ലണ്ടൻ: അദ്ധ്വാനിക്കാതെ അതിസമ്പന്നനാകുവാനുള്ള ആഗ്രഹം മനുഷ്യർക്ക് പൊതുവേയുള്ളതാണ്. കുറുക്കുവഴികളിലൂടെ നിരവധി പെരുടെ കണ്ണുനീർ കണ്ടായാലും ഇത്തരത്തിൽ പണം നേടുന്നവരുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്.. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഒരു രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും ജീവൻ അപകടത്തിലാക്കുന്ന ഒരു തട്ടിപ്പ്. ഇത്തരത്തിൽ തട്ടിപ്പുനടത്തിയ ഒരു കൗമാരക്കാരൻ പിടിയിലായിരിക്കുന്നു.

മാലിക്ക് യൂനസ് ഫസൽ എന്ന 17 കാരനെ അറസ്റ്റ് ചെയ്തത് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിയതിനാണ്. വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവർ ക്വാറന്റൈനിൽ ഇരിക്കുമ്പോഴുള്ള കോവിഡ് പരിശോധന ഒഴിവാക്കുന്നതിനായിരുന്നു ഇയാൾ ഈ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. ഒന്നിന് 80 പൗണ്ട് വിലയിട്ടായിരുന്നു ഈ വ്യാജ സർട്ടിഫിക്കറ്റ് വിറ്റിരുന്നത്.

പുതിയ ഇനം വൈറസുകളെ കണ്ടെത്തുവാനായി സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ടെസ്റ്റുകളിൽ റെജിസ്റ്റർ ചെയ്തതായി ഇയാൾ നൽകുന്ന വ്യാജരേഖകളിൽ കാണിക്കും. തുടർന്നാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകുക. നിരവധി പേർക്ക് കോവിഡ് വ്യാപിക്കുവാൻ ഈ വ്യാജ സർട്ടിഫിക്കറ്റ് സഹായിച്ചിട്ടുണ്ടാകും എന്ന് ഇന്നലെ ആരോഗ്യ വകുപ്പ വക്താക്കൾ പറഞ്ഞു. മാത്രമല്ല, ജനിതകമാറ്റം സംഭവിച്ച പല വൈറസുകൾക്കും വാക്സിനെതിരെ ഭാഗികമായെങ്കിലുംപ്രതിരോധശേഷി ഉണ്ടെന്നതിനാൽ, ഇയാളുടെ പ്രവർത്തി വാക്സിൻ പദ്ധതിയുടെ ഫലക്ഷമത തന്നെ ചോദ്യം ചെയ്യുകയും ചെയ്യും.

ഫെബ്രുവരി പകുതിയോടെ വിദേശയാത്രകഴിഞ്ഞ് മടങ്ങുന്ന ബ്രിട്ടീഷുകാർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് നിരവധി വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഇറങ്ങിയിട്ടുണ്ട് എന്ന വിവരം പൊലീസ് പുറത്തുവിടുന്നത്. ബിർമ്മിങ്ഹാം സ്വദേശിയായ ഫസൽനിർബന്ധമായ ട്രാവൽ ടെസ്റ്റ് പാക്കേജിന്റെ വ്യാജ ഇൻവോയ്സുകളായിരുന്നു വിറ്റിരുന്നത്. ഈ സേവനം യഥാർത്ഥത്തിൽ നൽകുന്ന സി ടി എം എന്ന കമ്പനിയുടെ വ്യാജ സർട്ടിഫിക്കറ്റുകളും ഇൻവോയ്സുകളുമാണ് ഇയാൾ ഇതിനായി ഉപയോഗിച്ചിരുന്നത്.

പരിശോധനകൾ ഉൾപ്പെടുന്ന പാക്കേജിന് 210 പൗണ്ടാണ് കമ്പനി വാങ്ങുന്നത്. ഇതിന്റെ സർട്ടിഫിക്കറ്റാണ് ഇയാൾ വ്യാജമായി നിർമ്മിച്ച് 80 പൗണ്ടിന് വിറ്റിരുന്നത്. മറ്റൊരു തട്ടിപ്പുകാരന്റെ ഫ്രാഞ്ചൈസിയായിട്ടാണ് താൻ പ്രവർത്തിക്കുന്നതെന്ന് ആവശ്യക്കാരനെന്ന വ്യാജേന ഇയാളെ സമീപിച്ച ഒരു റിപ്പോർട്ടറോട് ഇയാൾ പറഞ്ഞിരുന്നു. ലാഭത്തിന്റെ 80 ശതമാനം തനിക്കാണെന്നും ഇയാൾ പറഞ്ഞു. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്, പരിശോധനകളില്ലാതെ നിരവധി പേർ ബ്രിട്ടനിൽ എത്തി എന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

നിങ്ങൾക്ക് യഥാർത്ഥ സി ടി എം ആവശ്യമെങ്കിൽ അവർ നിങ്ങളുടെ ഫോൺ ട്രാക്ക് ചെയ്യുമെന്നും നിങ്ങൾ പരിശോധനകൾ നടത്തിയോ എന്ന് ഉറപ്പാക്കുമെന്നും ഇയാൾ പറയുന്നു. ഇവിടെ യാതൊന്നും ചെയ്യാതെ തന്നെ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുകയാണെന്നും ഇയാൾ റിപ്പോർട്ടറോട് പറഞ്ഞു. യു കെ യിൽ പ്രവേശിക്കുന്നതിനു മുൻപ് നിർബന്ധമായും ചെയ്തിരിക്കേണ്ട പി സി ആർ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോർട്ട് കോപ്പിയും ഇയാൾ വ്യാജമായി നിർമ്മിച്ച് വില്പന നടത്തിയിരുന്നു. ഫേസ്‌ബുക്ക് വഴിയായിരുന്നു ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.