ആലപ്പുഴ: ഹരിപ്പാട് ബാങ്ക് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവത്തിൽ ഡിവൈഎസ്‌പി അടക്കം ഏഴു പൊലീസുകാർക്കെതിരെ കേസെടുത്തു. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മർദ്ദിച്ചതിനാണ് കേസ്.

സംഭവത്തിൽ കേസെടുക്കാൻ മനുഷ്യാവകാശ കമീഷന്റെ നിർദ്ദേശം നൽകിയിരുന്നു. 2017 ലെ യുഡിഎഫ് ഹർത്താൽ ദിവസമാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഡിവൈഎസ്‌പി മനോജ്, അരുണിന്റെ കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്ഐയും മറ്റ് പൊലീസുകാരും കുനിച്ച് നിർത്തി നട്ടെല്ലിനും പുറത്തും മർദ്ദിക്കുകയും ചെയ്തു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് അരുണിന് ഒരു മാസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.