കണ്ണൂർ: ഊരിപ്പിടിച്ചവാളുകൾക്കിടയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ ബാലപാഠങ്ങൾ പഠിച്ച അതേ ബ്രണ്ണൻ കോളേജിൽ നിന്നുതന്നെയാണ് കെ. എസ്.യുവിലൂടെ സുധാകരന്റെയും വരവ്. സുധാകരൻ കോളേജിലെത്തുമ്പോഴെക്കും പിണറായി വിജയൻ അവിടെ നിന്നും പഠനം കഴിഞ്ഞുപോയിരുന്നുവെങ്കിലും വിദ്യാർത്്ഥി യൂനിയൻ നേതാവെന്ന നിലയിൽ അപ്പോഴും കോളേജ് കാംപസിൽ സ്ഥിരം സന്ദർശകനായിരുന്നു.കെ. എസ്.യു ആധിപത്യം നേടാൻ ശ്രമിക്കുന്ന കാലയളവുകൂടിയായിരുന്നു അത്.

രാഷ്ട്രീയപരമായും കായികപരമായും എതിരാളികളെ ഒതുക്കുന്ന കണ്ണൂർ ശൈലിയുടെ പ്രായോക്താക്കളായി പിണറായിയും സുധാകരനും മാറുന്നത് ബ്രണ്ണനിലെ കളരിയിൽ നിന്നുതന്നെ.വിദ്യാർത്ഥി യൂനിയൻ പ്രവർത്തനത്തിന്റെ ഭാഗമായി ഇരുവരും ഏറ്റുമുട്ടിയതിന് തെളിവുകളൊന്നുമില്ലെങ്കിലും രാഷ്ട്രീയ സംഘർഷങ്ങളിൽ ഇരുചേരികളിൽ വീറും വാശിയുമോടെ നിലയുറപ്പിച്ചിരുന്നതായി അന്നത്തെ സഹപാഠികൾ പിന്നീട് പല വേദികളിലും പറഞ്ഞിട്ടുണ്ട്. എന്തുതന്നെയായാലും 1978- ൽ സോഷ്യലിസ്റ്റുകളുടെ സുവർണകാലത്ത് ജനതാപാർട്ടിയിലെത്തിയ സുധാകരൻ യുവജനതയുടെ സംസ്ഥാനപ്രസിഡന്റായി. ഈ കാലയളവിൽ ഇന്ദിരാഗാന്ധിയുടെയും അവർപ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെയും കടുത്ത വിമർശകൻ കൂടിയായിരുന്നു കെ.സുധാകരൻ.

1984-ൽ കോൺഗ്രസിലെത്തിയ കെ.സുധാകരൻ സ്വന്തം തട്ടകമായ നടാലിൽ വേരുറപ്പിക്കാൻ തുടങ്ങിയതോടെയാണ് സി.പി. എമ്മിന്റെ കണ്ണിലെ കരടായത്. ആകാലയളവിൽ ബോംബേറും കത്തിക്കുത്തും കൊലപാതക രാഷ്ട്രീയവും കൊണ്ടു മുഖരിതമായിരുന്നു നടാൽ പ്രദേശം. സുധാകരന്റെ വലംകൈയായിരുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകരായ കല്ലാടൻ ചന്ദ്രനും ജയകൃഷ്ണനും കൊല്ലപ്പെട്ടു. മറ്റൊരു കോൺഗ്രസ് പ്രവർത്തകന്റെ കൈപ്പത്തി സി.പി. എമ്മുകാർ വെട്ടിമാറ്റി. പലവട്ടം സുധാകരനു നേരെയും അദ്ദേഹമാണെന്ന് ധരിച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന സഹോദരനു നേരെയും ബോംബേറും വധശ്രമമുണ്ടായി. ഇതോടെ കോൺഗ്രസിൽ അടിയന്തരിവാസ്ഥക്കാലത്ത് അടിയും തിരിച്ചടിയുമായി മുന്നേറിയ എൻ. രാമകൃഷ്ണനു ശേഷം മറ്റൊരു ശക്തികേന്ദ്രം കൂടി ഉദയം കൊള്ളുകയായിരുന്നു.

1991-ൽ കരുണാകരനും ആന്റണിയും രണ്ടു പക്ഷത്തു നിന്ന് സംഘടനപിടിക്കാൻ നടത്തിയ ശ്രമങ്ങൾക്കിടെയിൽ കണ്ണൂരിലെ ലീഡറുടെ വലം കൈയായ എൻ.രാമകൃഷ്ണനെയും എ ഗ്രൂപ്പു നേതാവായ എസ്. ആർ. ആന്റണിയെയും കൂട്ടരെയും അടിച്ചൊതുക്കിയായിരുന്നു സുധാകരന്റെ പാർട്ടിപിടിത്തം. ഇന്നത്തെ കടുത്ത എതിരാളി മമ്പറം ദിവാകരനായിരുന്നു അന്ന് സുധാകരന്റെ സൈന്യാധിപൻ. സംഘടനാതെരഞ്ഞെടുപ്പിനിടെ സുധാകരന്റെ അനുനായികൾ ഡി.സി.സി ഓഫിസ് വളപ്പിൽ വെച്ചു തല്ലിയൊതുക്കുകയായിരുന്നു എതിരാളികളെ. പലരും ഉടുമുണ്ടുമെടുത്ത് ഓടിരക്ഷപ്പെട്ടു. ഇതോടെ ഇരുഗ്രൂപ്പുകളെയും തകർത്ത് കണ്ണൂർ ഡി.സി.സി പ്രസിഡന്റായി കെ.സുധാകരൻ മാറി. ഇതോടെ വിശാല ഐ ഗ്രൂപ്പെന്ന പേരിൽ പുതിയൊരു ഗ്രൂപ്പുമുണ്ടായി. അന്നത്തെ കെപിസിസി അധ്യക്ഷൻ വയലാർ രവിയായിരുന്നു സംരക്ഷകനും വഴികാട്ടിയും. മൂന്നാം ഗ്രൂപ്പിന്റെ ബലത്തിൽ തന്നെയാണ് പിന്നീട് സുധാകരൻ മന്ത്രിയായതും.

1991-ൽ സുധാകരൻ ഡി.സി.സി പ്രസിഡന്റായ പത്തുവർഷങ്ങൾ അത്യന്തം സംഘർഷഭരിതമായിരുന്നു കണ്ണൂരിലെ രാഷ്ട്രീയ അന്തരീക്ഷം. ഡി.സി.സി ഓഫീസിന്റെ മുകളിൽ നിന്നും ബോംബുണ്ടാക്കുന്നതിന്റെ ചിത്രവുമായി ആലക്കോടുകാരൻ ലോനാപ്പിയുടെ മുഖം മറച്ച ചിത്രം ഇന്ത്യാടൂഡെയിൽ വന്നത്ത് അക്കാലാത്താണ്. തൊട്ടടുത്ത ദിവസം തന്നെ ലോനാപ്പിയെ വീട്ടിൽ കയറി വെട്ടിക്കൊന്നാണ് അന്നു സി.പി. എം മറുപടി നൽകിയത്. പിന്നീട് കെ. എസ്.യു നേതാവായിരുന്ന പയ്യന്നൂരിലെ സജിത്ത് ലാലും കൊല്ലപ്പെട്ടു.

അതേ നാണയത്തിൽ തന്നെ സുധാകരനും തിരിച്ചടിച്ചതോടെ ഇരുവശത്തും ആൾനാശം കൂടി. പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗമായി തിരുവനന്തപുരത്തേക്ക് പ്രവർത്തനം മാറ്റിയപ്പോൾ പകരം ജില്ലാസെക്രട്ടറിയായി കോടിയേരി വന്നു. കോടിയേരി പാർട്ടി സെന്ററിൽപ്രവർത്തിക്കാൻ തലസ്ഥാനത്തേക്ക് വണ്ടി കയറിയപ്പോൾ എം.വി ഗോവിന്ദൻ വന്നു. എം.വി ഗോവിന്ദനു ശേഷം സി. പി. എം ജില്ലാസെക്രട്ടറിയായി പി.ശശിയും പിന്നീട് പി.ജയരാജനും വന്നു. അപ്പോഴെല്ലാം സുധാകരനുമായുള്ള സിപിഎമ്മിന്റെ യുദ്ധത്തിനു മാത്രം ശമനമുണ്ടായില്ല. എന്നാൽ കോൺഗ്രസിലപ്പോഴും മുടിചൂടുമന്നൻ സുധാകരൻ തന്നെയായിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സി. പി. എമ്മിനെ വെല്ലുവിളിക്കാൻ സുധാകരൻ തുനിഞ്ഞിറങ്ങിയപ്പോൾ കണ്ണൂർ ജില്ലയിൽ പൊടിപാറിയ മത്സരം നടന്നു.1991- ൽ എടക്കാട് നിന്നും ഒ. ഭരതനോട് മത്സരിച്ചു തോറ്റതിന് ശേഷം ഹൈക്കോടതിയിൽ നടത്തിയ നിയമയുദ്ധത്തിലൂടെ സുധാകരൻ എംഎൽഎയായതും പിന്നീ്ട് കേസ് തോറ്റതുമാണ് സുധാകരനെ കേരളമാകെ ശ്രദ്ധിക്കപ്പെടാനിടയാക്കിയത്. 1996-2001-2006 എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു.ഡി. എഫ് സുരക്ഷിതമണ്ഡലമായ കണ്ണൂരിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി. എ.കെ ആന്റണി മന്ത്രിസഭയിൽ വനംമന്ത്രിയായി. വിവാദമായ മുത്തങ്ങ ഭൂസമരവും ആദിവാസികൾക്കെതിരെയുള്ള വെടിവയ്‌പ്പും നടന്നത് ഇക്കാലത്താണ്.

1993-ൽ സുധാകരന്റെ ഗൺമാന്റെ വെടിയേറ്റ് മട്ടന്നൂരിൽ സി.പി. എം പ്രവർത്തകനായ നാൽപാടി വാസുമരിച്ച സംഭവത്തിൽ സുധാകരനും പ്രതിയായി. എന്നാൽ കോടതി പിന്നീട് ശിക്ഷിക്കാതെ വെറുതെ വിട്ടു.ബദൽ രേഖയുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട തീപ്പൊരി നേതാവ് എം.വി രാഘവൻ കൂടി സുധാകരന് കൂട്ടായി എത്തിയതോടെ കണ്ണൂരിൽ അങ്കക്കലി കൂടി. എ.കെ.ജി സഹകരണാശുപത്രി ഭരണസമിതി പിടിച്ച് സുധാകരൻ സി.പി. എമ്മിനെ വിരട്ടിയതോടെ സുധാകരൻ കോൺഗ്രസുകാരുടെ ഹീറേയായി. പിന്നീട് ഹൈദരബാദ് പാർട്ടി കോൺഗ്രസുകഴിഞ്ഞ് ട്രെയിനിൽ മടങ്ങിവരികയായിരുന്ന ഇ.പി ജയരാജന് പിൻകഴുത്തിന് വെടികൊണ്ടതോടെ കണ്ണൂരിൽ കൊലപാതക രാഷ്ട്രീയം നേതാക്കളിലുമെത്തുന്നുവെന്ന വിപൽസൂചനയുണ്ടായി.

കേസിലെ മുഖ്യപ്രതിയായ വിക്രം ചാലിൽ ശശിയെ സിപിഎമ്മുകാരായ സംഘം പിന്നീട് ബസിൽ കയറി തലവെട്ടിമാറ്റി കൊന്നുവെങ്കിലും എം.വി രാഘവനും കെ.സുധാകരനും വാടക കൊലയാളികളെ ഏർപ്പെടുത്തിയെന്നായിരുന്നു സി.പി. എമ്മിന്റെ ആരോപണം. ആന്ധ്രയിലെ വാറങ്കലിൽ നടന്ന കേസിൽ തെളിവുകൾ നിരത്താൻ സി.പി. എമ്മിന് കഴിയാതെ വന്നതോടെ സുധാകരൻ ഈ കേസിലും ഊരിപ്പോയി. പാർലമെന്ററി രാഷ്ട്രീയത്തിലും സംഘടനാരാഷ്ട്രീയത്തിലും ഒരേ പോലെ നിറഞ്ഞു നിന്ന യാഗാശ്വമായിരുന്നു സുധാകരൻ, 2009-ലും 2019ലുംകണ്ണൂരിൽ നിന്നും ജയിച്ച സുധാകരൻ തന്റെവിജയം സി.പി. എം പ്രവർത്തകരുടെ വോട്ടുകൂടി കൊണ്ടാണെന്ന് അവകാശപ്പെട്ടിരുന്നു.

കോൺഗ്രസ് പ്രവർത്തകരെ ആവേശഭരിതമാക്കുന്ന തീപ്പൊരി പ്രസംഗമാണ് സുധാകരനെ അണികളുടെ കെ.എസാക്കുന്നത്. ലീഡർ കെ.കരുണാകരൻ കഴിഞ്ഞാൽ കോൺഗ്രസിൽ ഇത്രമാത്രം ആരാധകരും അനുയായികളുമുള്ള നേതാവ് വേറെയില്ല. സുധാകരന്റെ നാവിന്റെചൂടറിയാത്ത നേതാക്കൾ സി.പി. എമ്മിലില്ല. പലപ്പോഴും സ്വന്തം പാർട്ടി നേതാക്കളും സുധാകരന്റെ ഇരട്ടക്കുഴൽപോലെ ഗർജിക്കുന്ന നാവിൽ നിന്നുയരുന്ന വെടിയുണ്ടകൾക്ക് ഇരയായിട്ടുണ്ട്. ഏറ്റവും മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ചെത്തുകാരന്റെ മകനെന്ന പ്രയോഗമാണ വിവാദമായത്. സ്വന്തം പാർട്ടിയിൽ നിന്നും ഇത്തരമൊരു പ്രയോഗം നടത്തിയതിന് സുധാകരന് പഴികേൾക്കേണ്ടി വന്നു.

സംസ്ഥാനത്ത് ചില മണ്ഡലങ്ങളിൽ കോൺഗ്രസ് തോൽക്കാൻ തന്നെ ഈയൊരു പ്രയോഗമിടയാക്കിയെന്ന വിമർശനവും പിന്നീടുയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനോ കോടിയേരി, ഇ.പി തുടങ്ങിയ നേതാക്കളോ സുധാകരന്റെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുംമറുപടി പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രി പലപ്പോഴും പരോക്ഷമായി ആരോപണങ്ങൾക്കു മറുപടി പറയുകയല്ലാതെ നേരിട്ട് എതിർത്ത് സുധാകരനെ അത്രവലുതാക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

സുധാകരനുമായി കോർക്കുന്നത് ചുട്ടമറുപടി നൽകുന്നതും പി.ജയരാജനും എം.വി ജയരാജനുമടക്കമുള്ള രണ്ടാം നിര നേതാക്കളുടെ ഡ്യൂട്ടിയായിരുന്നു. ഇപ്പോൾ കെപിസിസി അധ്യക്ഷനായി കെ.സുധാകരനെത്തുമ്പോൾ പലപ്പോഴും സുധാകരന്റെ ഇരട്ടക്കുഴൽ തോക്കുപോലുള്ള നാവിൽ നിന്നും വിമർശനങ്ങളുടെ വെടിയുണ്ട ലക്ഷ്യമിട്ടു പായുന്നത്് മുഖ്യമന്ത്രിയിലേക്കാവാം. കണ്ണൂരുകാരനായ മുഖ്യമന്ത്രി് സ്വന്തം നാട്ടിൽ നിന്നുതന്നെയുള്ള ആ പഴയ ബ്രണ്ണൻ പ്രതിയോഗിയെ എങ്ങനെ നേരിടുമെന്നുള്ള കൗതുകം രാഷ്ട്രീയ കേരളത്തിനുമുണ്ട്.