പാലക്കാട്: പതിനഞ്ചുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മണ്ണാർക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ജോർജ്ജ് വർഗ്ഗീസ് പീഡനം നടത്തിയത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി ചൂഷണം നടത്തുകയും പിന്നീട് ഇക്കാര്യം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു ചൂഷണം തുടരുകയുമായിരുന്നു.

മൂന്ന് മാസം മുൻപാണ് ഇയാൾ പെൺകുട്ടിയോട് അതിക്രമം കാട്ടിയത്. ഈ സംഭവത്തോടു കൂടി ഏറെ മാനസിക സമ്മർദ്ദത്തിലായ കുട്ടി വിഷാദത്തിലേക്ക് വഴിമാറി. ഊർജ്ജസ്വലയായ പെൺകുട്ടി വളരെ പെട്ടെന്ന് ആരോടും മിണ്ടാതെയായി. ഇത് ശ്രദ്ധിച്ച മാതാപിതാക്കൾ എന്താണ് കാരണമെന്ന് ചോദിച്ചെങ്കിൽ ഒന്നും വ്യക്തമായി പറഞ്ഞില്ല. ഇതോടെ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയുന്നത്.

ഉടൻ തന്നെ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് മണ്ണാർക്കാട് പൊലീസ് കേസെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കുട്ടിയെ വൈദ്യ പരിശോധന നടത്തിയ റിപ്പോർട്ടുകളും മറ്റും കാണിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മറ്റാരെയെങ്കിലും ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടികൾക്കെതിരെയുള്ള അതിക്രമം അടുത്തിടെയായി വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ പലരും പരാതി നൽകാത്തത് മിക്ക കുറ്റവാളികളും രക്ഷപെടാൻ സഹായിക്കുന്നുണ്ട്. പരാതി പെടാതിരിക്കുന്നതിന്റെ കാരണം പരാതിക്കാരെ തിരിച്ചറിയുമോ എന്നുള്ളതാണ്. എന്നാൽ പോക്സോ വകുപ്പ് പ്രാരം കേസ് കൊടുത്താൽ ഒരുകാരണവശാലും പരാതിക്കാരുടെ വിവരം പുറത്തറിയില്ല.

ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012-ൽ കൊണ്ടുവന്ന നിയമം ആണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്, 2012 ( POCSO Act). ഈ നിയമം ഉപയോഗിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് നിയമപരമായ പരിഹാരം തേടാവുന്നതാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്ക് തരംതിരിച്ചുള്ള നടപടിക്രമങ്ങളും ശിക്ഷയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും കൂടി വേണ്ടിയാണ് പോക്സോ നിയമം.

നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കൾ നിർമ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഈ നിയമം സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്.

ഇന്ത്യയിലെ നിയമവ്യവസ്ഥ പൂർണവളർച്ചയുടെ പ്രായമായി കണക്കാക്കുന്ന 18 വയസിന് താഴെ പ്രായമുള്ള ഏതൊരാളും നിയമത്തിന് മുന്നിൽ കുട്ടിയാണ്. പോക്സോ നിയമപ്രകാരം കുറ്റകരമായ ഒരു പ്രവൃത്തി നടന്നതായി അറിവുള്ള ഏതൊരാൾക്കും അത് റിപ്പോർട്ട് ചെയ്യാവുന്നതാണ്. രക്ഷിതാക്കൾ, ഡോക്ടർ, സ്‌കൂൾ അധികൃതർ തുടങ്ങി ആർക്കും കേസ് ഫയൽ ചെയ്യാം. അല്ലെങ്കിൽ കുട്ടിക്ക് സ്വന്തമായും ചെയ്യാവുന്നതാണ്.

നിയമപ്രകാരം കുറ്റകരമായ ഒരു പ്രവൃത്തി നടന്നു കഴിഞ്ഞെന്നോ നടക്കാൻ പോകുന്നുവെന്നോ അറിവുള്ളയാൾ ഈ വിവരം സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിനെയോ ലോക്കൽ പൊലീസിനെയോ അറിയിക്കുകയാണ് വേണ്ടത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ സമയപരിധിയൊന്നും പോക്സോ നിയമം നിഷ്‌കർഷിക്കുന്നില്ല. കുട്ടിയായിരുന്ന സമയത്ത് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഏത് പ്രായത്തിൽ വേണമെങ്കിലും ഒരാൾക്ക് പരാതി നൽകാവുന്നതാണ്.