ബംഗളൂരു: ബംഗളുരുവിൽ വീട്ടമ്മയെ നടുറോഡിൽ വെച്ചു വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. വീട്ടമ്മയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം ഏഴുപേർ അറസ്റ്റിൽ. ബെലന്തൂരിൽ താമസിക്കുന്ന അർച്ചന റെഡ്ഡിയാണ് (38) മകന്റെ കൺമുന്നിൽ ഡിസംബർ 27ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നവീൻ കുമാർ, സഹായി കസവനഹള്ളി സന്തോഷ് എന്നിവരടക്കം ഏഴുപേർ പിടിയിലായതായി സൗത്ത് ഈസ്റ്റ് ഡി.സി.പി ശ്രീനാഥ് എം. ജോഷി പറഞ്ഞു.

കൊലപാതകത്തിൽ അർച്ചനയുടെ മകൾ യുവികയുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. അർച്ചനയുടെ ആദ്യ ഭർത്താവിലുള്ള മകളാണ് യുവിക. ഇവരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കുറച്ചുകാലമായി യുവികയും നവീൻ കുമാറും ഒന്നിച്ചാണ് കഴിയുന്നത്. അർച്ചനയും മകനും വേറെയാണ് താമസം.

ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹൊസ റോഡിൽ പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അർച്ചന സഞ്ചരിച്ച ഇന്നോവ കാർ അക്രമികൾതടഞ്ഞ ശേഷം കാറിന്റെ ചില്ല് തകർത്ത് പുറത്തേക്ക് വലിച്ചിറക്കിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

ജിഗനിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ശേഷം മടങ്ങുകയായിരുന്നു അവർ. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരന്റെ മകളായിരുന്ന അർച്ചനയുടെ പേരിൽ നഗരത്തിൽ പലയിടങ്ങളിലും ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഇവ കൈവശപ്പെടുത്തി ആഡംബര ജീവിതം നയിക്കുന്നതിനായാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചുവർഷം മുമ്പാണ് അർച്ചനയും നവീനും തമ്മിൽ വിവാഹിതരായത്.