കഴിഞ്ഞ 8 മാസമായി ഹമാസ് ബന്ദികളാക്കിയ നാലുപേരെ മോചിപ്പിച്ച, ഇസ്രയേലിന്റെ ചരിത്രം കുറിച്ച റെസ്‌ക്യൂ ഓപ്പറേഷന്റെ കൂടുതല്‍ വിവരങ്ങളും വീഡിയോകളും ഐഡിഎഫ് പുറത്തുവിട്ടു. ജീവന്‍ പണയംവെച്ചുള്ള കടുത്ത വെടിവെപ്പിനുശേഷമാണ്, മധ്യഗസ്സയിലെ നുസ്രിയത്ത് മേഖലയിലെ രണ്ട് വീടുകളിലായി സിവിലിയസിന് ഒപ്പം പാര്‍പ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചത്. വീടിന് ചുറ്റം കാവല്‍ നിന്ന ഹമാസ് ഭീകരരെ തുരത്തിയാണ്, ഇസ്രയേല്‍ പൊലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റായ യമാമും, സുരക്ഷാസേനമായ ഷിന്‍ ബെറ്റും ചേര്‍ന്ന് ബന്ദികളെ മോചിപ്പിച്ചത്്. ഈ വെടിവെപ്പിന്റെയും, ബന്ദികളെ തിരിച്ചറിയുന്നതിന്റെയും, അവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന്റെയുമൊക്കെ ചെറു വീഡിയോകള്‍ ഇസ്രയേല്‍ പുറുത്തുവിട്ടിട്ടുണ്ട്.

8 മാസങ്ങള്‍ക്ക് മുമ്പ്, 2023 ഒക്ടോബര്‍ ഒക്ടോബര്‍ ഏഴിന് നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളില്‍ നാലുപേരെയാണ്, യാതൊരു പോറലും കൂടാതെ ഐഡിഎഫ് മോചിപ്പിച്ചത്. ആക്രമണം നടന്ന ദിവസം സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്ത നോവ അര്‍ഗമണി (25), ആല്‍മോഗ് മെയിര്‍ ജാന്‍ (21), ആന്‍ഡ്രേയ് കോസ്ലോവ് (27), ഷലോമി സിവ് (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. വിശദമായ പരിശോധനകള്‍ക്കായി മെഡിക്കല്‍ സെന്ററിലേക്ക് ഇവരെ മാറ്റി.

തൂണിലും തുരുമ്പിലും ഹമാസ്

ഗസ്സയിലെ തൂണിലും തുരുമ്പിലും ഹമാസ് ആണെന്നാണ് രക്ഷപ്പെട്ടരുടെ മൊഴി. പൊതുവെ കരുതിയിരുന്നപോലെ, കിലോമീറ്ററുകള്‍ നീളമുള്ള ഗസ്സയിലെ ടണലുകള്‍ക്കുള്ളിലല്ല ബന്ദികളെ ഒളിപ്പിച്ചിരുന്നത്. ഗസ്സയിലെ ജനവാസകേന്ദ്രങ്ങളിലായിരുന്നു. എന്നിട്ട് ആയുധധാരികളായ ഹമാസുകാര്‍ അവിടെ രഹസ്യമായി കാവല്‍ നില്‍ക്കും. ആശുപത്രികളിലും, സ്‌കൂളിലും, അഭയാര്‍ത്ഥി ക്യാമ്പിലുമൊക്കെ ഹമാസുമുണ്ട്. അഭയാര്‍ത്ഥിക്യാമ്പുകളിലെയൊക്കെ ഒരു മുറി ഹമാസിന്റെ ആയുധപ്പുരയാണെന്ന്, ഒരു ബന്ദി പറയുന്നു. ഇടക്ക് ഒരു ദിവസം അങ്ങോട്ട് മാറ്റിയപ്പോള്‍ അയാള്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്.

അബ്ദല്ല അല്‍ജമാല്‍ ഹമാസ് പ്രവര്‍ത്തകന്റെ നുസ്രിയത്ത കുടുംബവീട്ടിലാണ് ഇവരെ ബന്ദികളാക്കിയിരുന്നത്. ഗസ്സയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹമാസിന് ഒത്താശചെയ്യുന്നുവെന്നും രക്ഷപെട്ടവര്‍ പറയുന്നുണ്ട്. ഇസ്രയേല്‍ കാടിളക്കി തിരിച്ചില്‍ നടത്തുമ്പോഴും, വീടുകളില്‍നിന്ന് വീടുകളിലേക്ക് മാറ്റി, അവരെ ഒളിപ്പിക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്. ചില വീടുകളിലും, ആശുപത്രികളിലുമൊക്കെ തുരങ്കങ്ങളിലേക്ക് ഇറങ്ങാനുള്ള ഷോട്ട്കട്ടുകളുമുണ്ട്. ഗസ്സയിലെ വീടുകളുടെ അടിയിലും ഇത്തരം തുരങ്കങ്ങള്‍ വ്യാപകമാണ്. ഇത് കണ്ടെത്താനാണ് ഗസ്സയില്‍ ആവര്‍ വ്യാപക ആക്രമണവും പരിശോധനയും നടത്തുന്നത്. പക്ഷേ നിരപരാധികളായ ഗസ്സക്കാരെ ആക്രമിക്കയാണെന്നാണ് ഇതിന് കേരളത്തിലെ മാധ്യമങ്ങള്‍ പോലും പറയുന്നത്. സത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിച്ച്, ഹമാസ് തന്നെയാണ് ഗസ്സയിലെ മരണ സംഖ്യം കൂട്ടുന്നത്. ഇസ്രയേല്‍ ആവട്ടെ അവസാനത്തെ ബന്ദിയെയും വിട്ടുകിട്ടാതെ ആക്രമണം അവസാനിപ്പിക്കില്ല എന്ന കുടുംപിടുത്തത്തിലാണ്.

സൈനികരുടെ ഹെല്‍മറ്റ് ക്യാമറ ഉപയോഗിച്ച് എടുത്ത വീഡിയോകളുടെ ഫുട്ടേജുകളാണ് ഇസ്രയേല്‍ പുറത്തുവിട്ടത്. ഓപ്പറേഷനില്‍ ഗുരുതരമായി പരിക്കേറ്റ ഒരു യമാം സൈനികന്‍ ആശുപത്രിയിലാണ്. അതേ ദിവസം ഉച്ചയോടെ, ബന്ദികളെ രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്ററില്‍ കയറി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന ആദ്യ നിമിഷങ്ങളുടെ ദൃശ്യങ്ങളും ഐഡിഎഫ് പറുത്തുവിട്ടു. ഇതില്‍ 'ആദ്യമായാണോ ഹെലികോപ്റ്ററില്‍ കയറുന്നത്' എന്ന് ചോദിച്ച് രക്ഷപ്പെട്ടവരുമായി കുശലം പറയുന്ന ഐഡിഎഫ് സൈനികരെ കാണാം. തങ്ങള്‍ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കും എന്ന ബോധ്യം നല്‍കാനാണ് ഇസ്രയേല്‍ ഈ വീഡിയോകള്‍ പുറത്തുവിടുന്നത് എന്നാണ് പറയുന്നത്.

'അറബിയും റഷ്യന്‍ ഭാഷയും പഠിച്ചു'

ഹമാസ് പിടിയില്‍നിന്ന് ഐഡിഎഫ് മോചിപ്പിച്ച ആല്‍മോഗ് മെയിര്‍ ജാന്‍ (21), തടവിലായിരിക്കെ അറബിയും റഷ്യന്‍ ഭാഷയും പഠിച്ചതായി അമ്മ ഒറിറ്റ് മെയര്‍ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി."അവന്‍ അറബിയും റഷ്യന്‍ ഭാഷയും പഠിച്ചത് ബന്ദിയായആന്‍ഡ്രി കോസ്ലോവില്‍ നിന്നാണ്. ഹമാസ് തടങ്കലില്‍ ആയിരിക്കമ്പോള്‍ അല്‍ജസീറ മാത്രമാണ് കണ്ടത്. അതിലെ ഒരു വാര്‍ത്തയില്‍ അവര്‍ തങ്ങളുടെ ഫോട്ടാകണ്ടതായി എന്റെ മകന്‍ പറഞ്ഞു"- ഷെബ മെഡിക്കല്‍ സെന്ററില്‍ മാധ്യമങ്ങളുമായി സംസാരിക്കവെ ഒറിറ്റ് പറഞ്ഞു.

"എട്ട് മാസത്തിനിടെ ഇതാദ്യമായാണ് ഞാന്‍ ഉറങ്ങുന്നത്. ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍ വിവരം വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചോദിച്ചു, 'അവന്‍ ജീവിച്ചിരിപ്പുണ്ടോ?' സുരക്ഷിതനാണെന്ന് കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഞാന്‍ ഭാഗ്യവാന്മാരില്‍ ഒരാളാണ്. എനിക്ക് എന്റെ മകനെ കിട്ടി. പക്ഷേ പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിച്ച് കാത്തിരിക്കുന്ന 120 കുടുംബങ്ങളുണ്ട് ഇവിടെ. അവരെ രക്ഷിക്കണം"- ഒറിറ്റ് പറയുന്നു.

ബന്ദികളെ സദാസമയവും വീടുകളില്‍ അടിച്ചിട്ടിരുന്നില്ല. ഇടക്ക് പുറത്തിറങ്ങാന്‍ അനുവദിക്കും. പക്ഷേ അവിടങ്ങളിലൊക്കെ ഹമാസിന്റെ വലയം ഉണ്ടാവും. നാട്ടുകാര്‍ നല്ല നിലക്ക് ഹമാസിനെ പിന്തുണക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ട ബന്ദികള്‍ പറയുന്നത്. മോചിപ്പിക്കപ്പെട്ടവരില്‍,നോവ അര്‍ഗമണി (25) എന്ന പെണ്‍കുട്ടി ചൈനീസ് വംശജയാണ്.അര്‍ഗമണിയെ ഹമാസ് ഭീകരര്‍ ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊല്ലരുതേയെന്ന് കരഞ്ഞുപറയുന്നതും വീഡിയോയില്‍ കാണാം. ഇത് അര്‍ഗമണി തന്നെയാണെന്ന് പെണ്‍കുട്ടിയുടെ അച്ഛനും സ്ഥിരീകരിച്ചിരുന്നു. അതേമസമയം ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിക്കാതെ പ്രശ്‌നം അവസാനിക്കില്ല എന്നാണ് ഇസ്രയേല്‍ പറയുന്നത്.

"ഗസ്സയില്‍ ബന്ദികളാക്കിയ 120 പേരെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ തുടരും. ഞങ്ങള്‍ നിങ്ങളിലേക്ക് എത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, നിങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നത് വരെ ഈ പ്രവര്‍ത്തനം അവസാനിക്കില്ല. ഒരു ബന്ദിയേയും രാജ്യം ഉപേക്ഷിക്കില്ല. ബന്ദികളെ വീട്ടിലേക്ക് തിരിച്ചയക്കുന്ന സുപ്രധാന പ്രവര്‍ത്തനത്തില്‍ സുരക്ഷാ സേനകള്‍ തോളോട് തോള്‍ ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കാണുന്നത് വലിയ അഭിമാനമാണ്"- ഐഡിഎഫ് വക്താവ്, അഡ്മിറല്‍ ഡാനിയല്‍ ഹെഗാരി പറയുന്നു.