കോഴിക്കോട്: ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വന്ന ശേഷം കോൺഗ്രസ് പ്രവർത്തകരനെ അക്രമത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.പ്രകോപന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇടുക്കിയിൽ നടന്ന സംഭവമെന്നും അക്രമങ്ങളിലൂടെ കേരളത്തിന്റെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോളേജ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. ഇങ്ങനെയാണ് സുധാകരന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ജനങ്ങൾ ആലോചിക്കണമെന്നും ധീരജിന്റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞ് നടത്തിയ കൊലപാതകമാണെന്നും കോടിയേരി വ്യക്തമാക്കി.

കോടിയേരിയുടെ പ്രസ്താവന ഇങ്ങനെ:

ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വെച്ച് കെ എസ് യു കാപാലികർ കുത്തി കൊലപ്പെടുത്തിയ സഖാവ് ധീരജിന്റെ രക്തസാക്ഷിത്വം അങ്ങേയറ്റം വേദനാജനകമാണ്. ഈ പൈശാചിക രാഷ്ട്രീയം പുരോഗമന സമൂഹത്തിന് ചേർന്നതല്ല. കൊലക്കത്തി രാഷ്ട്രീയം കൈവെടിയാൻ കെഎസ് യുവും യൂത്ത് കോൺഗ്രസും തയ്യാറാവണം. കൊലപാതക രാഷ്ട്രീയത്തിന്റെ പാഠശാലകളാക്കി കലാലയങ്ങളെ മാറ്റുന്ന രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ജനകീയമായ തിരിച്ചടി നേരിടുമെന്നത് കോൺഗ്രസും അവരുടെ വിദ്യാർത്ഥി യുവജന സംഘടനകളും തിരിച്ചറിയണം.

കെഎസ് യുക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണെന്നാണ് മനസ്സിലാക്കുന്നത്. കാമ്പസിന് പുറത്തുനിന്ന് എത്തിയ കെ എസ് യു യൂത്ത് കോൺഗ്രസ് ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലുള്ളത്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇത്തരം പാതകങ്ങൾ ആവർത്തിക്കാതിരിക്കാനും പൊലീസ് അധികൃതർ ജാഗരൂകരാകണം. ജനാധിപത്യത്തിന്റെ സർഗാത്മകത മുന്നോട്ടുവെക്കേണ്ട കോളേജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ഈ കൊലപാതകം മനുഷ്യമനസ്സാക്ഷിയെ നടുക്കുന്നതാണ്. സഖാവ് ധീരജിന് ആദരാഞ്ജലികൾ. അന്ത്യാഭിവാദ്യങ്ങൾ.