തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിച്ചു പ്രധാനമന്ത്രി രംഗത്തുവന്നതിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്തു നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

സ്വർണക്കള്ളക്കടത്തു കേസ് ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്പിക്കയറിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ ഏജൻസികളെല്ലാം വന്നതിലും വേഗം തിരിച്ചുപോയെന്നു മാത്രമല്ല, ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്‌തെന്ന് കെ. സുധാകരൻ ആരോപിച്ചു.

സ്വർണക്കടത്ത്, ഡോളർ കടത്ത്, കുഴൽപ്പണം, വിദേശനാണ്യ വിനിമയചട്ട ലംഘനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ ഒരു ഘട്ടത്തിൽ ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കേരളത്തെ കൊള്ളയടിച്ചതെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി ചൂണ്ടിക്കാട്ടി. ഇപ്പോൾ അവരെ വേട്ടയാടുന്ന തിരക്കിലാണ് ഭരണകൂടമെന്നു സുധാകരൻ പറഞ്ഞു.

ഇല്ലാത്ത കേസുകളിൽ പോലും കുടുക്കി പ്രതിപക്ഷ നേതാക്കളെ രാജ്യമാകെ മോദി ഭരണകൂടം വേട്ടയാടുകയാണ്. കേന്ദ്രസർക്കാർ ഏജൻസികളുടെ പ്രധാന ജോലി തന്നെ ഇപ്പോൾ അതാണ്. എന്നാൽ കേരള മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളും മൊഴികളും നിലനിൽക്കെയാണ് എല്ലാ കേസുകളും തേച്ചുമാച്ചത്. സ്വർണക്കടത്തു കേസ് നിർജീവമാക്കിയതിനോടൊപ്പം ലാവ്ലിൻ കേസ് 28 തവണ മാറ്റിവച്ചതും കൂട്ടിവായിക്കേണ്ടതാണ്. പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നത്.

നവകേരളയാത്രയിൽ മോദിക്കെതിരെ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ഇത്രയും ജനദ്രോഹകരമായ യാത്രയിൽ ഒരു കീറത്തുണിപോലും ഉയർത്തി പ്രതിഷേധിക്കാൻ ബിജെപി തയാറായതുമില്ല. കോൺഗ്രസ് പ്രവർത്തകർ വഴിനീളെ ആക്രമിക്കപ്പെട്ടപ്പോൾ അതു കണ്ടു രസിച്ചവരാണ് ബിജെപിക്കാർ. ബിജെപി നേതാക്കൾ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴൽപ്പണക്കേസും ഒത്തുതീർന്നതായി കെ. സുധാകരൻ പറഞ്ഞു.