ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ-ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കൂടുതൽ സുരക്ഷ ഉറപ്പു വരുത്താൻ പൊലീസിന് നിർദ്ദേശം നൽകി. സംഘർഷ സാധ്യത പരിഗണിച്ച് പ്രശ്ന മേഖലകളിൽ പൊലീസിനെ വിന്യസിക്കാനും പെട്രോളിങ്ങ് ശക്തമാക്കാനുമാണ് പൊലീസിന് നിർദ്ദേശം.

ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് നിർദ്ദേശം നൽകിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അത്തല്ലൂരി ആലപ്പുഴയിലേക്ക് തിരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സംസ്ഥാനത്ത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലയിൽ ഇന്നും നാളെയുമാണ് കലക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

ആലപ്പുഴയിലെ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.