കാഞ്ഞിരപ്പള്ളി: ഗർഭിണിയും ഭിന്നശേഷിക്കാരിയുമായ യുവതി മരിച്ചതു കോവിഡ് പ്രതിരോധ വാക്‌സിനേഷനെ തുടർന്നാണെന്ന ബന്ധുക്കളുടെ ആരോപണം ഗൗരവത്തോടെ എടുത്തു സർക്കാർ. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. പാലാ പടിഞ്ഞാറ്റുകര കാഞ്ഞിരത്തുങ്കൽ ആർ. രഞ്ജിത്തിന്റെ ഭാര്യയും കാഞ്ഞിരപ്പള്ളി ആനക്കല്ല് തൈപ്പറമ്പിൽ മാത്യുവിന്റെ (മാത്തുക്കുട്ടി) മകളുമായ മഹിമ മാത്യു (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

7 ആഴ്ച ഗർഭിണിയായിരുന്നു. കഴിഞ്ഞ ആറിനാണു യുവതി മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്‌സീൻ സ്വീകരിച്ചത്. തലവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടപ്പോൾ ഈ മാസം 13ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി. തലവേദന കുറയാതിരുന്നതോടെ 15ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അബോധാവസ്ഥയിലായപ്പോൾ വെന്റിലേറ്ററിലേക്കു മാറ്റുകയാിയരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരിക അവയവങ്ങളുടെ പരിശോധനാഫലവും കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നു പൊലീസ് പറഞ്ഞു. ആരോഗ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. വാക്‌സിനേഷന്റെ പാർശ്വ ഫലങ്ങളാകാം യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.

ഓൺലൈൻ ബുക്കിങ് നടത്തിയാണു യുവതി വാക്‌സീൻ സ്വീകരിക്കാൻ എത്തിയതെന്നും ഗർഭിണിയാണെന്ന് അറിയിച്ചിരുന്നില്ലെന്നും മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.സോണിയ സ്‌കറിയ പറഞ്ഞു. ഗർഭിണിയാണോ എന്ന കാര്യം അന്വേഷിക്കേണ്ടതുമില്ല. ഗർഭാവസ്ഥയിൽ വാക്‌സീൻ സ്വീകരിക്കാമെന്നു ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഗർഭിണികളിൽ പലരും വാക്‌സീൻ സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.

അതേസമയം കോട്ടയത്തെ യുവതിക്ക് പിന്നാലെ പത്തനംതിട്ടയിലെ യുവതിയും തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. നാരാങ്ങാനം സ്വദേശി യുവതിയാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. നാരങ്ങാനം നെടുമ്പാറ പുതുപ്പറമ്പിൽ ദിവ്യ ആർ.നായരാണ് അപകടനിലയിൽ കഴിയുന്നത്. ദിവ്യയുടെ ഭർത്താവ് ജിനു ജി.കുമാർ കലക്ടർക്ക് ഇതു സംബന്ധിച്ചു പരാതി നൽകി.

പരാതി തുടരന്വേഷണത്തിനായി ജില്ലാ മെഡിക്കൽ ഓഫിസർക്കു കൈമാറി. രണ്ടാഴ്ച മുൻപാണ് ദിവ്യ വാക്‌സീൻ സ്വീകരിച്ചത്. ഇതിനു പിന്നാലെ തലവേദന വന്നു. മറ്റു ശാരീരിക അവശതകൾ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടർന്ന് ഈ 14ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇവിടെ വച്ച് മസ്തിഷ്‌കാഘാതമുണ്ടായി. തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലേക്കു മാറ്റി.

ഇവിടെ ദിവ്യയുടെ തലച്ചോറിൽ 2 തവണ സർജറി ചെയ്തു രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പ്രവർത്തനം ഒരു ശതമാനമേയുള്ളെന്ന് ഡോക്ടർമാർ അറിയിച്ചു. ദിവ്യയെ ഇപ്പോൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്.

ജോലി സംബന്ധമായി വിദേശത്തായിരുന്ന ഭർത്താവ് ദിവ്യയുടെ അസുഖത്തെ തുടർന്നു നാട്ടിലെത്തി. 8 വയസുള്ള ഒരു മകളാണ് ഇവർക്കുള്ളത്. കാട്ടൂരിൽ കഴിഞ്ഞ ദിവസം യുവതി മരിച്ചതിനു പിന്നാലെ ദിവ്യ ഗുരുതരാവസ്ഥയിൽ എത്തിയതിന്റെ ആശങ്കയിലാണ് കുടുംബം. ദിവ്യയുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. വാക്‌സീനെ തുടർന്നുള്ള പ്രശ്‌നങ്ങളാണെന്നും ജീവൻ നിലനിർത്താൻ അടിയന്തര ഇടപെടൽ വേണമെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.

വാക്‌സിനേഷനെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആകുന്ന സംഭവങ്ങളുടെ എണ്ണം കൂടി വരികയാണ് കേരളത്തിൽ. ഇത്തരം പരാതികൾ കൂടുതൽ ഉയരുമ്പോഴും അത് വാക്‌സിനേഷനെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലിനാണ് ആരോഗ്യ വകുപ്പ് പ്രഥമ പരിഗണന കൊടുക്കുന്നത്.