കണ്ണൂർ: കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ആവശ്യം ശക്തമാകുന്നു. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. മുല്ലപ്പള്ളിക്കെതിരെ തുറന്നടിച്ചു ഷാനിമോൾ ഉസ്മാൻ രംഗത്തുവന്നതിന് പിന്നാലെ ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയും കെപിസിസി അധ്യക്ഷനെതിരെ രംഗത്തെത്തി.

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ്. ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോൺഗ്രസിന് നാണക്കേടാണ്. രാജിവെച്ചില്ലെങ്കിൽ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്ക് പിന്നാലെ കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് മേൽ ഒരു വിഭാഗം ശക്തമാക്കുകയാണ്.

കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരൻ അനുയോജ്യനെന്ന് പരോക്ഷമായി സൂചിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തുവന്നു. സുധാകരൻ മികച്ച നേതാവാണ്. വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം. നിലവിൽ സുധാകരനു മാത്രമെ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കുകയുള്ളുവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കേരളത്തിലെ യുഡിഎഫിന്റെ ദയനീയ തോൽവിക്കു പിന്നാലെയാണ് തിരുവഞ്ചൂറിന്റെ തുറന്നു പറച്ചിൽ ഉണ്ടായിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് എ.കെ. ആന്റണിയും രംഗത്തുവന്നിരുന്നു. തുടർഭരണത്തിനുള്ള ജനവിധി അപ്രതീക്ഷിതമാണെന്നും എന്നാൽ ജനവിധിയെ ബഹുമാനപൂർവം അംഗീകരിക്കുന്നുവെന്നും ആന്റണി പറഞ്ഞു. ഒരു ജനവിധിയും സ്ഥിരമല്ല. 1967ൽ കോൺഗ്രസ് അംഗസംഖ്യ ഒമ്പതായി ചുരുങ്ങിയിരുന്നു. പിന്നീട് പാർട്ടി ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്നും ആന്റണി കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെയോ, കെ മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടപ്പാക്കിയത് മുഴുവൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങളായിരുന്നുവെന്നും, സ്ഥാനാർത്ഥി പട്ടിക പോലും രാഹുലിന്റെ മേൽനോട്ടത്തിലാണ് തയ്യാറാക്കിയതെന്നുമാണ് മറുവാദം.

എല്ലാ പഴുതുകളുമടച്ച് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിലേക്ക് എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ധാരണ. കേരളത്തിലെ ജയത്തോടെ ദേശീയ തലത്തിൽ ഒരു തിരിച്ചുവരവിന് നാന്ദി കുറിക്കാമെന്നും നേതാക്കൾ പ്രതീക്ഷിച്ചു. എന്നാൽ ജയസാധ്യതയുള്ളിടത്ത് പോലും ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി നേതൃത്വത്തെ അമ്പരപ്പിച്ചു. സീറ്റ് മോഹികളുടെ നിരാശ കാലുവാരലിലേക്ക് നീങ്ങിയെന്ന പരാതികൾ നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. നിശബ്ദമായ ഗ്രൂപ്പ് യുദ്ധവും തിരിച്ചടിയായി.

യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ അടക്കം വലിയ തോൽവിയാണ് ഇക്കുറി നേരിട്ടത്. ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇത്രയധികം ആഘാതമുണ്ടാവുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചില്ല. പ്രചരണ വേളയിൽ വിവാദ പ്രസ്താവനകൾ നടത്തി രംഗം ചൂടാക്കിയ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ തോൽവിക്ക് പിന്നാലെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

നേരത്തെ എൽഡിഎഫ് അധികാരത്തിൽ വന്നാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന് പ്രവചിച്ച സുധാകരൻ വിവാദത്തിലായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളുടെ പ്രതികരണത്തെക്കാൾ സുധാകരൻ എന്ത് പറയുന്നമെന്നത് സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകരും ആകംശയിലാണ്. കോൺഗ്രസിന്റെ പതനം അംഗീകരിച്ച് മൂവരും സ്ഥാനത്ത് നിന്ന് മാറിയാൽ സംസ്ഥാന നേതൃത്വത്തിലേക്ക് എത്താൻ സുധാകരൻ ശ്രമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

പാർട്ടി പിടിച്ചെടുക്കാൻ സുധാകരൻ ശ്രമിച്ചാൽ എ, ഐ ഗ്രൂപ്പുകൾക്കും കാര്യമായൊന്നും ചെയ്യാനാവില്ല. തെരഞ്ഞെടുപ്പിലെ പരാജയം ഇരു ഗ്രൂപ്പുകൾക്കും കനത്ത ആഘാതമാണ്. ഈ സാഹചര്യത്തിൽ കലാപക്കൊടി പാറിച്ചാൽ പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ കാര്യമായി ബാധിക്കുമെന്ന് ഗ്രൂപ്പ് നേതാക്കൾക്ക് അറിയാം. കോൺഗ്രസിന്റെ പ്രാഥമിക വിലയിരുത്തൽ പൂർത്തിയാക്കി ശേഷമാവും യുഡിഎഫ് യോഗം ചേരുക. കോൺഗ്രസ് നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ അഭിപ്രായവും പരിഗണിക്കേണ്ടി വരും. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ലീഗ് എംഎ‍ൽഎയുടെ പേര് നിർദ്ദേശിക്കപ്പെട്ടാലും അദ്ഭുതപ്പെടേണ്ടി വരില്ല.