കോഴിക്കോട്: സംസ്ഥാന കോൺഗ്രസിനുള്ളിൽ കൂടുതൽ ഒറ്റപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂർ. യുഡിഎഫ് പഠിച്ച ശേഷം സമരത്തിന് ഇറങ്ങാമെന്ന് തീരുമാനിച്ച കെ റെയിൽ പദ്ധതിയിൽ തരൂർ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് തരൂരിനെ ശാസിച്ചു കൊണ്ട് രംഗത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസും തരൂരിന് എതിരായ നിലപാടുമായി രംഗത്തുവന്നു.

ലുലു മാളിന്റെ ഉദ്ഘാടന ദിവസവും തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയ ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസാണ് രംഗത്തെത്തിയത്. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികൾ തരൂരിനെതിരെ ആഞ്ഞടിച്ചത്.

യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്ന തരൂർ പിണറായിയുടെ അണ്ടറിൽ പണിയെടുക്കുന്ന സെക്രട്ടറി ആകരുതെന്നായിരുന്നു സംസ്ഥാന ജന:സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് വിമർശിച്ചത്. ലുലു മാളിന്റെ ഉത്ഘാടന ദിവസം പിണറായിയെ പുകഴ്‌ത്തുക മാത്രമല്ല കോൺഗ്രസിനെയും യു.ഡി.എഫ് നേയും ഇകഴ്‌ത്തുക കൂടി ആണ് ചെയ്തത്.കെ.റെയിൽ എന്നത് കേരളത്തെ തന്നെ തകർക്കുന്ന പദ്ധതിയാണെന്നും അബിൻ വർക്കി പറഞ്ഞു.

നേരത്തെ കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും പിന്തുണച്ച ശശി തരൂർ എംപിക്ക് കടുത്ത മറുപടിയാണ് കെ സുധാകരൻ നൽകിയത്. പാർട്ടിക്കകത്തുള്ളവരാണെങ്കിൽ പാർട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അതുമാത്രമാണ് പാർട്ടിക്ക് പറയാനുള്ളതെന്നും കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരുണ്ടായിരിക്കും. അത് സ്വാഭാവികമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ഇല്ലെങ്കിൽ ജനാധിപത്യം പൂർണമാവില്ല.

എന്നാലും ഓരോ പ്രവർത്തകരും പാർട്ടിക്ക് വിധേയരാകേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിന്റെ വൃത്തത്തിൽ ഒതുങ്ങാത്ത ലോകം കണ്ട ആളാണ് ശശി തരൂർ. അപ്പോൾ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കും. അത് പറയുന്നതിലും പ്രകടിപ്പിക്കുന്നതിലും തെറ്റില്ല. പക്ഷെ ആത്യന്തികമായി പാർട്ടി നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനും സാധിക്കണമെന്നാണ് കോൺഗ്രസിന് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത്. ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല.

വിഷയത്തിൽ ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും നേരിട്ട് കണ്ട് സംസാരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ ശശി തരൂരിന്റെ പ്രതികരണം ലഭിച്ചതിന് ശേഷമേ കൂടുതൽ പ്രതികരിക്കു. കെ റെയിലിനെ കുറിച്ച് ആഴത്തിൽ പഠിച്ച ശേഷമാണ് എതിർത്തത്. പാർട്ടിയുടെ തീരുമാനത്തിൽ പിഴവില്ല. ആ തീരുമാനത്തെ മറികടക്കാനുള്ള ധൈര്യം ശശി തരൂരിനുണ്ടോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. അങ്ങനെ ഉണ്ടെങ്കിൽ തെറ്റ് തിരുത്തുന്നതിന് പ്രശ്നമില്ലല്ലോയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.