തൃശൂർ: കുരുവന്നൂരിനു പിന്നാലെ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയെ പ്രതിരോധത്തിൽ ആക്കി മറ്റൊരു സഹകരണ ബാങ്ക് ക്രമക്കേട് കൂടി പുറത്തു വരുന്നു. ഇത്തവണ കുന്നംകുളം അർബൻ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നു എന്നാണ് ആരോപണം.

മുൻ മന്ത്രി എസി മൊയ്തീന്റെ വിശ്വസ്തൻ നേരിട്ടു നടത്തിയ ഇടപാടിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചു പാർട്ടി ലോക്കൽ സെക്രട്ടറിമാരും ജില്ലാ കമ്മിറ്റി അംഗവും പരാതി നൽകിയിട്ടും ജില്ല, സംസ്ഥാന നേതൃത്വങ്ങൾ രണ്ടു വർഷമായിട്ടും അനങ്ങിയില്ല. ഈ വിഷയവും ബേബി ജോൺ വിഭാഗം ചർച്ചയാക്കും. ബേബിജോണും മൊയ്തീനും തമ്മിലുള്ള ഭിന്നതയ്ക്ക് പുതുമാനം നൽകുന്നതാണ് ഈ വിവാദവും. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബാങ്കും പറയുന്നു.

നിക്ഷേപകരെ വഞ്ചിച്ച ഒരു സ്ഥാപനത്തിന്റെ ഭൂമി ഉയർന്ന വിലക്ക് വാങ്ങി എന്നതാണ് കുന്നംകുളം ബാങ്ക് നേരിടുന്ന ആരോപണം. ഈ കമ്പനിയുടെ 2018ൽ 25 ലക്ഷം തീർവില നിശ്ചയിച്ച ഭൂമിയും അതിൽ ഉള്ള പഴയ കെട്ടിടവും ആറു മാസത്തിനകം ബാങ്ക് വാങ്ങിയത് രണ്ടര കോടിക്ക് എന്നാണ് ആരോപണം. എന്നാൽ സിപിഎം ഭരിക്കുന്ന ബാങ്ക് രണ്ടര കോടിക്ക് വസ്തു വാങ്ങുമ്പോൾ ഏരിയ , ജില്ല കമ്മിറ്റികളിൽ ചർച്ച ചെയ്തില്ല. ഇത് പാർട്ടി നേതാക്കൾ ചൊടിപ്പിച്ചു.

ബാങ്കിനായി പാർട്ടി കമ്മിറ്റിയിലും ചർച്ച ചെയ്യാതെ ആണ് ഈ ഇടപാട് നടത്തിയത്. ഇതിനെതിരെ പാർട്ടി ലോക്കൽ സെക്രട്ടറിമാരും ജില്ല സെക്രട്ടേറിയേറ്റു മെമ്പറും പരാതി നൽകി എങ്കിലും നടപടികൾ ഉണ്ടായില്ല. മുൻ മന്ത്രിയുടെ വിശ്വസ്തൻ ആയിരുന്നു ഇടപാടിന്റെ ഇടനിലക്കാരൻ. മന്ത്രിയായിരുന്ന എ സി മൊയ്തീന്റെ പേരും പരാതിയിൽ പരാമർശിച്ചിരുന്നു. എന്നാൽ പരാതി നൽകിയ സെക്രട്ടേറിയറ്റ് അംഗതിനെതിരെ മൊയ്തീൻ മറ്റൊരു പരാതി നൽകുകയായിരുന്നു.

തൃശ്ശൂർ മലപ്പുറം ജില്ലകളിൽ നിന്നായി കോടികൾ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത കമ്പനി , രൂപമാറ്റം നടത്തി വന്നതായിരുന്നു പുതിയ സ്ഥാപനം. പഴയ തട്ടിപ്പ് കമ്പനി ചെയർമാന്റെ മകന്റെ ഉടമസ്ഥതയിൽ ആണ് ഈ കമ്പനി. കോടികൾ നിക്ഷേപം വാങ്ങിയ ശേഷം ആസ്തികൾ വാങ്ങിക്കൂട്ടുകയും ലാഭവിഹിതമോ മുതലോ നൽകാതെ നിക്ഷേപകരെ വഞ്ചിക്കുകയും ചെയ്തു ഈ കമ്പനി.

കമ്പനിയുടെ ചതിയിൽ പെട്ട നിക്ഷേപകർ നൽകിയ നിരവധി പരാതികളും നിലവിൽ ഉണ്ട്. കമ്പനിയുടെ ചതിയിൽ പെട്ടു സാമ്പത്തിക പ്രതിസന്ധിയിൽ ആയ ഒരു നിക്ഷേപകൻ ദുബായിൽ ആത്മഹത്യ ചെയ്തു. ഇയാളുടെ ബന്ധുക്കളും ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും ഈ കമ്പനിയെ സഹായിക്കാൻ സിപിഎം ജില്ലാ നേതൃത്വവും മുൻ മന്ത്രിയും ശ്രമിച്ചു എന്നതാണ് പാർട്ടി അംഗങ്ങളുടെ പരാതി.