തിരുവനന്തപുരം: ഒരു വർഷം മുമ്പ് ശ്രീകാര്യത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സുധീഷ് കെആറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്. രണ്ട് സ്ത്രീകളാണ് മരണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ അനിത എസ് നായർ ശ്രീകാര്യം പൊലീസിന് പരാതി നൽകി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ശ്രീകാര്യം ചിത്രവിളയിലെ മരങ്കോട്ട് ഇല്ലം വീടിന്റെ മുകളിലത്തെ നിലയിൽ സുധീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച ശ്രീകാര്യം പൊലീസ് മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ആത്മഹത്യയുടെ കാരണം ചൂണ്ടിക്കാട്ടി ഭാര്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്.

സുധീഷിന്റെ ബിസിനസ് പങ്കാളി അടക്കം രണ്ട് സ്ത്രീകൾ ചേർന്ന് പത്ത് ലക്ഷത്തോളം രൂപ കബളിപ്പിച്ച് കൈവശപ്പെടുത്തുകയും, പണം തിരികെ ചോദിച്ചപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സുധീഷ് ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്ന് അദ്ദേഹത്തെ വിളിച്ചുവരുത്തി ഗുണ്ടകളെ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ഫോണും പേഴ്സും തട്ടിയെടുക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്ന ദിവസവും ഒരാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ അനിത ആരോപിക്കുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശരീരത്തിന്റെ പല ഭാഗത്തും അസാധാരണമായ മുറിവുകൾ ഉള്ളതായി സൂചിപ്പിച്ചിട്ടുള്ളതായി അനിത പറയുന്നു. ഭർത്താവ് താമസിച്ചിരുന്ന വീട്ടിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ കണാതായെന്നും അനിത മരണദിവസം വീട്ടിൽ നിന്നും സുധീഷിന്റേതല്ലാത്ത മൊബൈൽ പൗച്ച് കണ്ടെത്തിയതായും അനിത ചൂണ്ടിക്കാട്ടുന്നു. മരണവിവരം പുറത്തറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ ദൂരസ്ഥലങ്ങളിലുള്ളവർക്ക് വിവരം ലഭിച്ചതിന് പിന്നിലും അനിത ദുരൂഹത ആരോപിക്കുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും അയൽവാസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പരാതി നൽകുന്നത്. ഭർത്താവിന്റെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി മരണസമയത്ത് തന്നെ അനിത പരാതി നൽകിയിരുന്നു. എന്നാൽ അതിൽ യാതൊരു തുടർനടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് അവർ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്. ഈ പ്രതികളെ നിയമനടപടിക്ക് വിധേയമാക്കണമെന്നും പണം തിരികെ വാങ്ങിത്തരാൻ പൊലീസ് ഇടപെടണമെന്നും പരാതിയിൽ അനിത ആവശ്യപ്പെടുന്നു.

ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് സാമ്പത്തിക ബാധ്യതകളെ പറ്റിയും ഈ തട്ടിപ്പിനെ പറ്റിയും താൻ അറിയുന്നതെന്ന് അനിത പറയുന്നു. അനിതയുടെ പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.