ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. സ്പിന്നർമാരാണ് പ്രോട്ടീസ് ബാറ്റിങ് നിരയെ കറക്കിവീഴ്‌ത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് എല്ലാവരും പുറത്തായി. 34 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. നാലു വിക്കറ്റെടുത്ത കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ വാഷിങ്ടൺ സുന്ദറും ഷഹബാസ് അഹമ്മദും മുഹ്ഹമദ് സിറാജും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തന്നെ തിരിച്ചടി നേരിട്ടു. ടീം സ്‌കോർ ഏഴുറൺസിൽ നിൽക്കെ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ വാഷിങ്ടൺ സുന്ദർ പുറത്താക്കി. 10 പന്തിൽ ആറുറൺസെടുത്ത ഡി കോക്കിനെ സുന്ദർ ആവേശ് ഖാന്റെ കൈയിലെത്തിച്ചു. പിന്നാലെ മറ്റൊരു ഓപ്പണറായ ജാന്നേമാൻ മലാനും പുറത്തായി. 15 റൺസെടുത്ത മലാനെ മുഹമ്മദ് സിറാജ് ആവേശ് ഖാന്റെ കൈയിലെത്തിച്ചു. സിറാജിന്റെ ഷോർട്ട് പിച്ച് ബോൾ നേരിടുന്നതിൽ താരം പിഴവുവരുത്തി.

പിന്നാലെ വന്ന റീസ ഹെൻഡ്രിക്സും (3) എയ്ഡൻ മാർക്രവും (9) അപകടകാരിയായ ഡേവിഡ് മില്ലറും (7) ആൻഡിൽ ഫെലുക്വായോയും (5) നിലയുറപ്പിക്കുംമുൻപ് പുറത്തായതോടെ ദക്ഷിണാഫ്രിക്ക വലിയ തകർച്ചയിലേക്ക് വീണു. വെറും 71 റൺസെടുക്കുന്നതിനിടെ ആറുവിക്കറ്റുകൾ നിലംപൊത്തി.

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ഹെന്റിച്ച് ക്ലാസൻ പിടിച്ചുനിന്നു. മികച്ച ഷോട്ടുകളുമായി താരം കളം നിറഞ്ഞു. എന്നാൽ ക്ലാസനും ടീമിനെ രക്ഷിക്കാനായില്ല. 41 പന്തുകളിൽ നിന്ന് നാല് ബൗണ്ടറിയടക്കം 34 റൺസെടുത്ത ക്ലാസനെ ഷഹബാസ് അഹമ്മദ് ക്ലീൻ ബൗൾഡാക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 93 റൺസിന് ഏഴുവിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നാട് വന്ന ഇമാദ് ഫോർട്യൂയിനെയും (1) ആന്റിച്ച് നോർക്യെയെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയെ തകർത്തു. ടീം സ്‌കോർ 99-ൽ നിൽക്കേ അവസാന പ്രതീക്ഷയായിരുന്ന മാർക്കോ യാൻസണെയും വീഴ്‌ത്തി കുൽദീപ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് തിരശ്ശീലയിട്ടു. യാൻസൺ 14 റൺസെടുത്ത് പുറത്തായി.

മാർക്കോ ജാൻസൺ(14), ബോൺ ഫോർട്യുൻ(1), ആന്റിച്ച് നോർക്യ(0) എന്നിവരാണ് കുൽദീപിന്റെ സ്പിന്നിന് മുന്നിൽ മുട്ടുമടക്കിയത്. മൂന്ന് ബാറ്റർമാർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലോവറിൽ 15 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ് 4.1 ഓവറിൽ 18 റൺസിന് നാല് വിക്കറ്റെടുത്തു. വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.