കോഴിക്കോട്: ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ പ്രതിചേർത്ത കോഴിക്കോട് സ്വദേശിനി അഞ്ചൽ ആനന്ദിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. മണിപ്പാലിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന പെൺകുട്ടിയുടെ ഫോണും, ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലബ്് ഹൗസിലെ ചർച്ചക്കിടെ പെൺകുട്ടി അപമാനിച്ചു എന്നാണ് പരാതി.

മതവിദ്വേഷ പ്രചാരണം നടത്തിയ ആറുപേരിൽ ഒരാൾ അഞ്ചൽ ആനന്ദാണെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഡൽഹി പൊലീസ് കോഴിക്കോട്ട് എത്തിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിലേക്ക് എത്തിയത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ലഖ്നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷപരവും അശ്ളീലവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ഇതിൽ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ അധ്യക്ഷ സ്വാതി മാലിവാൾ കഴിഞ്ഞയാഴ്ച പൊലീസിനു നോട്ടീസ് നൽകിയിരുന്നു.

ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിന് മുംബൈ പൊലീസ് മൂന്ന് പേരെ ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു .ഹിന്ദുത്വ തീവ്രവാദികൾ മുസ് ലിം സ്ത്രീകളെ ഓൺലൈൻ ലേലത്തിന് വെച്ച സുള്ളി ഡീൽസ്, ബുള്ളി ബായ് എന്നീ ആപ്പുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ക്ലബ് ഹൗസിൽ മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നത്.

മുസ് ലിം പെൺകുട്ടികളെ ബലാൽസംഗം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു ക്ലബ് ഹൗസ് ചർച്ചയിലെ ഉള്ളടക്കം. മുസ് ലിം പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകർക്കുന്നതിന് തുല്ല്യംമെന്ന വിധത്തിൽ വർഗീയത നിറഞ്ഞതായിരുന്നു ചർച്ച.

മുസ്ലിം പെൺകുട്ടികൾക്കെതിരായ വംശീയ ആക്രമണത്തിനുള്ള ആക്രോശം 'ജയ് ശ്രീരാം' വിളികളോടെയാണ് ചർച്ചയിൽ പങ്കെടുത്തവർ സ്വാഗതം ചെയ്തത്. മുസ് ലിം പെൺകുട്ടികളെ ബലാൽസംഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മോശം പരാമർശങ്ങളും ചർച്ചയിൽ ഉണ്ടായി. യുവതികൾ ഉൾപ്പടെ ഇത്തരം ചർച്ചകളെ പ്രോൽസാഹിപ്പിക്കുകയായിരുന്നു.