മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് മലപ്പുറത്ത് മുസ്ലിംങ്ങളുടെ നേതൃത്വത്തിൽ ദുആ സമ്മേളനം.ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ബിജെപി. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് ദു: ആ സമ്മേളനവും നടന്നത്. ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആരാധനാലയങ്ങളിൽ പ്രത്യേക വഴിപാടുകളും പ്രാർത്ഥനകളും നടത്തി.

ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ ബിജെപി. ജില്ലാ പ്രസിഡണ്ട് രവിതേലത്ത് ദർശനം നടത്തി പ്രധാന വഴിപാടായ കുഴച്ച അവിൽ നിവേദ്യം നടത്തി. തൃപ്രങ്ങോട് മഹാശിവക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാ കുന്ന് ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ വിവിധ നേതാക്കൾ ദർശനം നടത്തി വഴിപാടുകൾ ചെയ്തു.

പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ 20 ദിവസം നീണ്ടു നിൽക്കുന്ന സേവന സന്നദ്ധ പരിപാടികളാണ് ബിജെപി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നത്. വഴിപാടുകളും പ്രാർത്ഥനകളും നടത്തിയതോടൊപ്പം തന്നെ മധുര പലഹാരങ്ങളും വിതരണം ചെയ്തു.

കർഷകമോർച്ച യുടെ ആഭിമുഖ്യത്തിൽ കർഷകരെയും ജവാന്മാരെയും ആദരിക്കുന്ന പരിപാടി രാവിലെ 11 മണിക്ക് മലപ്പുറം അരുണോദയാ വിദ്യാനികേതൻ ഹാളിൽ നടന്നു. ഇതിന് പുറമെ ഇന്നു മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന എക്സിബിഷൻ യുവമോർച്ച സംഘടിപ്പിക്കും. ബിജെപി പഞ്ചായത്ത് - നിയോജക മണ്ഡലം - ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

മോദി സർക്കാരിന്റെ ജനക്ഷേമപദ്ധതികളുടെ ഗുണഭോക്തക്കൾ പ്രധാനമന്ത്രിക്ക് കത്തയക്കും.ഈ ദിവസങ്ങളിൽ നേതാക്കൾ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും. വരും ദിവസങ്ങളിൽ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, സ്പെഷ്യൽ സ്‌കൂൾ,ബാലിക സദനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച് സഹായങ്ങൾ ചെയ്യും. പട്ടിക ജാതി-വർഗ്ഗ കോളനികൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുമെന്നും ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റി അധികൃതർ പറഞ്ഞു.