കൊൽക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പ്രാഥമിക റൗണ്ടിലെ ഒന്നാമന്മാരെ തീരുമാനിക്കാനുള്ള കരുത്തരുടെ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയയ്ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ഫാസ്റ്റ് ബൗളർ ജെറാൾഡ് കോറ്റ്സിക്ക് പകരം സ്പിന്നർ തബരായിസ് ഷംസിയെ ഉൾപ്പെടുത്തിയതാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ ഏക മാറ്റം.

കൊൽക്കത്ത ഈഡൻഗാർഡൻസ് ഗ്രൗണ്ടിലാണ് മത്സരം. അവസാന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയേയും ദക്ഷിണാഫ്രിക്ക ന്യൂസീലൻഡിനേയും നിലംപരിശാക്കിയതിന്റെ ആവേശത്തിലാണ് ഇരുടീമുകളും
ഇന്നത്തെ മത്സരത്തിനിങ്ങിയിട്ടുള്ളത്.

ഏഴുകളിയിൽ 14 പോയന്റുള്ള ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയെ കീഴടക്കിയാൽ ഒന്നാംസ്ഥാനക്കാരായി പ്രാഥമികറൗണ്ട് പൂർത്തിയാക്കാം. ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും അതേ സാധ്യതയുണ്ട്. പോയന്റ് തുല്യനിലയിലാകുമെങ്കിലും മികച്ച റൺറേറ്റ് ദക്ഷിണാഫ്രിക്കയെ ഒന്നാമതാക്കും. ലോകകപ്പിൽ നെറ്റ് റൺറേറ്റിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ ഒരുപടി മുന്നിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യക്ക് പ്ലസ് ടു.102 റൺറേറ്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് പ്ലസ് ടു.290 ഉണ്ട്. ഇന്ന് ദക്ഷിണാഫ്രിക്ക ജയിച്ചാൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ഒന്നാമതെത്തും.

ഇന്ത്യൻ താരം വിരാട് കോലിയുടെ പിറന്നാൾ കൂടിയാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ കോലിയുടെ മികച്ച പ്രകടനം കാണാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തുടർച്ചയായ എട്ടാം വിജയത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ജയത്തോടെ കോലിയുടെ പിറന്നാൾ ആഘോഷത്തിന് കൂടുതൽ മധുരം പകരാനാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്.

ദക്ഷിണാഫ്രിക്കയാവട്ടെ നെതർലൻഡ്‌സിന് മുന്നിൽ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങളിൽ 14 പോയിന്റാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് 12 പോയിന്റും. ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. ജെറാൾഡ് കോട്സീക്ക് പകരം തബ്രൈസ് ഷംസി ടീമിലെത്തി. ഇരു ടീമുകളും നേരത്തെ സെമി ഉറപ്പിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, തെംബ ബവൂമ, റാസി വാൻ ഡർ ഡസ്സൻ, എയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ലുംഗി എൻഗിഡി.

ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.