കോഴിക്കോട്: സർക്കാറിനോട് മൃദു സമീപനം സ്വീകരിക്കുന്നു എന്ന വിമർശനം കുറച്ചുകാലമായി തന്നെ മുസ്ലിംലീഗിനെതിരെ ഉയരുന്നുണ്ട്. മാത്രമല്ല, സമുദായ സംബന്ധിയായ വിഷയങ്ങളിൽ ഉപരി പൊതുജനപ്രശ്‌നങ്ങളിൽ സമരം ചെയ്യുന്നില്ലെന്നും ലീഗിനെതിര എപ്പോഴും ഉയരുന്ന വിമർശനമാണ്. ഈ ചീത്തപ്പേര് നീക്കാനും സിപിഎം ഇടയ്ക്കിടെ മുന്നണിയിലേക്ക് ക്ഷണിക്കുന്ന സാഹചര്യം ഒഴിവാക്കാനും ലീഗ് ശ്രമം തുടങ്ങി. ഇന്നല പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പാണക്കാട്ടെത്തി ചർച്ച നടത്തി മടങ്ങിയതിന് പിന്നാലെ ലീഗ് സർക്കാറിനെതിരെ സമരം പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരം നടത്താനാണ് ലീഗ് നീക്കം. വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചാണ് സമരം. കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ ലീഗ് ധർണ നടത്തും. ജനകീയ വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളം ബ്രാൻഡ് ചെയ്യപ്പെടുന്നത് തല്ലതുതന്നെ. പക്ഷേ മറുവശത്ത് പെൻഷൻ പോലും കൊടുക്കാൻ കഴിയുന്നില്ലെന്നാണ് ലീഗ് ഉയർത്തുന്ന വിമർശനം. സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വൻ പരാജയമാണെന്നും ലീഗ് കുറ്റപ്പെടുത്തി. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ നിലപാട് ശരിയല്ലെന്നും മുസ്ലിം ലീഗ് വിമർശിച്ചു. നികുതി വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തും പ്രശ്‌നമുണ്ട്. എന്നാലിത് സംസ്ഥാനം വേണ്ട രീതിയിൽ ഉന്നയിക്കുന്നില്ലെന്നും ലീഗ് വിമർശിക്കുന്നു.

തെറ്റിദ്ധാരണകൾ പറഞ്ഞുതീർത്ത് കോൺഗ്രസും മുസ്ലിം ലീഗും ഇന്നലെ ഐക്യകാഹളം മുഴക്കിയിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇരുകൂട്ടരും സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്തത്. പ്രശ്‌നങ്ങൾ പലതും മാധ്യമസൃഷ്ടികളാണെന്നും അതേസമയം, ഇരുപാർട്ടികളും തമ്മിലുള്ള ആശയവിനിമയം കുറച്ചുകൂടി ശക്തമാക്കേണ്ടതുണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടതായാണു വിവരം.

ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് പിന്നോട്ടുപോയിട്ടില്ലെന്ന് സുധാകരനും സതീശനും അറിയിച്ചു. സംസ്ഥാന സർക്കാരിനെതിരെ മൃദുസമീപനമില്ലെന്നും താഴേത്തട്ടു മുതൽ സമരപരിപാടികളുമായി രംഗത്തുണ്ടെന്നും ലീഗ് നേതാക്കളും വ്യക്തമാക്കി. അതേസമയം കെപിസിസി ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കെ സുധാകരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതെക്കുറിച്ച് വിശദമായ ചർച്ച നടക്കുന്നുണ്ട്.

അതേസമയം ഇടയ്ക്കിടെ സിപിഎം ലീഗിനെ അവരുടെ പരിപാടികളിലേക്ക് ക്ഷണിക്കുന്നത് അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. കോൺഗ്രസും ലീഗും തമ്മിൽ പ്രശ്‌നങ്ങളില്ല. ജില്ലയിലെ കോൺഗ്രസിനുള്ളിലും പ്രശ്‌നങ്ങളില്ല. മാധ്യമങ്ങൾ കെട്ടിപ്പൊക്കി കൊണ്ടുവരാതിരുന്നാൽ മതി. ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട വിഷയം അച്ചടക്കസമിതി ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞ