പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്തെ നടുക്കിയ കൊലയ്ക്ക് പിന്നിൽ സംശയ രോഗം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ്(ബിനു) ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയത്. ബിനുവും ശരീരത്തിലെ രക്തം വാർന്ന് മരിച്ചിരുന്നു. ബിനുവിന്റെ ശരീരത്തിലും ആഴത്തിലുള്ള കുത്തുണ്ടായിരുന്നു. കീഴ്‌വായ്പുര് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു. ഭാര്യയെ കൊല്ലുകയെന്ന ഉദ്ദേശത്തോടെ ബിനു വീട്ടിലെത്തിയതായിരുന്നു. കുത്താനുള്ള ആയുധവും കൈയിൽ കരുതിയാണ് എത്തിയത്. ഈ കത്തി കൊല നടന്ന വീട്ടിൽ നിന്നും കണ്ടെത്തി.

ശ്രീജയുടെ വയറിലും മാറിടത്തിലും കുത്തേറ്റ് നിലയിലാണ്. ബിനുവിന്റെ കഴുത്തിനാണ് മുറിവ്. ദമ്പതികൾ തമ്മിലുള്ള സംഘട്ടനത്തെ തുടർന്നാണ് കൊലപാതകം നടന്നിരിക്കുന്നത്. ബിനു ശ്രീജയെ കൊന്ന ശേഷം ജീവനൊടുക്കിയതോ മറിച്ചോ ആകാം സംഭവമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ കത്തിയുമായി എത്തി ശ്രീജയെ ബിനു ആക്രമിച്ചിരിക്കാം. കുത്തു കൊണ്ട ശ്രീജ ആ കത്തി പിടിച്ചു വാങ്ങി ബിനുവിനെ കുത്തിയിരിക്കാം എന്നാണ് പൊലീസ് സംശയം. ആത്മഹത്യയിലേക്ക് വരിൽ ചൂണ്ടുന്ന മുറിവല്ല ബിനുവിന് സംഭവിച്ചതെന്നതാണ് ഈ നിഗമനത്തിന് ആധാരം.

കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിടെ കുന്നന്താനം പാലയ്ക്കാത്തകിടിയിലാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാലയ്ക്കാത്തകിടി സ്മിതാ ഭവനം ശ്രീജ ജി. മേനോൻ (36), ഭർത്താവ് വേണുകുട്ടൻ എന്ന ബിനു (40) എന്നിവരാണ് മരിച്ചത്. ചങ്ങനാശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശ്രീജ. പ്രവാസിയായിരുന്ന വേണുക്കുട്ടൻ ജോലി വിട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. ബിനുവിന് കാതലായ സംശയ രോഗമുണ്ടായിരുന്നു. ഇതു കാരണം ഭാര്യയും ഭർത്താവും പിണങ്ങിയാണ് കഴിഞ്ഞിരുന്നത്.

മാതാപിതാക്കൾക്കൊപ്പമാണ് ശ്രീജയുടെ താമസം. ഈ വീട്ടിലേക്കാണ് പുലർച്ചെ ഭർത്താവ് എത്തിയത്. സംഭവം ആരും നേരിട്ട് കണ്ടില്ല. ഈ വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് വേണുകുട്ടന്റെ വീട്. ശ്രീജയെ കൊല്ലുകയെന്ന ലക്ഷ്യത്തിൽ ഒളിപ്പിച്ച കത്തിയുമായി ബിനു എത്തിയെന്നാണ് നിഗമനം. ഭാര്യയെ കുത്തിയ ശേഷം വേണുക്കുട്ടൻ സ്വയം കുത്തുകയായിരുന്നുവെന്ന സംശയവുമുണ്ട്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു.

ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടു പേരുടേയും മൊഴി എടുക്കാനായില്ല. ഇവർക്കിടയിലെ കുടുംബ പ്രശ്‌നം എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആരും മറ്റ് ദുരൂഹതകൾ സംഭവത്തിൽ കാണുന്നില്ല. ശ്രീജയുടെ മൃതദേഹം വീട്ടിന് മുമ്പിലാണ് കിടന്നത്. വേണുവിന്റേത് പിറകു ഭാഗത്തേക്കും. ഭാര്യയെ വകവരുത്തുന്നതിനിടെ കുത്തേറ്റ വേണു കുട്ടൻ രക്ഷപ്പെടുന്നതിനിടെ രക്തം വാർന്ന് തളർന്ന് വീണതാകാമെന്നാണ് നിഗമനം.

ശ്രീജയുടെ മാതാപിതാക്കളുടെ വിശദ മൊഴി പൊലീസ് എടുക്കും.അതിന് ശേഷമേ അന്തിമ നിഗമനത്തിലേക്ക് എത്തൂ. കൊലയിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ശ്രീജ കൊശമറ്റം ബാങ്കിലാണ് ജോലി ചെയ്തിരുന്നത്.