പത്തനംതിട്ട: ട്രെയിനിൽ യുവതിയെ ആക്രമിച്ച് കവർച്ചയ്ക്ക് ശ്രമിച്ച പ്രതിയെ തേടി കേരളാ പൊലീസും റെയിൽവേ പൊലീസും നെട്ടോട്ടമോടുമ്പോൾ താൻ ട്രെയിനുകളിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് ഇന്നലെ ചിറ്റാർ പൊലീസിന്റെ പിടിയിലായ ബാബുക്കുട്ടന്റെ കുറ്റസമ്മതം. ഏപ്രിൽ 28 ന് ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ തീവണ്ടിയിൽ കാഞ്ഞിരമറ്റം, പിറവം റോഡ് സ്റ്റേഷനുകൾക്കിടയിൽ ഓലിപ്പുറത്തിന് സമീപത്ത് വെച്ച് ആക്രമണം നടന്നത്. മുളന്തുരുത്തി കാരിക്കോട് സ്വദേശിനിയാണ് അക്രമത്തിന് ഇരയായത്.

സംഭവുമായി ബന്ധപ്പെട്ട് പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനാണെന്ന് കണ്ടെത്തിയിരുന്നു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. ഈ സമയമെല്ലാം ഇയാൾ ട്രെയിനുകളിൽ മാറി മാറി സഞ്ചരിക്കുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തേക്ക് പോയി. പിന്നീട് കുറേ നാൾ ഗുരുവായൂരിൽ അലഞ്ഞു. ഒടുവിൽ ചിറ്റാറിലുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്കാണ് പോയത്. അപ്പച്ചിയുടെ ഭർത്താവ് വിജയനോട് തന്നെ ഇവിടെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം ഇവർ നിരസിച്ചതിന് ശേഷം ബാബുക്കുട്ടനെ ഇറക്കി വിടുകയായിരുന്നു.

അയൽവാസിയായ വീട്ടമ്മയ്ക്ക് ബാബുക്കുട്ടനെ കണ്ട് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ച് എത്തുന്ന വഴി ഈട്ടിച്ചുവട്ടിൽ വച്ചാണ് ബാബുക്കുട്ടൻ പിടിയിലായത്. പൊലീസുകാർ ചോദിച്ചപ്പോൾ തന്നെ താൻ ബാബുക്കുട്ടനാണെന്ന് ഇയാൾ സമ്മതിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ ചിറ്റാർ സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് തന്നെ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ അവിടേക്ക് കൊണ്ടു പോയി. ഇന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

ബാബുക്കുട്ടൻ കത്തി ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു. ആക്രമണത്തിനിടയിൽ യുവതി ട്രെയിനിന് പുറത്തേക്കു ചാടുയായിരുന്നു. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ ഏപ്രിൽ 27ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചെങ്ങന്നൂരിൽ ജോലിക്ക് പോകാനായി മുളന്തുരുത്തിയിൽനിന്നാണ് യുവതി ട്രെയിനിൽ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതൻ കത്തി ഉപയോഗിച്ച് കുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. ഈ യുവതി മാത്രമാണ് കമ്പാർട്ട്മെന്റിൽ ആ സമയം ഉണ്ടായിരുന്നത്.

മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടനെ ട്രെയിനിലെ ശുചിമുറിയുടെ ഭാഗത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു.

ബാബുക്കുട്ടൻ കൊടുംക്രിമിനൽ

നൂറനാട് സ്വദേശി ബാബുക്കുട്ടൻ കൊടും ക്രിനിലെന്ന് പൊലീസ്. തീവണ്ടിയിൽ സൗമ്യയെ കൊലപ്പെടുത്തിയിതന് സമാനമായ ആക്രമണം. സൗമ്യക്കേസിൽ ഗോവിന്ദചാമി ചെയ്തതിന് സമാനമാണ് ഇവിടേയും സംഭവിച്ചത്. എന്നാൽ ഭാഗ്യം കൊണ്ട് യുവതി രക്ഷപ്പെട്ടു. തീവണ്ടികളിൽ കവർച്ച നടത്തുന്ന മറ്റൊരു ഗോവിന്ദചാമിയാണ് ബാബുക്കുട്ടൻ എന്നാണ് പൊലീസും പറയുന്നത്.

നിരവധി മോഷണക്കേസുകളും സ്ത്രീപീഡനക്കേസും ഇയാൾക്കെതിരെയുള്ളതായാണ് പൊലീസ് പറയുന്നത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 4 ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് ലക്ഷങ്ങൾ കവർന്ന കേസും, അയൽവാസിയായ യുവതിയെ കടന്നു പിടിച്ച് പീഡന ശ്രമം നടത്തിയതുമായ കേസും ഉണ്ട്. ഇത് കൂടാതെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മോഷണം നടത്തിയ കേസുകൾ വേറെയും. മോഷണക്കേസിൽ ഒന്നര വർഷത്തോളം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിറങ്ങി 3 മാസം പിന്നിടുമ്പോഴാണ് ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ മുളംതുരുത്തി സ്വദേശിനിയെ ആക്രമിച്ച് സ്വർണം കവർന്നെടുത്തത്.

2020 ലാണ് അയൽവാസിയായ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കടന്നു പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വച്ചതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയായതിന് ശേഷമാണ് 4 ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതിന് കോടതി ശിക്ഷിച്ചത്.

ശിക്ഷ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ ഇയാൾ വീട്ടിൽ തിരിച്ചെത്തിയെങ്കിലും അധിക ദിവസം ഇവിടെ തങ്ങിയില്ല. ഇവിടെ നിന്നും പോയ ശേഷം വീട്ടുകാർക്ക് യാതൊരു അറിവും ഇല്ലാ എന്നാണ് പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പറഞ്ഞത്. ബാബുക്കുട്ടന്റെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭർത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയിൽ താമസിക്കുകയാണ്.