തിരുവനന്തപുരം: ആലപ്പുഴയിൽ ബിജെപിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും കൊല്ലപ്പെട്ട സംഭവത്തിൽ ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇന്റലിജൻസ് വീഴ്‌ച്ച ഉണ്ടായെന്ന ആക്ഷേപം ശക്തമാകുമ്പോൾ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തുവന്നു.

കേരളത്തിൽ രാഷ്ട്രീയപാർട്ടികളെയും, മതത്തെയും മുന്നിൽ നിർത്തി കൊലപാതകസംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും കണക്കുതീർത്ത് അഴിഞ്ഞാടുകയാണെന്നും ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള പൊലീസ് സംവിധാനങ്ങൾ അങ്ങേയറ്റം പരാജയമാണെന്നുമാണ് സുധാകരൻ പറയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.

ഇത്രയും കഴിവുകെട്ട ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ ചോരയിൽ മുക്കാനുള്ള ഉപകരണം മാത്രമായാണ് കേരളത്തിലെ പൊലീസ് സംവിധാനത്തെ ഭരണകൂടം ഉപയോഗിക്കുന്നതെന്നും സുധാകരൻ പോസ്റ്റിൽ പറഞ്ഞു.

''സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമാധാനപരമായി തെരുവിൽ സമരം ചെയ്യുന്നവരെ ചോരയിൽ മുക്കാനുള്ള ഉപകരണം മാത്രമായാണ് കേരളത്തിലെ പൊലീസ് സംവിധാനത്തെ ഭരണകൂടം ഉപയോഗിക്കുന്നത്. ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല,'' സുധാകരൻ പറയുന്നു. ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല,'' സുധാകരൻ പറയുന്നു.

കേരളത്തിലെ ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം കൊലപാതകപരമ്പരകൾക്ക് അവസാനം വേണം. ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വത്തിൽ നിന്ന് ഉണരണം. കൊടി സുനിയുടെയും, കിർമാണി മനോജിന്റെയും നേതാവിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഭരണനിപുണതയും മിടുക്കുമുള്ള ആരെയെങ്കിലും പൊലീസിന്റെ ഭരണം ഏൽപ്പിക്കണമെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള വിമർശനത്തിൽ സുധാകരൻ കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ ബിജെപിയുടെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ഇന്ന് പുലർച്ചെയാണ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിറങ്ങിയ രഞ്ജിത്തിനെ വീടിന് മുന്നിലിട്ട് ഒരുസംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആലപ്പുഴ നഗരത്തിന് സമീപം സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്തായിരുന്നു സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബിജെപി ആരോപിച്ചു.കഴിഞ്ഞദിവസം രാത്രി എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജംഗ്ഷനിൽ വച്ചായിരുന്നു ഷാനിന് വെട്ടേറ്റത്.

വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാന്റെ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇദ്ദേഹത്തെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം. അതേസമയം ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബിജെപി നേതാക്കളുടെ കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത്. എ.ഡി.ജി.പി (ക്രമസമാധാനപാലനം) അന്വേഷണത്തിന് നേതൃത്വം നൽകും. എ.ഡി.ജി.പി (ക്രമസമാധാനപാലനം), ഐ.ജി (സൗത്ത് സോൺ) അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

ആലപ്പുഴ ജില്ലയിലേക്ക് കൂടുതൽ പൊലീസ് സേനയെ അയച്ചിട്ടുണ്ട്. ആദ്യ കൊലപാതകത്തിന് പിന്നാലെ പൊലീസ് പെട്രോളിങ് ശക്തമാക്കിയിരുന്നു. ആലപ്പുഴ സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. അക്രമസംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി മാധ്യമങ്ങളോട് വ്യക്തമാക്കി.