പട്‌ന: ആത്മഹത്യ ചെയ്യാൻ പലർക്കും വിചിത്രമായ കാരണങ്ങളാണ് ഈ ലോകത്തുള്ളത്. മനസ്സിനെ ഉലയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ അത് ആത്മഹത്യയിൽ കലാശിക്കാറുണ്ട്. കുടുംബ പ്രശ്‌നങ്ങളും ഇത്തരത്തിലുള്ളത്. എന്നാൽ, മീൻകറിയ ചൊല്ലിയുള്ള തർക്കം ബിഹാറിലെ വീട്ടമ്മയുടെ ജീവനെടുക്കുന്ന സംഭവത്തിലാണ് അവസാനിച്ചത്. നിസ്സാര തർക്കമാണ് ഒരാളുടെ ജീവനെടുക്കുന്ന സംഭവത്തിൽ അവസാനിച്ചത്. മീൻ കറിയിൽ മീൻ കിട്ടാത്തതുമായി ബന്ധപ്പെട്ടുണ്ടായ ഒരു ചെറിയ തർക്കമാണ് സാറാ ദേവി എന്ന 31കാരിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

ബീഹാറിലെ ഭഗൽപുരിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കർഷകനായ കുന്ദൻ മണ്ഡൽ എന്നയാളുടെ ഭാര്യയാണ് സാറാ ദേവി. നാല് മക്കളാണിവർക്ക്. സംഭവം നടന്ന ദിവസം കുന്ദൻ വീട്ടിലേക്ക് രണ്ട് കിലോ മീൻ വാങ്ങിയിരുന്നു. ഉച്ചഭക്ഷണത്തിനായി ഭാര്യ സ്വാദേറിയ മീൻ കറി തയ്യാറാക്കുകയും ചെയ്തു. അച്ഛനും നാലും മക്കളും ഇത് കൂട്ടി സുഭിക്ഷമായി ഭക്ഷണം കഴിച്ചു. എല്ലാവരുടെയും വയറ് നിറച്ച ശേഷം കഴിക്കാനിരുന്ന സാറാ ദേവിക്ക് കറിയിൽ മീനൊന്നും ബാക്കിയുണ്ടായിരുന്നില്ല.

തുടർന്ന് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ അളവ് കുറഞ്ഞു പോയെന്ന് പറഞ്ഞ് ഇവരും ഭർത്താവും തമ്മിൽ തർക്കം ഉണ്ടായി. മിച്ചം വന്നത് കഴിക്കാൻ ഭാര്യയോട് നിർദ്ദേശിച്ച കുന്ദൻ, താൻ വൈകിട്ട് മാർക്കറ്റിൽ പോയി കൂടുതൽ മീൻ വാങ്ങിക്കൊണ്ടുവരാമെന്ന് പറയുകയും ചെയ്തു. എന്നാൽ 'ബാക്കി വന്ന ഭക്ഷണം' കഴിക്കാൻ നിർദ്ദേശിച്ച ഭർത്താവിന്റെ വാക്കുകൾ സാറാ ദേവിയെ വളരെയധികം വേദനിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇവർ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

ഉച്ചയൂണിന് ശേഷം ഭർത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങിയ സമയത്താണ് സാറ ജീവനൊടുക്കിയത്. സംഭവം അറിഞ്ഞ് വീട്ടിലേക്ക് പാഞ്ഞെത്തിയ കുന്ദൻ, ഭാര്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ചികിത്സ ആരംഭിച്ചെങ്കിലും യുവതി വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

'മീനിന്റെ പേരിലെ തർക്കത്തിൽ ഒരാൾ ജീവനൊടുക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല' എന്നായിരുന്നു കുന്ദന്റെ പ്രതികരണം. ഇത്തരം ചെറിയ കാര്യങ്ങൾക്ക് ആത്മഹത്യാപ്രേരണ കാണിച്ചിരുന്ന ആളായിരുന്നില്ല ഭാര്യയെന്നും ഇയാൾ വ്യക്തമാക്കി. അതേസമയം മീൻകറിക്കഥയാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതെങ്കിലും ഇത് പൂർണ്ണമായും വിശ്വസിക്കാൻ യുവതയുടെ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറായട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.