കേപ്ടൗൺ: ഇന്ത്യൻ ടീമിന് ഇക്കാലമത്രയും നിരാശകൾ മാത്രം സമ്മാനിച്ചിട്ടുള്ള കേപ്ടൗണിലെ ന്യൂലൻഡ്‌സ് പിച്ചിൽ രോഹിത് ശർമ്മയും സംഘവും ചരിത്രജയം കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. ചരിത്രത്തിലേക്ക് ഒരുപിടി റെക്കോഡുകൾ തുന്നിച്ചേർത്തുകൊണ്ടാണ് കേപ്ടൗണിലെ ടെസ്റ്റ് അവസാനിച്ചത്. ഒരു ദിവസവും രണ്ട് സെഷനും മാത്രം വേണ്ടിവന്ന ഒരു ടെസ്റ്റ്! ഇത്ര ചുരുങ്ങിയ സമയംകൊണ്ട് ഒരു ടെസ്റ്റ് തീർന്ന ചരിത്രമില്ല.

എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിൽ നോക്കിയാലും കേപ്ടൗണിലെ ടെസ്റ്റിനു തന്നെയാണ് റെക്കോഡ്. രണ്ട് ടീമുകളുടെ രണ്ടിന്നിങ്സുകൾക്കായി വേണ്ടിവന്നത് വെറും 642 പന്തുകൾ (107 ഓവർ). ഇത്ര കുറഞ്ഞ പന്തിൽ ഫലംകണ്ട ടെസ്റ്റും ചരിത്രത്തിൽ വേറെയില്ല.

'വിമാനം കയറിയപ്പോൾ ദക്ഷിണാഫ്രിക്ക ഓൾഔട്ടായിരുന്നു. വീട്ടിലെത്തി ടി.വി.യിൽ നോക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതായി കാണുന്നു!'- ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തിലെ അതിശയം സച്ചിൻ എക്സിൽ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. സച്ചിൻ പറഞ്ഞതുതന്നെയാണ് കേപ്ടൗണിലെ ന്യൂലൻഡ് പിച്ചിൽ സംഭവിച്ചത്.

ദക്ഷിണാഫ്രിക്കൻ താരം ഡീൻ എൽഗറിന്റെ വിടവാങ്ങൽ ടെസ്റ്റായിരുന്നു ഇത്. എൽഗർ സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചതുപോലെയല്ല ഈ ടെസ്റ്റ് അവസാനിച്ചത്. അവസാന കളിയിൽ ക്യാപ്റ്റനായി കളിക്കാനുള്ള അവസരം കിട്ടിയെങ്കിലും ദുഷ്‌കരമായ പിച്ചിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത് പ്രോട്ടീസിന് വിനയായി.

ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്യാനുള്ള എൽഗറിന്റെ തീരുമാനമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കൂട്ടപതനത്തിന് വഴിവച്ചത്. ആദ്യ ഇന്നിങ്‌സിൽ 55 റൺസിന് ദക്ഷിണാഫ്രിക്കൻ നിര തകർന്നതോടെ ഏറെക്കുറെ മത്സരത്തിന്റെ ഗതി നിർണയിക്കപ്പെട്ടു. ഇന്ത്യ നിർണായകമായ 98 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതോടെ മത്സരത്തിൽ മേൽക്കൈ നേടാനായി. രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിന് മുമ്പെ വീഴ്‌ത്താനായത് ഇന്ത്യക്ക് കരുത്തായി.

ആദ്യ ഇന്നിങ്‌സിൽ മുഹമ്മദ് സിറാജിന്റെ പേസ് ആക്രമണമാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞതെങ്കിൽ രണ്ടാം ഇന്നിങ്‌സിൽ ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യയുടെ പേസ് ആക്രമണത്തിന് മുന്നിൽ ആതിഥേയർ തകർന്നു. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ തകർപ്പൻ സെഞ്ച്വറി നേടിയ ഓപണർ എയ്ഡൻ മർക്രാമിന്റെ മികവിൽ 179 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഒരുവശത്ത് വിക്കറ്റുകൾ തുടരെത്തുടരെ വീഴുമ്പോഴും ഒറ്റക്കുനിന്ന് പൊരുതി 103 പന്തിൽ 106 റൺസാണ് മർക്രാം അടിച്ചെടുത്തത്.

സന്ദർശകർക്കായി ആദ്യ ഇന്നിങ്‌സിൽ മുഹമ്മദ് സിറാജിന്റെ ആറാട്ടായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്‌സിൽ തീതുപ്പിയത് ജസ്പ്രീത് ബുംറയായിരുന്നു. 13.5 ഓവറിൽ 61 റൺസ് വഴങ്ങി ആറ് ബാറ്റർമാരെയാണ് ബുംറ മടക്കിയത്. മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റ് എറിഞ്ഞിട്ട മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

79 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ദക്ഷിണാഫ്രിക്കക്കായി ബൗളിങ് തുടങ്ങിയ കഗിസൊ റബാദയെയും നാന്ദ്രെ ബർഗറെയും നിർഭയം നേരിട്ട് ഓപണർ യശസ്വി ജയ്‌സ്വാൾ തുടക്കത്തിൽ തന്നെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, 23 പന്തിൽ ആറ് ഫോറടക്കം 28 റൺസ് അടിച്ച ജയ്‌സ്വാളിനെ ബർഗറുടെ പന്തിൽ സ്റ്റബ്‌സ് പിടികൂടിയതോടെ റണ്ണൊഴുക്കും കുറഞ്ഞു. തുടർന്നെത്തിയ ശുഭ്മൻ ഗില്ലിന്റെ (11 പന്തിൽ 10) സ്റ്റമ്പ് വൈകാതെ റബാദ പിഴുതു.

ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‌ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും 13 ഓവറിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.

അവസാന ടെസ്റ്റ് കളിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ ഡീൻ എൽഗർ 12 റൺസെടുത്ത് പുറത്തായപ്പോൾ ടോണി ഡി സോർസി (1), ട്രിസ്റ്റൺ സ്റ്റബ്‌സ് (1), ഡേവിഡ് ബെഡിങ്ഹാം (11), കെയ്ൽ വെരെയ്ൻ (9), മാർകോ ജാൻസൻ (11), കേശവ് മഹാരാജ് (3), കഗിസൊ റബാദ (2), ലുങ്കി എങ്കിഡി (8), നാ?ന്ദ്രെ ബർഗർ (പുറത്താവാതെ 6) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.

ഒന്നാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടിയായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്‌കോർ 153ൽ നിൽക്കെ അവസാന ആറ് വിക്കറ്റുകളും അവിശ്വസനീയമായി വീഴുകയായിരുന്നു. കെ.എൽ രാഹുൽ, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, വിരാട് കോഹ്‌ലി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഒറ്റ റൺസ് പോലും കൂട്ടിച്ചേർക്കുന്നതിന് മുമ്പ് മടങ്ങിയത്.

ഇതോടെ ഇക്കാര്യത്തിൽ നാണക്കേടിന്റെ റെക്കോഡും ഇന്ത്യയുടെ പേരിലായി. രണ്ട് ഇന്നിങ്‌സിലുമായി ദക്ഷിണാഫ്രിക്കയുടെ 13 വിക്കറ്റും ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിലെ പത്ത് വിക്കറ്റും ഉൾപ്പെടെ 23 വിക്കറ്റുകളാണ് അദ്യദിനം വീണത്. 46 റൺസെടുത്ത വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.

പുതുവർഷത്തിൽ ഇങ്ങനെ ഒരു വിടവാങ്ങലല്ല ഡീൻ എൽഗർ ആഗ്രഹിച്ചിരുന്നത്. എന്നാലും ന്യൂലൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തടിച്ചുകൂടിയ ജനതയോടും കളി ജയിച്ച ടീം ഇന്ത്യയോടും കൃതജ്ഞതയറിയിച്ച് അദ്ദേഹം ക്രീസ് വിട്ടു. ഇന്ത്യക്ക് അഭിനന്ദനമറിയിക്കാനും എൽഗർ മറന്നില്ല.

വ്യക്തിഗതമായ അപൂർവ നേട്ടങ്ങളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റുകളെന്ന നേട്ടം പങ്കിട്ട് ജസ്പ്രിത് ബുമ്ര. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റ് നേടിയതോടെയാണ് ബുമ്രയ്ക്ക് നേട്ടം പങ്കിടാനായത്. മൂന്നാം തവണയാണ് ബുമ്ര, ദക്ഷിണാഫ്രിക്കയിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്നത്. ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥിനൊപ്പമെത്താൻ ബുമ്രയ്ക്കായി. രണ്ട് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള വെങ്കടേഷ് പ്രസാദ്, എസ് ശ്രീശാന്ത്, മുഹമ്മദ് ഷമി എന്നിവരും പട്ടികയിലുണ്ട്.

മറ്റുചില നേട്ടങ്ങളും ബുമ്രയെ തേടിയെത്തി. SENA (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ കൂടുതൽ തവണ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടം പങ്കിടാനും ബുമ്രയ്ക്കായി. ആറ് തവണ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. സഹീർ ഖാൻ, ചന്ദ്രശേഖർ എന്നിവരും ആറ് തവണ അഞ്ച് വിക്കറ്റ് നേടി. ഏഴ് തവണ നേട്ടം സ്വന്തമാക്കിയ കപിൽ ദേവാണ് ഒന്നാമത്.

കേപ്ടൗണിൽ മാത്രം 18 വിക്കറ്റുകളാണ് ബുമ്ര വീഴത്തിയിട്ടുള്ളത്. സന്ദർശക ടീമുകളിലെ താരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ രണ്ടാമത്തെ ബൗളറും ബുമ്ര തന്നെ. 25 വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ കോളിൻ ബ്ലിത്താണ് ഒന്നാമൻ. ഷെയ്ൻ വോൺ (17), ജെയിംസ് ആൻഡേഴ്സൺ (16), ജോണി ബ്രിഗ്സ് (15) എന്നിവർ ബുമ്രയ്ക്ക് പിന്നിലായി.

ദക്ഷിണാഫ്രിക്കയിൽ ഏറ്റവും വീഴ്‌ത്തിയ ഇന്ത്യൻ താരങ്ങളിൽ മൂന്നാമതെത്താനും ബുമ്രയ്ക്കായി. അനിൽ കുംബ്ലെ (45), ജവഗൽ ശ്രീനാഥ് (43) എന്നിവരാണ് മുന്നിൽ. മുഹമ്മദ് ഷമി (35), സഹീർ ഖാൻ (30) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ.