കോട്ടയം: കോട്ടയം നഗരസഭ പിടിക്കാനുള്ള എൽഡിഎഫിന്റെ നീക്കം പൊളിഞ്ഞു. നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തി. അനാരോഗ്യം കാരണം ഒരു സിപിഎം അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് യു.ഡി.എഫ് വീണ്ടും ഭരണത്തിലേറിയത്. തെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്റ്റ്യൻ 22ഉം എൽ.ഡി.എഫിന്റെ അഡ്വ. ഷീജ അനിൽ 21ഉം ബിജെപിയുടെ റീബ വർക്കി എട്ട് വോട്ടുകൾ നേടി.

സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ബിൻസി സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ല രീതിയിൽ നടന്ന ഭരണത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചത്. നാടിന്റെ നന്മക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും ബിൻസി പറഞ്ഞു. സെപ്റ്റംബർ 24ന് എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യു.ഡി.എഫ് അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പുറത്തായത്.

കൗൺസിലിൽ ആകെ 52 അംഗങ്ങളുണ്ട്. യു.ഡി.എഫിനും എൽ.ഡി.എഫിനും 22 അംഗങ്ങൾ വീതവും ബിജെപിക്ക് എട്ടു പേരും. കോൺഗ്രസിലെ ചെയർപേഴ്‌സൻ -വൈസ് ചെയർമാൻ ഭിന്നതയാണ് പ്രതിപക്ഷം മുതലെടുത്ത് അവിശ്വാസ പ്രമേയത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ഗാന്ധിനഗർ സൗത്തിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേർന്നതോടെ അംഗബലം 22 ആയി. ഒടുവിൽ ടോസിലെ ഭാഗ്യം തുണക്കുകയും ബിൻസി ചെയർപേഴ്സണാവുകയുമായിരുന്നു.