഇതര സംസ്ഥാനക്കാരി യുവതിയുടെ മരണത്തിൽ കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടി പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകത്തെ കുറിച്ച് വ്യക്തമായ സൂചന നൽകുന്നത്. പേരാവൂർആര്യപ്പറമ്പിൽ തൊഴിലിടത്തിലെ താമസമുറിയിൽ ജാർഖണ്ഡ് സ്വദേശിനി മംമ്ത കുമാരിയാണ് (20) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

യുവതിയുടെ വാരിയെല്ലിലും കാലുകളിലും പൊട്ടലുള്ളതായും തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതായും വിദഗ്ദപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മംമ്തയുടെ സുഹൃത്ത് ജാർഖണ്ഡ് സ്വദേശി യോഗീന്ദ്രയെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ് ഡെങ്കിപ്പനി മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിനു ശേഷം പൊലീസ് പറഞ്ഞിരുന്നത്.

സാഹചര്യത്തെളിവുകളും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും കൊലപാതകമാണെന്ന പൊലീസിന്റെ സംശയത്തെ ബലപ്പെടുത്തുന്നതാണ്. പേരാവൂർ പൊലീസ് ഇൻസ്പെക്ടർ എം.എൻ.ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് കണ്ണുർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്.