തിരുവനന്തപുരം: കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ എന്നിവ എവിടെ കണ്ടാലും സൂക്ഷിക്കണം. വിഎം സുധീരനും കെ സുധാകരനും ബാലകൃഷ്ണ പരിയയുമാണ് കൂടോത്രത്തിന് ഇരയായത് വെളിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍. മൂന്നിടത്തെ വിവാദങ്ങളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിധ്യമുണ്ട്. കെപിസിസിയിലെ പഴയൊരു ജീവനക്കാരന് നേരെയാണ് സൂധാകരന്റെ വീട്ടിലെ കൂടോത്ര സംശയം നീളുന്നത് അത്ര. ഇതുവരെ സ്ഥിരീകരിക്കാത്തെ മുന്‍ കെപിസിസി അധ്യക്ഷനും കൂടോത്രത്തിന്റെ ഇരയായിട്ടുണ്ടെന്നതാണ് മറ്റൊരു അടക്കം പറച്ചില്‍.

6 വര്‍ഷം മുന്‍പ് 2018ല്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ വീടിനു നേരെ കൂടോത്രം നടന്നു. അന്ന് ഈ കൂടോത്രം കണ്ടുപിടിക്കാന്‍ മുന്നില്‍ നിന്നത് സുധാകരന്റെ വീട്ടിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനാണെന്നു സുധീരനുമായി അടുപ്പമുള്ളവര്‍ പറയുന്നു. മന്ത്രവാദിയുമായി എത്തിയാണു സുധീരന്റെ വീട്ടിലെ കൂടോത്രം ഉണ്ണിത്താന്‍ കണ്ടെത്തിയത്. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും സുധീരന്‍ പടിയിറങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന് നേരെയായിരുന്നു ആരോപണം.

തിരുവനന്തപുരത്തെ ഗൗരീശപട്ടത്ത് സുധീരന്റെ വീട്ടില്‍ ഭാര്യ പരിപാലിക്കുന്ന വിശാലമായ പൂന്തോട്ടമുണ്ട്. ഇതിനോട് ചേര്‍ന്നുള്ള വാഴയുടെ ചുവട്ടില്‍ നിന്നാണു കൂടോത്ര വസ്തുക്കള്‍ കണ്ടെത്തിയത്. എട്ടു തവണ കൂടോത്രം നടന്നിട്ടും സുധീരന്‍ പുറത്തു പറഞ്ഞില്ല. ഭര്‍ത്താവും ഭാര്യയും അടുത്ത് അറിയാവുന്നവരും ഉള്ളിലൊതുക്കി. ഒന്‍പതാം തവണയും കൂടോത്ര ഉപകരണങ്ങള്‍ കണ്ടെടുത്തതോടെയാണു സഹികെട്ട് ഇക്കാര്യം സുധീരന്‍ എല്ലാം തുറന്നു പറഞ്ഞത്. ഇതോടെ സുധീരന്റെ വീട്ടിലെ കൂടോത്രവും നിന്നു.

കെപിസിസി ഓഫിസില്‍ ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയെ പല നേതാക്കളും സംശയിക്കുന്നുണ്ട്. അടുത്തകാലത്ത് ഇയാളെ ഓഫിസില്‍നിന്നു പുറത്താക്കിയിരുന്നു. ഇയാള്‍ ഒറ്റയ്ക്കാണോ പിന്നില്‍ ആരെങ്കിലുമുണ്ടോയെന്നൊക്കെ നേതാക്കള്‍ക്ക് സംശയമുണ്ട്. എന്നാല്‍ ഇയാള്‍ തന്നെയാണോയെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. കെപിസിസി ഓഫിസ് അടക്കി ഭരിച്ചിരുന്ന ഇയാളെ സുധീരന്‍ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ മൂലയ്ക്കിരുത്തി. സുധാകരന്റെ വീട്ടില്‍ നിറയെ സിസിടിവി ക്യാമറയുണ്ട്. പോരാത്തിന് നല്ല പട്ടികളും. ഇതെല്ലാം അവഗണിച്ചാണ് ആരാണ് കൂടോത്രം കൊണ്ടിട്ടതെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ കൂട്ടച്ചിരിയാണ് ഉണ്ടാക്കുന്നത്.

സുധാകരനാകട്ടെ ഇയാളെ പുറത്താക്കുകയും ചെയ്തു. ഇയാള്‍ക്ക് കൂടോത്ര പരിപാടികളുണ്ടെന്നു കെപിസിസി ഓഫിസിലെ പരസ്യമായ രഹസ്യമാണ്. സിപിഎം നേതാക്കളുടെ വീട്ടിലും ഇങ്ങനെയൊക്കെയുണ്ടെന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. സിപിഎമ്മിന്റെ ഉന്നത സ്ഥാനത്തുണ്ടായിരുന്ന ഒരു വ്യക്തിയുടെ വീട്ടിലെ പൂജകള്‍ പരസ്യമായ രഹസ്യമായിരുന്നു. ഇതെല്ലാം സിപിഎമ്മിനും അന്ന് തലവേദനയായി മാറി.

കെ.സുധാകരന്റെ തിരുവനന്തപുരത്തെ പേട്ടയിലെ വീട്ടില്‍നിന്നും കെപിസിസി ഓഫിസിലെ മുറിയില്‍നിന്നും കൂടോത്ര സാമഗ്രികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ സുധാകരന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍നിന്നും കൂടോത്ര സാമഗ്രികള്‍ പൊക്കി. കണ്ണൂര്‍ ഡിസിസി ഓഫിസ്, കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലും ഇതാവര്‍ത്തിച്ചു. സുധാകരനു വേണ്ടി തിരഞ്ഞെടുപ്പില്‍ കെട്ടിയ ഒരു കോണ്‍ഗ്രസ് പതാകയ്ക്കുള്ളില്‍ നിന്നും തകിട് കണ്ടെടുത്തിരുന്നു.

അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട ബാലകൃഷ്ണന്‍ പെരിയയുടെ വീട്ടില്‍ നിന്നും കൂടോത്ര സാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതും ബാലകൃഷ്ണന്‍ സമ്മതിച്ചു.