കൊല്ലം: എസ്എന്‍ഡിപി യോഗത്തിനെതിരെ വിമര്‍ശനവുമായി സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. എസ്എന്‍ഡിപിയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറിയെന്ന് യെച്ചൂരി ആരോപിച്ചു. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് വിലയിരുത്തിയ യെച്ചൂരി, അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും നിര്‍ദ്ദേശിച്ചു.

എസ്എന്‍ഡിപി ശാഖാ യോഗങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു. കൊല്ലത്ത് നടന്ന സിപിഎം മേഖല റിപ്പോര്‍ട്ടിങ്ങിലായിരുന്നു വിമര്‍ശനം. എതിരഭിപ്രായമുള്ള കമ്മിറ്റികള്‍ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുന്ന സ്ഥിതിയുണ്ട്. നവോത്ഥാന പ്രസ്ഥാനമായ എസ്എന്‍ഡിപിയിലെ ഈ പ്രവണതയെ ചെറുത്ത് തോല്‍പ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

എസ്എഫ്‌ഐയിലെ ചില പ്രവണതകള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന് എം.വി ഗോവിന്ദന്‍ വിലയിരുത്തി. ക്ഷേമപെന്‍ഷന്‍ വൈകിയത് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കി. ഇത് സിപിഎമ്മിന് തിരിച്ചടിയായി. സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം. ജനങ്ങളുടെ മനസറിയാന്‍ താഴെ തട്ടിലുള്ള സിപിഎം നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈഴവ വോട്ടുകളില്‍ വിള്ളലുണ്ടായിരുന്നതായി നേരത്തെ തന്നെ സിപിഎം വിലയിരുത്തിയിരുന്നു. പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ ഇടതുപക്ഷത്തുനിന്നും അകന്നതുകൊണ്ടാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ പിന്നാക്ക ദലിത് വിഭാഗങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷത്തിനു ലഭിച്ചില്ല. കൊല്ലം, ആറ്റിങ്ങല്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഈഴവ സമുദായമടക്കം മാറി ചിന്തിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

"മുസ്‌ലിംകള്‍ ചോദിക്കുന്നതെല്ലാം നല്‍കി. ഈഴവര്‍ക്കു ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും തിരുവനന്തപുരത്തേക്കു വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ചു മടങ്ങുകയാണ്. ഈഴവര്‍ക്ക് നീതി കിട്ടുന്നില്ല. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണ്" വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.