ലണ്ടൻ: വ്യത്യസ്തമായ കാരണങ്ങളാൽ ഇന്ത്യയും പാക്കിസ്ഥാനും ബ്രിട്ടനോട് ഏറ്റുമുട്ടുന്നു. ഇതാദ്യമായാണ് ഒരേ സമയം രണ്ടു അയൽരാജ്യങ്ങൾ ബ്രിട്ടനോട് കലഹിക്കുന്നത്. രണ്ടു രാജ്യങ്ങളും വൈകാരികമായി ബ്രിട്ടനുമായി ഏറെ അടുത്തു നിൽക്കുന്നതിനാലും വളരെ തന്ത്രപരമായ നീക്കമാണ് ബ്രിട്ടൻ നടത്തുന്നത്. ഇന്ത്യയിൽ ഉൽപാദിപ്പിച്ച കോവിഡ് വാക്സിൻ എടുത്തവർക്കു യുകെയിൽ ഹോം ക്വറന്റൈൻ വേണമെന്ന നിർബന്ധം വംശീയതയായി ഇന്ത്യ ഉയർത്തിക്കാട്ടുബോൾ ക്രിക്കറ്റ് മത്സരം തടസപ്പെടുന്നതിന്റെ പേരിലാണ് പാക്കിസ്ഥാന്റെ മുറുമുറുപ്പ്.

ബ്രിട്ടൻ തങ്ങളെ വഞ്ചിക്കുക ആയിരുന്നു എന്ന് പാക് ക്രിക്കറ്റ് ബോർഡ് പരസ്യമായി പറഞ്ഞു കഴിഞ്ഞു. വാക്സിൻ തരംതിരിവിന്റെ പേരിൽ അബദ്ധം മനസിലാക്കിയ ബ്രിട്ടൻ കയ്യോടെ ഇന്ത്യയിൽ ഉൽപാദിപ്പിച്ച കോവിഡ് വാക്സിന് അംഗീകാരം നൽകാൻ തയ്യാറാണെന്നു വ്യക്തമാക്കിയെങ്കിലും ഇന്ത്യയിൽ നിന്നെത്തുന്നവരുടെ കൈവശമുള്ള സർട്ടിഫിക്കറ്റ് ശരിയല്ലെന്ന പുതിയ നിലപാടിലേക്ക് നീങ്ങിയിരിക്കുകയാണ്. ബ്രിട്ടൻ കാലങ്ങളായി കൂടെ കരുതുന്ന വംശീയതയുടെ ഏറ്റവും പുതിയ പതിപ്പാണ് വാക്സിന്റെ പേരിൽ ഇന്ത്യക്കാരോട് കാട്ടുന്ന വിവേചനം എന്ന് പരക്കെ മുറുമുറുപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് അൽപം പിന്നോക്കം പോകാൻ ബ്രിട്ടൻ തയ്യാറായത്.

അതിനിടെ ഒക്ടോബർ നാല് മുതൽ പുതിയ നിബന്ധനകളും ഇളവുകളും എത്തുമ്പോൾ ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ചു ബ്രിട്ടനിൽ എത്തുന്നവർ നിർബന്ധമായും ഹോം ക്വാറന്റൈൻ ഇരിക്കണമെന്ന നിഷ്‌കർഷയിൽ ഇളവ് നൽകിയിട്ടില്ല. ഇക്കാര്യത്തിലാണ് ശശി തരൂർ എംപി ഇടഞ്ഞതും തുടർന്ന് ഇന്ത്യൻ മാധ്യമങ്ങൾ വിവാദമാക്കിയതോടെ ലോകമെങ്ങും വാർത്തയായതും. തുടക്കം മുതൽ ഓക്സ്ഫോർഡ് സർവ്വകലാശാലയോട് സഹകരിച്ചു പ്രവർത്തിച്ച ഇന്ത്യക്കു ബ്രിട്ടന്റെ നീക്കം വലിയ അപമാനമായി മാറുകയും ചെയ്തു.

സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി ശക്തമായ ഭാഷയിൽ ബ്രിട്ടനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാക്സിനല്ല ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റിനാണ് കുഴപ്പം എന്ന മയപ്പെടുത്തിയ നിലപാടിലേക്ക് ബ്രിട്ടൻ മാറുന്നത്. എന്നാൽ സർട്ടിഫിക്കറ്റുകളിൽ ഉള്ള ആശയക്കുഴപ്പം ഇന്ത്യക്കു വേണമെങ്കിൽ അതിവേഗം പരിഹരിക്കാവുന്നത് ആയതിനാൽ വിവാദത്തിന് അറുതിയാകും എന്ന പ്രതീക്ഷയാണ് എവിടെയും.

ആശങ്കയോടെ യുകെ മലയാളികൾ

എന്നാൽ തങ്ങളും ഉടക്കാൻ മോശം അല്ലെന്നു വ്യക്തമാക്കി ബ്രിട്ടനിൽ നിന്നും വാക്സിൻ എടുത്ത് ഇന്ത്യയിൽ എത്തുന്നവർക്കും ഹോം ക്വാറന്റൈൻ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് ഇന്ത്യയും വ്യക്തമാക്കിയതോടെയാണ് ബ്രിട്ടൻ അയഞ്ഞ നിലപാടിലേക്ക് മാറിയത്. ഇതോടെ ബ്രിട്ടനിൽ മലയാളികൾ അടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലും വാക്സിൻ സംബന്ധിച്ച സന്ദേശങ്ങൾ നിറഞ്ഞു തുടങ്ങി. ഏവർക്കും അറിയേണ്ടിയിരുന്നത് ഹോം ക്വാറന്റൈൻ ഒഴിവാക്കിയോ എന്നായിരുന്നു.

ബ്രിട്ടന്റെ ചുവടു പിടിച്ചു ഇന്ത്യയും കർക്കശ നിലപാടിലേക്ക് നീങ്ങിയാൽ ഇപ്പോൾ ലഭിച്ച കോവിഡ് സ്വാതന്ത്ര്യം നാട്ടിലെത്തുന്ന യുകെ മലയാളികൾക്കും നഷ്ടമാകും എന്ന ആശങ്കയാണ് എവിടെയും. ഇതോടെ ഏതപ്പൻ വന്നാലും അമ്മയ്ക്ക് കിടക്കപ്പൊറുതി ഉണ്ടാകില്ല എന്ന നാടൻ ചൊല്ലിനെ ആസ്പദമാക്കിയുള്ള കമന്റുകളും യുകെ മലയാളികൾക്കിടയിൽ പ്രചാരം നേടി. വാക്സിൻ അംഗീകരിക്കുന്നു എന്ന് പറയുമ്പോഴും ഹോം ക്വാറന്റീനെ, രണ്ടാമത്തെയും എട്ടാമത്തെയും ദിവസത്തെ പരിശോധന എന്നിവയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഇത് ഒഴിവാക്കി എന്ന് ഇതുവരെ ബ്രിട്ടൻ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യൻ വാക്സിനും ബ്രിട്ടന്റെ അംഗീകാരമായി എന്ന വാർത്ത എല്ലായിടത്തും പറന്നെത്തിയപ്പോഴും ബിബിസി നൽകിയ റിപ്പോർട്ടിലും അവ്യക്തത സംബന്ധിച്ച് ഊന്നൽ നൽകിയാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേരിലാണ് ശശി തരൂർ യാത്ര മുടക്കിയത് എന്നതിനാലും കൃത്യമായ വിശദീകരണം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. അനുകൂല തീരുമാനം ഉണ്ടാകുന്നതിനായി ഇന്ത്യയിൽ നിന്നും ശക്തമായ സമ്മർദമാണ് ഏവരും പ്രതീക്ഷിക്കുന്നത്.

പ്രത്യേകിച്ചും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഈ ദിവസങ്ങളിൽ പറന്നിറങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ഏറ്റവും വേഗത്തിൽ ഉള്ള തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തുന്ന ഓരോ യാത്രക്കാരും രണ്ടു ടെസ്റ്റ് നടത്തുന്നതിന് 96 പൗണ്ട് മുതൽ 150 പൗണ്ട് വരെയാണ് ഇപ്പോൾ സ്വകാര്യ ഏജൻസികൾക്ക് നൽകുന്നത്. ഇതിലൂടെ ബില്യൺ പൗണ്ട് കച്ചവടമാണ് നടക്കുന്നതും. ഇങ്ങനെ രാഷ്ട്രീയമായും സാമ്പത്തികമായും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുകയാണ് വാക്സിൻ വിവാദം എന്നതിനാൽ ഏതു തീരുമാനത്തിനു പ്രത്യാഘാതങ്ങൾ പലതായിരിക്കും.

ഇന്ത്യക്കാർ രണ്ടാം കിടക്കാരോ, ചോദിക്കാനും പറയാനും ആളുണ്ട്

ഇക്കഴിഞ്ഞ 17നു ബ്രിട്ടൻ പ്രഖ്യാപിച്ച യാത്ര നിർദ്ദേശങ്ങളാണ് ഇപ്പോൾ കോളിളക്കമായി മാറിക്കൊണ്ടിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ അടുത്ത മാസം നാലിന് പുലർച്ചെ നാലു മണി മുതൽ എത്തുന്ന യാത്രക്കാർക്കായിരിക്കും ബാധകം. ഇക്കഴിഞ്ഞ ഏപ്രിൽ 23 നു ഇന്ത്യയെ രണ്ടാം കോവിഡ് തരംഗം പിടിച്ചുലച്ചതോടെ റെഡ് ലിസ്റ്റിൽ തള്ളിയ ബ്രിട്ടൻ പിന്നീട് ഏറെ സമ്മർദങ്ങൾക്ക് ശേഷമാണു ഓഗസ്റ്റ് എട്ടിന് ആംബർ ലിസ്റ്റിലേക്ക് ഉയർത്തിയത്. അതേ ഘട്ടത്തിൽ തന്നെ റെഡ് ലിസ്റ്റിൽ ഉള്ള രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ ഹോട്ടൽ ക്വറന്റിന് ഫീസ് 1750 പൗണ്ടിൽ നിന്നും 500 പൗണ്ട് വർധിപ്പിക്കുകയും ചെയ്തിരുന്നു.

ഈ തീരുമാനം ഇന്ത്യയിൽ എത്തി മടങ്ങി വരുന്നവർക്കും ഇന്ത്യയിൽ നിന്നും യുകെ സന്ദർശനത്തിനും പഠനത്തിനും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും എത്തുന്നവർക്കും വലിയ ആശ്വാസമാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ യുകെ എടുത്ത തീരുമാനം സാമ്പത്തിക ആഘാതം എന്നതിൽ ഉപരി രണ്ടാം കിട പൗരന്മാർ എന്ന് കരുതും വിധമുള്ള വിവേചനമയമാണ് ചിത്രീകരിക്കപ്പെട്ടതു. ഇതോടെയാണ് ശശി തരൂർ ഉൾപ്പെടെയുള്ളവർ വിഷയം ഏറ്റെടുക്കുന്നതും കേന്ദ്ര സർക്കാർ അടിയന്തിരമായി ബ്രിട്ടനെ നയം മാറ്റത്തിനു പ്രേരിപ്പിക്കുന്നതും.

പാക്കിസ്ഥാനും മുറുമുറുപ്പ്

അതിനിടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും മറ്റൊരു എതിർപ്പുകൂടി ബ്രിട്ടൻ നേരിടുകയാണ്. ചിരകാല പങ്കാളികൾ ആയ പാക്കിസ്ഥാൻ ഭാഗത്തു നീന്നുമാണ് ഈ പരാതി എത്തുന്നത്. ബ്രിട്ടൻ ചതിച്ചു എന്നാണ് പരസ്യമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിൽ നിന്നും ബ്രിട്ടൻ പിന്മാറിയതാണ് പാക് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്. ബ്രിട്ടന്റെ പിന്നാലെ ന്യുസിലൻഡും സുരക്ഷാ കാരണം പറഞ്ഞു മത്സരത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്.

അവസാന നിമിഷമുള്ള ഈ പിന്മാറ്റം പാക്കിസ്ഥാനെ വല്ലാതെ വിഷമിപ്പിക്കുകയാണ്. ഇംഗ്ലണ്ട്, വെയിൽസ് പുരുഷ വനിതാ ടീമുകളാണ് പാക് സന്ദർശനത്തിന് തയ്യാറെടുത്തിരുന്നത്. അഫ്ഗാൻ വിഷയം ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലണ്ടിന്റെയും ന്യൂസിലണ്ടിന്റേയും പിന്മാറ്റം എന്നും വിലയിരുത്തപ്പെടുന്നു. മത്സരത്തിന് പാക്കിസ്ഥാനിൽ എത്തിയ ശേഷമാണു ന്യൂസിലാൻഡ് പിന്മാറ്റം അറിയിച്ചതെങ്കിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ടൂർണമെന്റിൽ നിന്നുമാണ് ഇംഗ്ലണ്ടിന്റെ പിന്മാറ്റം.