മുംബൈ: മഹാരാഷ്ട്രയിൽ സഖ്യസർക്കാർ രൂപീകരിക്കാൻ എൻസിപി അജിത് പവാർ വിഭാഗവുമായി കൂട്ടുകെട്ട് ഒരുക്കിയത് അബദ്ധമായെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനം വന്നതിന് പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. ബിജെപി - എൻ സി പി നേതാക്കൾ വാക്‌പോരുമായി രംഗത്തെത്തി. അജിത് പവാറിന്റെ എൻസിപിക്കൊപ്പം തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയ ബിജെപിയെ ലേഖനത്തിൽ നിശിതമായി വിമർശിച്ചിരുന്നു. അജിത് പവാറിനെ ഒഴിവാക്കണമെന്നാവശ്യം ആർ.എസ്.എസുമായി അടുത്ത ബന്ധമുള്ള ബിജെപി.യിലെ ചില നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്ന് ഇന്ത്യാ സഖ്യം 30 സീറ്റുകൾ നേടിയിരുന്നു. എന്നാൽ ബിജെപിയും സഖ്യകക്ഷികളും 17 സീറ്റ് നേടിയപ്പോൾ എൻസിപിക്ക് ഒരെണ്ണം മാത്രമാണ് ലഭിച്ചത്. തിരിച്ചടി നേരിട്ടതോടെ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണോയെന്ന് വിലയിരുത്താൻ ബിജെപി ആഭ്യന്തര സർവേ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുമായി സഖ്യത്തിലേർപ്പെടാനുള്ള ബിജെപിയുടെ നീക്കത്തെ ഒരു മുതിർന്ന ആർഎസ്എസ് നേതാവ് ഒരു ലേഖനത്തിൽ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നതടക്കം പരിഗണിക്കുന്നത്. ശരദ് പവാർ വിരുദ്ധതയാണ് മഹാരാഷ്ട്രയിലെ ബിജെപി.യുടെ പ്രധാന രാഷ്ട്രീയം. മഹാരാഷ്ട്രാ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജലസേചന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരേയും അണികൾക്കിടയിൽ വികാരമുണ്ട്.

ലോക്സഭാതിരഞ്ഞെടുപ്പിൽ എൻ.സി.പി. സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങാൻ ആർ.എസ്.എസ്., ബിജെപി. കേഡറുകൾക്കിടയിൽ വിമുഖതയുണ്ടായിരുന്നു. ഇതിന്റെ ഫലമായാണ് 2019-ലെ 23-ൽനിന്ന് ഒൻപതിലേക്ക് ബിജെപി.യുടെ സീറ്റുനില കുത്തനെ ഇടിഞ്ഞതെന്നും ബിജെപി. നേതൃത്വം വിലയിരുത്തുന്നു.

എന്തുകൊണ്ടാണ് ബിജെപി തെറ്റായ നടപടി സ്വീകരിച്ചതെന്ന് ഈ തീരുമാനത്തിലൂടെ ബിജെപി അതിന്റെ ബ്രാൻഡ് മൂല്യം കുറച്ചവെന്നും ആർഎസ്എസ് നേതാവ് രത്തൻ ശാരദ ലേഖനത്തിൽ എഴുതി. ലേഖനത്തിന് പിന്നാലെ എൻസിപി അജിത് പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേൽ രംഗത്തെത്തി. ഓർഗനൈസറിലെ ലേഖനം ബിജെപിയുടെ ഔദ്യോഗിക നിലപാടായി കാണേണ്ടെന്നും സഖ്യത്തിൽ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ ക്രെഡിറ്റ് ആർഎസ്എസിന്റെ കഠിനാധ്വാനത്തിനാണ് നൽകുന്നതെന്നും അതുകൊണ്ടു തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തവും അവർ ഏറ്റെടുക്കണമെന്നും അല്ലാതെ അജിത് പവാറിനെ കുറ്റപ്പെടുത്തകയല്ല വേണ്ടതെന്നും എൻസിപി (അജിത് പവാർ വിഭാഗം) യുവജന വിഭാഗം നേതാവ് സൂരജ് ചവാൻ പറഞ്ഞു.

പിന്നാലെ, ബിജെപി നേതാവ് പ്രവീൺ ദാരേക്കർ സൂരജിനെതിരെ രംഗത്തെത്തി. ആർഎസ്എസ് നമുക്കെല്ലാവർക്കും ഒരു പിതാവിനെപ്പോലെയാണ്. ആർഎസ്എസിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. സംഘടനയെക്കുറിച്ച് പ്രതികരിക്കാൻ സൂരജ് ചവാൻ തിരക്കുകൂട്ടരുതായിരുന്നു. ബിജെപി അഭിപ്രായം പറഞ്ഞിട്ടില്ല. എൻഡിഎ യോഗങ്ങളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ എൻസിപി സഹമന്ത്രി സ്ഥാനം നിഷേധിച്ചതോടെയാണ് ഇരു പാർട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ ആദ്യ സൂചനകൾ പുറത്തുവന്നത്. മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തിന്റെ ഭാഗമായ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാലിൽ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ബന്ധു സുപ്രിയ സുലെയോട് പരാജയപ്പെട്ടു. അജിത് പവാറുമായുള്ള സഖ്യം തുടരണോ വേണ്ടയോ എന്ന് ബിജെപി ആലോചിക്കുന്നതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.