കൊച്ചി: പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയില്ലെന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ മോഡൽ പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റു പോയതിന്റെ മന പ്രയാസം മൂലമാണ് മരട് ഗ്രിഗോറിയൻ പബ്ലിക് സ്‌ക്കൂളിലെ വിദ്യാർത്ഥിനിയും മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെയും, ജസ്സിയുടെയും ഇളയ മകളുമായ നെഹിസ്യ ജോസഫ്(17) ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. വീട്ടുകാരും ഇതു ശരി വയ്ക്കുന്ന മൊഴിയാണ് പൊലീസിന് നൽകിയിരിക്കുന്നത്.

'ഞാൻ പോകുന്നു' രണ്ടു വാക്കുകളിൽ ആത്മഹത്യാ കുറിപ്പൊരുക്കിയാണ് നെഹിസ്യ എന്ന പ്ലസ് ടു വിദ്യാർത്ഥിനി യാത്ര പറഞ്ഞത്. കൂട്ടുകാരെ വിളിച്ചു വരുത്തി വെള്ളിയാഴ്ച ജന്മദിനം ആഘോഷിച്ചതിന്റെ തൊട്ടു പിന്നാലെയുള്ള മരണം കൂട്ടുകാരെ സങ്കടത്തിലാക്കിയിട്ടുണ്ട്.
ശനിയാഴ്ച സ്‌ക്കൂളിൽ നിന്നും വന്നത് കരഞ്ഞു കൊണ്ടായിരുന്നു. പിതാവ് വിവരം അന്വേഷിച്ചപ്പോൾ ഒരു വിഷയത്തിൽ മോഡൽ പരീക്ഷയിൽ തോറ്റു പോയി എന്ന് പറഞ്ഞു. ഇത് കേട്ടതും പഠിക്കാൻ മിടുക്കിയായ മകൾ പഠനത്തിൽ പിന്നോട്ട് പോയതിൽ പിതാവ് വഴക്ക് പറഞ്ഞു. എന്നാൽ ഇതിന് ശേഷം മൂത്ത സഹോദരിയുമൊത്ത് പഠിക്കാനിരുന്നു. പതിവു പോലെ രാത്രി ഒരു മണി വരെ ഇരുവരും പഠിച്ചു. ഒരു മണിയാകുമ്പോൾ ഇരുവരും പഠനം അവസാനിപ്പിച്ച് കിടക്കാറാണ് പതിവ്.

എന്നാൽ നെഹിസ്യ സഹോദരിയോട് കിടന്നു കൊള്ളാൻ പറഞ്ഞു. മറ്റൊരു മുറിയിലാണ് സഹോദരി കിടന്നത്. പിറ്റേന്ന് നേരം പുലർന്നിട്ടും നെഹസ്യ മുറി തുറന്ന് പുറത്തേക്ക് വന്നില്ല. വാതിലിൽ തട്ടി വിളിച്ചിട്ടും അനക്കമൊന്നുമില്ലാതിരുന്നതോടെ അയൽ വീട്ടിലെ സാഗരൻ എന്നയാളെ വിളിച്ചു കൊണ്ടു വന്ന് കതക് വെട്ടിപൊളിക്കുകയായിരുന്നു. അകത്ത് കടന്നു നോക്കിയപ്പോഴേക്കും തലയും, മുഖവും പ്ലാസ്റ്റിക് കവർ കൊണ്ട് മറച്ച നിലയിൽ കിടക്കയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ കവർ കീറി മാറ്റിയെങ്കിലും മരിച്ചിരുന്നു. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു.

പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മരട് പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീടിന്റെ മുകളിലെ നിലയിലായിരുന്നു നെഹിസ്യ ഉറങ്ങിയിരുന്നത്. മരണത്തിലെ അസാധാരണത്വം പൊലീസിനെ വലച്ചെങ്കിലും തുടരന്വേഷണത്തിൽ ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപൂർവമായി ചിലരെങ്കിലും ഈ രീതി മരണത്തിന് തിരഞ്ഞെടുക്കാറുണ്ടെന്ന് വിദഗ്ധരിൽ നിന്നു മനസിലാക്കാനായെന്ന് പൊലീസ് പറയുന്നു. നേരത്തെ സമാന രീതിയിൽ മൂന്നു പേരെങ്കിലും മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമെന്നു സംശയിക്കത്തക്ക നിലയിൽ മുറിയിൽ ഒന്നുമില്ലെന്നും ആരും പുറത്തേയ്ക്ക് രക്ഷപെട്ടതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറഞ്ഞു.

മരണം നടന്ന രാത്രിയിൽ വീട്ടിൽ കുട്ടിയുടെ പിതാവും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാവ് ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ലാസ് പരീക്ഷയിൽ മൂന്നു വിഷയത്തിൽ മാർക്കു കുറഞ്ഞു പോയതിന്റെ സങ്കടത്തിലാണ് മരണമെന്നാണ് കരുതുന്നത്. ആത്മഹത്യ കുറിപ്പ് പരിശോധിച്ചപ്പോൾ ഞാൻ പോകുന്നു എന്നു മാത്രം എഴുതിയിരിക്കുകയായിരുന്നു.

പൊലീസ് എന്തെങ്കിലും അസ്വഭാവികത ഉണ്ടോ എന്നറിയാൻ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. ഓൺലൈൻ പഠനത്തിന് പിതാവിന്റെ ഫോണാണ് ഉപയോഗിച്ചിരുന്നത്. അനാവശ്യമായ യാതൊരുവിധ കൂട്ടുകെട്ടുകളും ഇല്ലായിരുന്നു. കുടുംബം വലിയ ദൈവ വിശ്വാസികളാണ്. പെൺകുട്ടി ഗയിം കളിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്ന പ്രചരണം ഉണ്ടായിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം പുത്തൻകുരിശ് പള്ളിയിൽ മറവ് ചെയ്തു.