ബെംഗളൂരു: കന്നഡ താരങ്ങളും വിദേശികളും ഉൾപ്പെട്ട ബംഗളുരു മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിൽ മലയാളിയായ നിയാസ് എന്നയാളാണ് അറസ്റ്റിലായത്. കന്നഡ താരങ്ങളും വിദേശികളും ഉൾപ്പെട്ട നിശാപാർട്ടികളിൽ ലഹരി എത്തിച്ചിരുന്നത് ഇയാളായിരുന്നു. അഞ്ച് വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന നിയാസ് എന്നയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) ആണ് അറസ്റ്റ് ചെയ്തത്. കന്നഡ സിനിമയിൽ ചെറുവേഷങ്ങളിൽ നിയാസ് അഭിനയിച്ചിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ള നിയാസിനെ, നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മലയാളികൾ ഉൾപ്പെട്ട 2 സംഘങ്ങൾ അറസ്റ്റിലായതിനു പിന്നാലെയാണിത്. വെള്ളിയാഴ്ച നഗരത്തിലെ എസ്ജി പാളയയിൽ നടന്ന റെയ്ഡിൽ കോഴിക്കോട് സ്വദേശികളായ പി.കെ ഹരികൃഷ്ണനും മുഹമ്മദ് യാക്കൂബും പിടിയിലായിരുന്നു. ഹരികൃഷ്ണൻ ബിബിഎ വിദ്യാർത്ഥിയാണ്.15 ലക്ഷം രൂപയുടെ ലഹരിമരുന്നും റെയ്ഡിൽ പിടികൂടി.

അതിനിടെ, വെള്ളിയാഴ്ച അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദിയെ 5 ദിവസത്തേക്കു കൂടി സിസിബി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വിഡിയോ കോൺഫറൻസിങ് വഴിയാണ് നടിയെ കോടതിയിൽ ഹാജരാക്കിയത്. കടുത്ത നടുവേദനയെന്നു പറഞ്ഞ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും 10 ദിവസത്തേക്കു കൂടി റിമാൻഡ് നീട്ടണമെന്നും സിസിബി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. നടി രാഗിണി രണ്ടാം പ്രതിയാണ്. ഇന്നലെ അറസ്റ്റിലായ ആഫ്രിക്കൻ സ്വദേശിക്ക് ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇടപാടിന്റെ തെളിവുകൾ സിസിബിക്ക് ലഭിച്ചു. കന്നഡ സിനിമാ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികൾ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച്. സിനിമാ മേഖലയിലെ പ്രമുഖരടക്കം 12 പേരെ പ്രതിചേർത്താണ് എഫ്‌ഐആർ. കേസിൽ രണ്ടാം പ്രതിയാണ് നടി രാഗിണി ദ്വിവേദി. ഒന്നാം പ്രതി ശിവപ്രകാശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. നഗരത്തിൽ ഉന്നതർക്കായുള്ള ലഹരി പാർട്ടികളുടെ സംഘാടകൻ വിരേൻ ഖന്ന മൂന്നാം പ്രതി.

നടൻ വിവേക് ഒബ്‌റോയിയുടെ ബന്ധുവായ ആദിത്യ ആൽവയും പ്രതിപട്ടികയിലുണ്ട്. ഇന്നലെ ബെംഗളൂരുവിൽ പിടിയിലായ ആഫ്രിക്കൻ സ്വദേശി ലോം പെപ്പർ സാംബയ്ക്ക് കന്നഡ സിനിമ മേഖലയിലെ പലരുമായും ബന്ധമുണ്ടെന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറുമായും ഇയാൾ പലതവണ ഇടപാടുകൾ നടത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്‌തേക്കും. ബെംഗളൂരു നഗരത്തിൽ ലഹരി വേട്ട ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ക്രൈം ബ്രാഞ്ചും, ആന്റി നാർക്കോട്ടിക്‌സ് വിങ്ങും വ്യാപകമായി റെയ്ഡുകൾ നടത്തുന്നുണ്ട്.

അതിനിടെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി കർണാടക നിയമസഭ ഉപതിരഞ്ഞടുപ്പിൽ ബിജെപിയുടെ താരപ്രചാരക. 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ ആർ പേട്ട് മണ്ഡലത്തിൽ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിൽ താരം സജീവമായിരുന്നു. യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായ കെസി നാരായണ ഗൗഡയായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥി. കെആർ പേട്ടിലെ വീടുകയറിയുള്ള പ്രചാരണത്തിൽ രാഗിണി ദ്വിവേദിയും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബിവൈ വിജയേന്ദ്രയുമൊന്നിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

2019ല ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാഗിണി ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് വാർത്തകളുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ നിരവധി റോഡ്‌ഷോയിലും നടി പങ്കെടുത്തു. മയക്കുമരുന്ന് കേസിൽ ശിവജിനഗറിൽ നിന്നുള്ള യുവമോർച്ച നേതാവ് കാർത്തിക് രാജിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.