തിരുവനന്തപുരം: കോൺഗ്രസിനെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോൺഗ്രസ് സർവ നാശത്തിലേക്ക് പോകുന്നുവെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു. പുതിയ ആൾക്കാർ വന്നപ്പോൾ അവർ ഒരുമിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് കോൺഗ്രസ് എന്ന് പറയുന്നത്. ഗ്രൂപ്പ് ഇല്ലാത്ത അവസ്ഥ ഒരിക്കലും കേരളത്തിൽ കോൺഗ്രസിന് ഉണ്ടാകില്ല. തെക്കനേയും പാമ്പിനേയും ഒന്നിച്ചു കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക പാമ്പിനെയല്ല, തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയനും സർക്കാരിനും ശുക്രദശയാണെന്നും വെള്ളാപ്പള്ളി പഞ്ഞു. ഗ്രൂപ്പില്ലാതെ കോൺഗ്രസില്ല. ഓരോരുത്തരും ഗ്രൂപ്പുണ്ടാക്കുന്ന സ്ഥിതിയാണിപ്പോൾ. കേന്ദ്രത്തിലിരുന്ന് കെ സി വേണുഗോപാലും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നു. കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും കോൺഗ്രസിന്റെ പ്രസക്തിയില്ലാതായി. നേതൃത്വത്തിന്റെ തകരാറാണ് ഇതിന് കാരണം.

100 ദിവസം പിന്നിട്ട പിണറായി സർക്കാരിന്റെ പ്രവർത്തനം മികച്ചതാണ്. ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. കോവിഡ് ലോകമാകെ പ്രതിസന്ധി ഉണ്ടാക്കുമ്പോൾ ഇന്ത്യയിലും കേരളത്തിലും പ്രയാസങ്ങളുണ്ട്. സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ അവരുടെ രാഷ്ട്രീയ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്. മഞ്ഞപ്പിത്തമുള്ളവർക്ക് എല്ലാം മഞ്ഞയായി തോന്നുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.