കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലെ ഇരിട്ടി ഉളിയിലിനടുത്തെ മണിപ്പാറയിൽ യുവതി ജീവനൊടുക്കിയത് ഗാർഹിക പീഡനത്തിനെ തുടർന്നാണെന്ന് ബന്ധുക്കളുടെ പരാതി. ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കുമെതിരെയാണ് പരാതി.

ഉളിക്കൽ മണിപ്പാറയിലെ തെങ്ങുംമൂട്ടിൽ ടി.ആർ. രമ്യ (29) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ സരോജിനിയാണ് വനിതാകമ്മീഷന് പരാതി നൽകിയത്. ഭർത്താവ് രാജേഷും മാതാപിതാക്കളും ചേർന്ന് രമ്യയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞമാസം 29നാണ് രമ്യയെ മണിപ്പാറയിലുള്ള ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. രാജേഷിന്റെ ബന്ധുവാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് സരോജിനി പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് രമ്യയുടെ മൃതദേഹമാണ്.

മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് സരോജിനി ഇരിട്ടി ഡിവൈഎസ്‌പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രമ്യയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ രമ്യ തൂങ്ങിയെന്ന് പറയുന്ന മുറിയും പരിസരവും പൊലീസ് പരിശോധിച്ചിരുന്നു.

രമ്യയുടേത് തൂങ്ങിമരണമാണെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്നാണ് പൊലിസ് നൽകുന്ന വിവരം എന്നാൽ രമ്യ ജീവനൊടുക്കാൻ കാരണമായത് ഭർതൃവീട്ടിലെ പീഡനമാണെന്നും ആത്മഹത്യാ പ്രേരണാകുറ്റത്തിന് ഇവർക്കെതിരെ കേസെടുക്കണമെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.