കൊച്ചി: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതോടെ സര്‍ക്കാര്‍ തുടര്‍ പരിശോധനകള്‍ തുടങ്ങി. ലൈംഗികചൂഷണത്തെക്കുറിച്ചും അതിനു വഴങ്ങാത്തതിനാല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചുമുള്ള പരാതികള്‍ ഉയര്‍ന്നതായി പ്രചരണം ഉണ്ടായിരുന്നു. പ്രമുഖരുടെ പേരുകളുള്ളതിനാലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന വിമര്‍ശനവും ഒപ്പമുയര്‍ന്നു. ഈ പേരുകള്‍ പുറത്തു വിടേണ്ടതില്ല. എന്നാല്‍ കമ്മീഷന്‍ ശുപാര്‍ശ എന്തെന്നത് പുറത്തു വരും. ഇത് സര്‍ക്കാരിനെ വെട്ടിലാക്കും. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുന്നത് ഇപ്പോഴും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ടതൊഴിച്ച് ബാക്കിയെല്ലാം നല്‍കണമെന്നാണ് വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. ജൂലൈ 23നകം ഫീസ് വാങ്ങി അപേക്ഷകര്‍ക്കെല്ലാം 26ന് മുമ്പ് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. വ്യക്തികളുടെ സ്വകാര്യത തിരിച്ചറിയുന്ന സൂചനകളുണ്ടാകരുതെന്നും പറയുന്നു. കമ്മീഷനായി ചലച്ചിത്ര അക്കാദമി ഒരു കോടിയിലേറെ രൂപ ചെലവിട്ടെന്നും കമ്മീഷന്റെ നിരീക്ഷണമുണ്ട്. റിപ്പോര്‍ട്ട് പുറത്തു നല്‍കാത്ത ഉദ്യോഗസ്ഥ നിലപാട് ശരിയല്ലെന്നും കുറ്റപ്പെടുത്തുന്നു. കമ്മീഷന്റെ സ്വന്തം നീരീക്ഷണവും അഭിപ്രായവും ഉപദേശവും വിവരത്തിന്റെ ഭാഗമായി പുറത്തു കൊടുക്കണം. ഇതും നിര്‍ണ്ണായകമാണ്. ഏതെങ്കിലും അന്വേഷണത്തിന് കമ്മീഷന്‍ ശുപാര്‍ശയുണ്ടെങ്കില്‍ അതും പുറത്തു വരും. ഇത് വലിയ വിവാദമായി മാറുകയും ചെയ്യും.

വ്യക്തിഗത വിവരങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന നിലപാടാണ് തുടക്കംമുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാട് തള്ളുന്നതാണ് കമ്മിഷന്റെ വിധി. പ്രമുഖ നായികമാര്‍മുതല്‍ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍വരെ തങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ കമ്മിഷനു മുന്നില്‍ വിവരിച്ചിരുന്നു. സിനിമാമേഖലയിലെ പല പ്രമുഖരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇത് വിവരാവകാശമായി നല്‍കേണ്ടി വരും. റിപ്പോര്‍ട്ടില്‍ വ്യക്തിഗത വിവരങ്ങള്‍ ഒഴിച്ചുള്ളവ പുറത്തുവിടുമെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറയുന്നത്. വിവരാവകാശ നിയമപ്രകാരം വിലക്കുള്ളത് ഒഴിച്ചുള്ളവ മറച്ചുവെക്കില്ലെന്നും സജി ചെറിയാന്‍ വിശദീകരിച്ചു. അപ്പോഴും അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന.

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) ആയിരുന്നു. ആരെയും സമൂഹമധ്യത്തില്‍ അപമാനിക്കാനോ റിപ്പോര്‍ട്ടില്‍ പറഞ്ഞ പേരുകളെച്ചൊല്ലി വിവാദമുണ്ടാക്കാനോ വേണ്ടിയല്ല ഈ ആവശ്യം ഉയര്‍ത്തിയതെന്നാണ് കമ്മിഷന്റെ ഉത്തരവ് വന്നതോടെ ഡബ്ല്യു.സി.സി.യുടെ നിലപാട്. മലയാളസിനിമയില്‍ ആള്‍ദൈവങ്ങളോ ദിവ്യന്മാരോ ഇല്ലല്ലോയെന്നും പിന്നെ എന്തുകൊണ്ടാണ് ഹേമകമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് എന്നതിന് സാംസ്‌കാരികമന്ത്രി മറുപടിപറയണമെന്നും സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ല. അല്ലെങ്കില്‍ എന്തോ മറച്ചുവെക്കാനുണ്ട് -അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമിയുടെ മധ്യസ്ഥതയെന്ന ആശയമാണ് കമ്മിഷന്‍ മുന്നോട്ടുവെക്കുന്നത്. നിഷ്പക്ഷമല്ലാത്ത അക്കാദമിയെ ഒരിക്കലും ആ ചുമതല ഏല്‍പ്പിക്കരുതെന്നും വിനയന്‍ ആവശ്യപ്പെട്ടു.