തിരുവനന്തപുരം: ഒരു വശത്ത് പിണറായി വിജയനുമായി നോ കോംപ്രമൈസ് നിലപാടിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുമായി കോർത്തു കൊണ്ട് മുന്നോട്ടു പോകുമ്പോൾ തന്നെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായും അദ്ദേഹം മുന്നോട്ടു പോകുകയാണ്. ഇതിനായി സമഗ്രമായ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അടിമുടി അഴിച്ചുപണിക്കുള്ള നീക്കം.

താഴെ തട്ടു മുതൽ തന്നെ ഉടച്ചുവാർക്കലുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സിപിഎം മാതൃക പിന്തുടർന്ന് വീടുകൾക്ക് ചുമതലക്കാരെ നിയോഗിക്കാനാണ് ആലോചന. ഇതിനായി മൈക്രോ ലെവൽ സമിതി അല്ലെങ്കിൽ യൂണിറ്റ് രൂപീകരിക്കും. ഇതോടെ ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാമെന്ന നിർദ്ദേശമാണ് പരിഗണനയിൽ. വീടുകളുമായി ഉണ്ടായിരുന്ന അടുപ്പം കോൺഗ്രസിനും പാർട്ടിക്കാർക്കും നഷ്ടപ്പെട്ടത് തിരഞ്ഞെടുപ്പ് തിരിച്ചടിക്കു കാരണമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചെഴുത്ത്. വീടുകളിൽ തിരഞ്ഞെടുപ്പ് സ്ലിപ് എത്തിക്കാൻ പോലും പലേടത്തും കോൺഗ്രസിന് ആളില്ലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരണം എന്നാണ് സുധാകരൻ മുന്നോട്ടു വെക്കുന്ന ആശയം.

20-30 വീടുകൾക്ക് ഒരു യൂണിറ്റ് എന്ന ആശയമാണ് പുതിയ പ്രസിഡന്റ് കെ.സുധാകരൻ പങ്കുവയ്ക്കുന്നത്. കോൺഗ്രസിന്റെ കേരളത്തിലെ ഏറ്റവും താഴത്തെ ഘടകം ഈ യൂണിറ്റ് ആയിരിക്കും. കോൺഗ്രസ് ഭരണഘടന അനുസരിച്ച് ഏറ്റവും താഴത്തെ ഘടകമായ വാർഡ് കമ്മിറ്റിക്കാവും ഈ യൂണിറ്റുകളുടെ രൂപീകരണ ഏകോപനച്ചുമതല. ഇവരായിരിക്കും താഴെതട്ടിലുള്ള പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ഈ കുടുംബങ്ങൾക്ക് സഹായം എത്തിക്കേണ്ടത് അടക്കം ഈ കമ്മറ്റികളാകും.

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് രൂപീകരിക്കുന്ന ബൂത്ത് കമ്മിറ്റികൾ കാര്യക്ഷമമാകുന്നില്ലെന്ന വിമർശനം നേതൃത്വം കണക്കിലെടുക്കുന്നു. അതിനാൽ ബൂത്തുകൾ ഒഴിവാക്കി വാർഡ് കമ്മിറ്റികളും അതിനു താഴെയുള്ള യൂണിറ്റുകളും ശക്തമാക്കും. ഓരോ യൂണിറ്റിൽ നിന്നും വളരെ ചെറിയ തുക നിശ്ചിത ഇടവേളയിൽ സംഭാവന വാങ്ങിയാൽ പാർട്ടി ഖജനാവ് കാലിയാകില്ലെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

വാർഡ്, മണ്ഡലം, ബ്ലോക്ക്, നിയോജകമണ്ഡലം കമ്മിറ്റികളുടെ ശ്രേണിയിൽ ബ്ലോക്ക് ഒഴിവാക്കി ഒരു നിയോജക മണ്ഡലത്തിന് ഒരു കമ്മിറ്റി മാത്രം എന്ന നിർദ്ദേശമാണ് പരിഗണനയിൽ. നിലവിൽ ഒരു നിയോജകമണ്ഡലത്തിനു താഴെ രണ്ടു ബ്ലോക്ക് കമ്മിറ്റികൾ ആണുള്ളത്. അതേസമയം പാർട്ടി ഡിസിസി തലത്തിലെ അഴിച്ചുപണി പാർട്ടിയിൽ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമോ എന്ന ആശങ്കയും ശക്തമാണ്.

ഡിസിസികളിലും കെപിസിസിയിലും ജംബോ സമിതി ഒഴിവാക്കി പത്തിൽ താഴെ ഭാരവാഹികൾ എന്നതിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്. നിലവിൽ അറുപതോളം അംഗങ്ങളുള്ള കെപിസിസി ഭാരവാഹിപ്പട്ടിക 30-40 ആക്കി ചുരുക്കുന്നതിനെക്കാൾ പ്രായോഗികം കർശനമായി പത്തിൽ താഴെ എന്ന നിലപാട് സ്വീകരിക്കുകയാണെന്ന് അദ്ദേഹം കരുതുന്നു. ഗ്രൂപ്പുകളുടെ സമ്മർദ്ദം മുന്നിൽ കണ്ടാണ് ഇത്തരമൊരു നീക്കം അദ്ദേഹം മുന്നേ എറിയുന്നത്.

എണ്ണം കൂട്ടാൻ തീരുമാനിച്ചാൽ സമ്മർദങ്ങളും കൂടും, അപ്പോഴും ഭാരവാഹികളുടെ എണ്ണം 20ൽ എങ്കിലും നിർത്തുക എന്നാണ് സുധാകരൻ ഉദ്ദേശിക്കുന്നത്. കെപിസിസി, ഡിസിസി ഭാരവാഹികൾ ആക്കാനുള്ള അപേക്ഷകളും ബയോഡേറ്റയും കൊണ്ട് കെപിസിസി പ്രസിഡന്റിന്റെ മേശ നിറഞ്ഞ അവസ്ഥയാണ്. എന്നാൽ ഭാരവാഹികളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതിനോട് ഗ്രൂപ്പുകൾക്കു യോജിപ്പില്ല. 23ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിൽ പുനഃസംഘടന സംബന്ധിച്ച നിർദ്ദേശങ്ങൾ അന്തിമമാക്കും.

ഈ യോഗത്തിനു മുൻപ് കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച സാധ്യമാണെങ്കിൽ അറിയിക്കണമെന്ന് രാഹുൽ ഗാന്ധിയോട് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ളവർ ഗ്രൂപ്പു ആവശ്യങ്ങൾ രാഹുൽ ഗാന്ധിയെ അറിയിക്കുമെന്നാണ് പ്രതക്ഷിക്കുന്നത്. എന്നാൽ, എ ഗ്രൂപ്പിൽ അടക്കം ഇപ്പോൾ ശക്തി ചോർന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഈ വിലപേശലുകൾ എത്രകണ്ട് ഫലിക്കുമെന്ന് കണ്ടറിയണം.